തൃശൂർ: ഈ കാലഘട്ടത്തിൽ സ്വതന്ത്ര ചിന്ത എന്ന ആശയം ഏറെ ആവേശം ഉണർത്തുന്നതാണെന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചിന്തകർ എന്ന പേരിൽ ഒരു കൂട്ടം യുവാക്കൾ സംഘടിപ്പിച്ച സ്വതന്ത്ര ചിന്തകരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക വിഭാഗത്തിന്റെ താത്പര്യമനുസരിച്ച് ചിന്തിക്കണമെന്ന നയം അടിച്ചേൽപ്പിക്കപ്പെടുന്ന കെട്ടകാലത്താണ് നാം ജീവിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്കൊപ്പം താൻ ഉണ്ടാകും. എഴുത്തുകളിൽ ആ നിലപാട് കൊണ്ടുവരും.
പൊതുവേദിയിൽ അല്ലാത്തപ്പോഴും മറ്റുള്ളവർക്ക് വേദി ഒരുക്കുമ്പോഴും നിശബ്ദതയിൽ താൻ സന്തുഷ്ടനാണ്. എന്റെ നിശബ്ദത മറ്റാരെയും ബാധിക്കില്ല. ഇതാണ് പലപ്പോഴും നിശബ്ദനാകാൻ കാരണം. സംസാരിക്കേണ്ട വേദിയിൽ ഭയമില്ലാതെ ശബ്ദിക്കാറുണ്ട്. എന്നാൽ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ ശക്തനല്ല. കോയമ്പത്തൂരിൽ, പഠിച്ചിരുന്ന കോളേജിൽ ചിന്തകരുടെ അസോസിയേഷൻ രൂപീകരിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിശീലന കളരിയായിരുന്നു അത്. എന്റെ ആശയങ്ങൾ എല്ലാവരും പൂർണമായും അംഗീകരിക്കണമെന്ന് പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. എന്നാൽ അർഹമായ ശ്രദ്ധ കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടി.ഡി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. അദ്ദേഹത്തെ പെരുമാൾ മുരുകൻ ആദരിച്ചു. മതവും സ്ത്രീയും എന്ന വിഷയത്തിൽ എം.എൻ. കാരശ്ശേരി സംസാരിച്ചു. ഇ.എ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.