കൊടുങ്ങല്ലൂർ: കാലിത്തീറ്റ ഉത്പാദന രംഗത്തെ കമ്പനികൾ അടിക്കടി വില വർദ്ധിപ്പിച്ച് ക്ഷീര കർഷകരെ കൊള്ളയടിക്കുന്നത് തുടരുന്നു. ഒറ്റയടിക്ക് അമ്പത് രൂപയാണ് ഇപ്രാവശ്യം വർദ്ധിപ്പിച്ചത്. പാൽ വിലയിൽ ഉണ്ടായ നാമമാത്രമായ വില വർദ്ധനവിൽ ആശ്വാസം കണ്ടെത്തിയിരുന്ന ക്ഷീര കർഷകർക്ക് ഇരുട്ടടി സമ്മാനിച്ചാണ് വിലക്കയറ്റം. കാലിത്തീറ്റ കമ്പനികൾ കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ അഞ്ചാം തവണയാണ് വില വർദ്ധിപ്പിച്ചത്. പാൽ വിലയിൽ ഉണ്ടായ വില വർദ്ധനവിന്റെ ഗുണം കർഷകരിൽ നിന്നും തട്ടിയെടുക്കുന്ന കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. നിരവധി ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ ഭരണസമിതികൾ വിലവർദ്ധനവിന് എതിരെ പ്രതിഷേധമുയർത്തിയിട്ടും ഇത് നിയന്ത്രിക്കാൻ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. പ്രളയദുരിതം ക്ഷീരകർഷകർക്ക് കനത്ത നഷ്ടമാണ് വരുത്തി വെച്ചത്. അതിൽ നിന്നും കരകയറാൻ പാടുപെട്ടു കൊണ്ടിരിക്കെയാണ് അന്യായമായ വില വർദ്ധനവ്.
............
പശുക്കളെ ഓരോന്നായി വിറ്റൊഴിച്ചാലോ എന്ന ചിന്തയാണിപ്പോൾ. അടിക്കടിയുള്ള കാലിത്തീറ്റ വർദ്ധനവ് പകൽക്കൊള്ളയാണ്. പശു വളർത്തൽ ഒരു വരുമാന മാർഗ്ഗമെന്നതിലുപരി, ഒരു പാരമ്പര്യത്തിന്റെ തുടർച്ചയെന്ന നിലയിലാണ് കണ്ടു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ വലിയ നഷ്ടക്കച്ചവടമാണ്.
ഗണേശൻ കൊല്ലം കുഴി
ക്ഷീര കർഷകൻ
പെരിഞ്ഞനം