തൃശൂർ: സ്വകാര്യ ബസ് സർവീസ് ഒരു സ്വകാര്യ സംരംഭമല്ലെന്നും പൊതുജന സേവനം കൂടിയാണെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ 32ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് റോഡുകളുടെ വികസനം ആവശ്യമാണ്. സ്വയം സംരംഭകരായ സ്വകാര്യ ബസുടമകളെ ശക്തിപ്പെടുത്തേണ്ടതും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്‌ളസ്ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ടി.എൻ പ്രതാപൻ എം.പി. പുരസ്‌കാരങ്ങൾ നൽകി. അസോസിയേഷന്റെ രണ്ടാംനില പണി പൂർത്തീകരിച്ചതിന്റെ താക്കോൽദാനവും ഉദ്ഘാടനവും പ്രവാസി വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ അഡ്വ. സി.കെ. മേനോൻ നിർവഹിച്ചു. ബസുടമകൾക്കുള്ള ഇന്റസെന്റീവ് വിതരണം ബി.പി.സി.എൽ സംസ്ഥാന ഹെഡ് വെങ്കിച്ചരാമൻ പി. അയ്യർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ്, ടി.എ. ബാലാജി, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, കെ.കെ. സേതുമാധവൻ എന്നിവർ സംസാരിച്ചു.