കയ്പ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നി സെന്ററിന് വടക്കുഭാഗത്ത് റോഡിൽ അറവുമാലിന്യം തള്ളി. അറവു മൃഗത്തിന്റെ തല, എല്ലുകൾ, കുടൽ തുടങ്ങിയവ ചാക്കിലാക്കിയാണ് തള്ളിയത്. രാവിലെ ആറ് മണിക്കാണ് ഓട്ടോ തൊഴിലാളികളും ആക്ട്സ് പ്രവർത്തകരും മാലിന്യം കണ്ടത്. മാലിന്യം റോഡിൽ കിടക്കുന്നത് മൂലം വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടായി. മാലിന്യത്തിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി മറ്റു ഭാഗത്തേക്കും മാലിന്യം നീങ്ങിയിരുന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും വമിച്ചിരുന്നു. ഗതാഗതം തടസമാവാതിരിക്കാൻ ആക്ട്‌സ് പ്രവർത്തകർ വാഹനങ്ങൾ നിയന്ത്രിച്ചാണ് വിട്ടിരുന്നത്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെത്തി മാലിന്യം നീക്കം ചെയ്തു. മാലിന്യങ്ങൾ റോഡിൽ തള്ളിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.