കൊടുങ്ങല്ലൂർ: നഗരസഭയ്ക്ക് ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള നടപടികൾക്ക് കൊടുങ്ങല്ലൂർ നഗരസഭയിൽ തുടക്കം കുറിച്ചു. ഇതിനുള്ള പ്രാഥമിക നടപടിയായി കിലയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കും കൗൺസിലർമാർക്കുമുള്ള പരിശീലനം നടന്നു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പരിശീലന ക്‌ളാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എൻ രാമദാസ്, സി.കെ രാമനാഥൻ, പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ടി.കെ സുജിത് എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം നഗരസഭയിൽ ലഭ്യമാക്കുക എന്നതിനൊപ്പം നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ നഗരസഭകൾ ആദ്യമായിട്ടാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. മൂന്ന് മാസത്തിനകം ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.