rasiptu

പുതുക്കാട്: മാട്ടുമലയിൽ പ്രവർത്തിക്കുന്ന അനധികൃത മാംസ സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആഴ്ചകൾ പഴക്കമുള്ള അഴുകിയ നിലയിലുള്ള 300 കിലോയോളം മാംസം അധികൃതർ കുഴിച്ചുമൂടി. മാംസം സൂക്ഷിച്ചിരുന്ന കെട്ടിടം പഞ്ചായത്ത് അധികൃതർ പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന്റെ ഉടമ കൂത്താട്ടുകുളം പീച്ചിയിൽ വീട്ടിൽ സനിൽ ജോർജിന്റെ (56) പേരിൽ പൊലീസ് കേസെടുത്തു. പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൽ കൂത്താട്ടുകുളം വട്ടപ്പിള്ളി തടത്തിൽ രമേഷ് (39), പെരുമ്പാവൂർ കളിച്ചാട്ടുപാറ തോപ്പിൽപടി വിനോദ് (38) എന്നീ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ കശാപ്പുശാലയിൽ കഴിഞ്ഞ മേയ് 31ന് കശാപ്പു ചെയ്ത 39 അടുകളുടെ മാംസമാണ് സൂക്ഷിച്ചിരുന്നതെന്ന് സ്ഥാപിക്കാനായി രസീത് ഉടമ കാണിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എറെ നാളായി പ്രവർത്തിക്കുന്ന സ്ഥാപത്തിൽ നിന്ന് പെട്ടിഓട്ടോയിൽ ദുർഗന്ധം വമിക്കുന്ന മാംസം കൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് അംഗം, രാജു തളിയപറമ്പിൽ നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മാംസം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു.

മാംസം സൂക്ഷിക്കുന്നത് പ്രവർത്തിക്കാത്ത ഫ്രീസറിൽ ഐസിട്ടാണ്. പ്രളയത്തിൽ ഫാമിൽ വെള്ളം കയറി ചത്ത ആടുകളുടെ മാംസമാണ് സൂക്ഷിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്. പാലക്കാടു നിന്നും ഇടുക്കിയിൽ നിന്നുമാണ് ഇവിടേക്ക് പതിവായി മാംസം കൊണ്ടുവരുന്നത്. ആട്ടിൻ മാംസം എന്നാണ് പറയുന്നതെങ്കിലും എല്ലാം ആടല്ലെന്ന് പരിസരവാസികളിലൊരാൾ പറഞ്ഞു. ഈ മാംസം ചെറിയ കഷണങ്ങളാക്കി ജില്ലയിലെയും എറണാകുളത്തെയും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും എത്തിച്ചു കൊടുക്കും. വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതൽ മാംസം കൊണ്ടു പോകുന്നത്. മാംസം കൊണ്ടുവരുന്നത് രാത്രിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, അംഗങ്ങളായ രാജു തളിയപറമ്പിൽ, സുജിത്ത് കോമത്തുകാട്ടിൽ, തോബി തോട്ടാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജു കാളിയേങ്ങര, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

അഭ്യസ്ഥ വിദ്യരായ പട്ടികജാതി വനിതകൾ ചേർന്ന് രൂപീകരിച്ച ഒരു സ്വയം സഹായ സംഘത്തിന് ചെരുപ്പ് നിർമാണത്തിനായാണ് ഈ ഷെഡ് നിർമ്മിച്ചത്. നഷ്ടത്തിലായതോടെ ചെരുപ്പ് നിർമ്മാണം അവസാനിച്ചു. കുറെക്കാലം അംഗനവാടിയായി. പിന്നീടാണ് സിനിൽ വസ്തു വാങ്ങിയത്. മോഹവില നൽകിയെങ്കിലും തീറെടുത്തിട്ടില്ല. ചില നിയമപ്രശ്‌നങ്ങൾ മൂലമാണ് സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നീണ്ടു പോയതെന്ന് പറയുന്നു.