തൃശൂർ: വിദ്യാർത്ഥികളിൽ പത്രവായനയോടുള്ള അഭിരുചി വർദ്ധിപ്പിക്കാൻ കേരളകൗമുദി നടപ്പിലാക്കുന്ന എന്റെ കൗമുദി പദ്ധതി മാതൃകയാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാനുമായ പത്മശ്രീ സി.കെ. മേനോൻ പറഞ്ഞു. എന്റെ കൗമുദി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്ഷരവിളക്ക് കെടാതെ അറിവിന്റെയും വിജ്ഞാനത്തിന്റെയും വാഹകരായി മലയാള പത്രലോകത്ത് കേരളകൗമുദി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മികവിന്റെ കേന്ദ്രങ്ങളായി സർക്കാർ സ്‌കൂളുകൾ മാറുന്ന കാഴ്ചയാണ് ഇന്ന്. ഞാനും പഠിച്ചത് ഒരു പൊതുവിദ്യാലയത്തിലാണ്. ഇന്ന് പതിനായിരത്തിലേറെ ജീവനക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടെ ഉടമയായി മാറാനുള്ള ആദ്യപാഠം പഠിച്ചത് തൃശൂരിലെ ഒരു പൊതുവിദ്യാലയത്തിൽ നിന്നാണ്. മികച്ച അദ്ധ്യാപകരും ക്‌ളാസ് റൂമും ഉണ്ടെങ്കിൽ വിദ്യാർത്ഥികൾ താനെ കടന്നുവരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ മികവിനായി ഏതുതലത്തിലും ഇടപെടാൻ സന്നദ്ധനാണെന്ന് സി.കെ. മേനോൻ പറഞ്ഞു. സി.കെ. മേനോനിൽ നിന്ന് കേരളകൗമുദി പത്രം വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. സ്‌കൂൾ പ്രിൻസിപ്പൽ കെ.എസ്. ഭരതരാജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഐ. ലളിതാംബിക, സ്‌കൂൾ ഹെഡ്മിസ്ട്രസ് സുജയകുമാരി, പി.ടി.എ. പ്രസിഡന്റ് സിന്ധു മണികണ്ഠൻ, കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ പങ്കെടുത്തു. കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭുവാര്യർ സ്വാഗതവും ഡെസ്‌ക് ചീഫ് സി.ജി. സുനിൽ കുമാർ നന്ദിയും പറഞ്ഞു. സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലർ ഐ. ലളിതാംബിക, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവരുമായി ചർച്ച നടത്തുകയും വിശദമായി റിപ്പോർട്ട് തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഓണസമ്മാനമായി പാർക്കർ പേനയും മിഠായിയും സമ്മാനിച്ചാണ് സി.കെ മേനോൻ മടങ്ങിയത്..