ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി

മന്ത്രിയും സംഘവും കുതിരാൻ സന്ദർശിച്ചു

തൃശൂർ: കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി കുതിരാൻ ദേശീയ പാതയിലെ കുഴികളടയ്ക്കാതെ തൃശൂർ ജില്ല വിട്ടുപോകരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം. 48 മണിക്കൂറിനുള്ളിൽ കുഴിയടക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് എൻ.എച്ച്.എ ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി വി.എസ് സുനിൽ കുമാറും അറിയിച്ചു.
കുഴിയടക്കൽ പ്രവൃത്തി ആരംഭിക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥരായ ആശിഷ് ദ്വിവേദി, പി. നരസിംഹ റെഡ്ഡി, പി.കെ സുരേഷ് എന്നിവർ
ജില്ല വിട്ട് പോകാൻ പാടില്ലെന്നാണ് നിർദ്ദേശം. കോൾഡ് മിക്‌സ്ചർ ഉപയോഗിച്ചാവണം കുഴിയടക്കേണ്ടത്. ക്വാറി വേസ്റ്റ് പാടില്ല. ആഴമുള്ള കുഴികളുണ്ടെങ്കിൽ ക്വാറി വേസ്റ്റ് ഇട്ട ശേഷം കോൾഡ് മിക്‌സ്ചർ ഉപയോഗിക്കണം.
മണ്ണുത്തി കുതിരാൻ ദേശീയപാതയിലെ ഗതാഗതകുരുക്ക് അടിയന്തരമായി പരിഹരിക്കുകയാണ് ലക്ഷ്യം. യോഗതീരുമാനങ്ങൾ സംബന്ധിച്ച് എൻ.എച്ച്.എ പ്രതിനിധികളുമായി സമ്മത പത്രം ഒപ്പുവെച്ചതായും അടിയന്തര യോഗതീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ കർശന നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ടി.എൻ പ്രതാപൻ എം.പി, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തുരങ്കം തുറക്കൽ: വാർത്ത തെറ്റിദ്ധാരണജനകം

കുതിരാൻ തുരങ്കം തുറന്ന് നൽകാമെന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും ബ്ലോവർ, ഫയർ ആൻഡ് സേഫ്റ്റി അനുമതി തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ തുരങ്കത്തിനില്ലെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തുരങ്കം തുറന്ന് നൽകുന്നതിന് ഇനിയും നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ബ്ലോവർ പ്രവർത്തിക്കാത്തതിനാൽ വാഹനങ്ങൾ പോകുമ്പോൾ കാർബൺ മോണോക്‌സൈഡ് വാതകം തുരങ്കത്തിൽ നിറഞ്ഞ് അപകടകാരിയാവും. ഇളകി നിൽക്കുന്ന മണ്ണ് നീക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ തുരങ്കം തുറക്കാൻ കഴിയില്ല. റോഡിലെ കുഴികളടച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് യോഗം പ്രാധാന്യം നൽകിയതെന്നും മന്ത്രി അറിയിച്ചു.
കുതിരാൻ സന്ദർശിച്ച ശേഷം രാമനിലയം ഗസ്റ്റ് ഹൗസിലായിരുന്നു പ്രത്യേക യോഗം. കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ, ടി.എൻ പ്രതാപൻ എം.പി, ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, എൻ.എച്ച്.എ ആർ.ഒ ആശിഷ് ദ്വിവേദി, കരാർ കമ്പനിയായ കെ.എം.സി പ്രതിനിധി നിരഞ്ജൻ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, എൻ.എച്ച് അതോറിറ്റി റീജ്യണൽ ഓഫീസർ കേണൽ ആശിഷ് ദ്വിവേദി, സീനിയർ പ്രൊജക്ട് മാനേജർ പി. നരസിംഹ റെഡ്ഡി, പ്രൊജക്ട് ഡയറക്ടർ പി.കെ. സുരേഷ് എന്നിവർ പങ്കെടുത്ത യോഗത്തെ തുടർന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ്.