തൃശൂർ: കൗൺസിൽ എടുക്കാത്ത തീരുമാനം എടുത്തതായുള്ള മേയറുടെ പത്രപ്രസ്താവനയിൽ ആരോപണ വിധേയയായ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു മറുപടി പറയാൻ ശ്രമിച്ചത് ഭരണപക്ഷം തടസപ്പെടുത്തിയതോടെ കൗൺസിലിൽ ബഹളം. വ്യാപാരം നടത്തുന്നതിനുള്ള ലൈസൻസ് ഫീ വർദ്ധിപ്പിച്ച വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ കൗൺസിൽ തീരുമാനിച്ചതായും ഫീസ് വർദ്ധന പരിഗണിക്കാൻ കമ്മിറ്റി രൂപീകരിച്ചതായുമുള്ള മേയറുടെ പത്രക്കുറിപ്പിനെ ചൊല്ലിയായിരുന്നു തർക്കം.
പ്ലാസ്റ്റിക് നിരോധന വിഷയം ചർച്ച ചെയ്യുന്നതിനിടെ സുബി ബാബു ഇതവതരിപ്പിക്കാൻ ശ്രമിച്ചത് ഭരണകക്ഷിയംഗങ്ങൾ എതിർത്തു. ഭരണപക്ഷം ഗുണ്ടായിസം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചതോടെ വർഗീസ് കണ്ടംകുളത്തി അടക്കമുള്ളവർ സുബി ബാബുവിനെ സംസാരിക്കാൻ അനുവദിക്കാതെ എഴുന്നേറ്റു നിന്ന് ബഹളം വച്ചു. ഇതോടെ കുറച്ചു നേരം കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. തനിക്കെതിരെ ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ അനുവദിക്കാത്തതിലും, കള്ള മിനിറ്റ്‌സ് എഴുതിയതിലും പ്രതിഷേധിച്ച് പ്രതിപക്ഷ വനിത കൗൺസിലർമാർ സൂബി ബാബുവിനൊപ്പം നടുത്തളത്തിലിറങ്ങി യോഗം കഴിയുന്നതുവരെ കുത്തിയിരുന്നു.