ലോക നാളികേര ദിനാഘോഷം സെപ്തംബർ രണ്ടിന്
തൃശൂർ: നാളികേരാധിഷ്ഠിത വ്യവസായ ഉന്നമനത്തിന് കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 24.732 കോടിയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ലോക നാളികേര ദിനമായ സെപ്തംബർ രണ്ടിന് കാർഷിക സർവകലാശാലയിൽ തുടക്കമാകുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളികേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാന പദ്ധതിയുടെ ആരംഭവും ലോക നാളികേര ദിനാചരണവും വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല സെൻട്രൽ ആഡിറ്റോറിയത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 10 വർഷം കൊണ്ട് നാളികേര ഉൽപാദനത്തിലും നാളികേരാധിഷ്ഠിത വ്യാവസായിക വളർച്ചയിലും വിപ്ലവകരമായ മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാളികേര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികൾ ഈ വർഷം ആരംഭിക്കും. നാളികേരാധിഷ്ഠിത വ്യവസായ വികസനത്തിലെ സുപ്രധാന ചുവടുവയ്പ്പാണിത്. നീര, നാളികേരാധിഷ്ഠിത ഭക്ഷ്യവസ്തുക്കൾ, തെങ്ങിൻതടി മുതലായ വസ്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള വ്യവസായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൂന്ന് വർഷം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക. സർവകലാശാലയുടെ ഏഴ് കേന്ദ്രങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പത്രസമ്മേളനത്തിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവും പങ്കെടുത്തു.