തൃശൂർ: ഭൂമി തരം മാറ്റലിനുള്ള അപേക്ഷകൾ ആർ.ഡി.ഒ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് തീർപ്പാക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. സർക്കാർ ഫയലുകൾ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അദാലത്ത് നടത്തുന്നത് പരിഗണിക്കണമെന്ന് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. കാപ്പിരിക്കാട് കൊടുങ്ങല്ലൂർ ദേശീയപാത 17 അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്ന് മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു. ജില്ലയിലെ ഡാമുകളുടെ കാര്യത്തിൽ ജാഗ്രത തുടരണമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. നിലവിൽ പീച്ചി, വാഴാനി ഡാമുകളാണ് തുറന്നിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകൾ പുതുക്കിയ മാനദണ്ഡ പ്രകാരം സ്വീകരിച്ചാൽ മതിയെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിലെ വ്യവസ്ഥകൾ പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള പ്രായോഗിക തടസം യോഗത്തിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ചൂണ്ടിക്കാട്ടി. വ്യവസ്ഥകൾ ലഘൂകരിച്ച് ഉത്തരവ് ഇറങ്ങുമെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. അഴീക്കോട് മുനമ്പം ജങ്കാർ സർവീസ് പുനരാരംഭിക്കാൻ ബൊള്ളാർഡ് പോൾ സ്ഥാപിക്കാൻ റീടെൻഡർ നടത്തിയിട്ടും ആരും പങ്കെടുക്കാത്തതിനാൽ പ്രവൃത്തിയിൽ നിന്ന് ഒഴിവാകുന്നതിനും ജില്ലാ പഞ്ചായത്ത് നൽകിയ തുക തിരിച്ചെടുക്കുന്നതിനും അനുമതി ആവശ്യപ്പെട്ട് ഹാർബർ എൻജിനീയറിംഗ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അപേക്ഷ നൽകിയതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം സർവീസ് തുടർന്നുകൊണ്ടുപോവാൻ ജില്ലാ പഞ്ചായത്തിന് സാധിക്കാത്ത അവസ്ഥയാണ്. ജങ്കാർ സർവീസ് മറ്റേതെങ്കിലും സർക്കാർ ഏജൻസിക്ക് കൈമാറുന്നത് ആലോചിക്കാൻ അടിയന്തരയോഗം വിളിച്ചുചേർക്കാൻ ജില്ലാ പഞ്ചായത്ത് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.