തൃശൂർ: തൊഴിൽ തർക്കത്തിനിടയിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ എ.ഐ.ടി.യു.സി തൊഴിലാളികളായ 23 പേരെ കഠിന തടവിന് ശിക്ഷിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി നമ്പർ നാല് ആണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. 2008 ജനുവരി 29ന് രാവിലെ പാമ്പാടി ആലിൻചുവട് ജംഗ്ഷനിൽ എ.ഐ.ടി.യു.സി - സി.ഐ.ടി.യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേലക്കര പൊലീസ് ഇൻസ്‌പെക്ടറെയും പൊലീസ് സംഘത്തെയും ആക്രമിക്കുകയും വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 46 പേരെ പ്രതി ചേർത്തായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 23 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ 11, 13, 14 പ്രതികളായ പാമ്പാടി താണിക്കൽ വീട്ടിൽ ഹരിദാസൻ, തിരുവില്വാമല അരഞ്ഞാണിയിൽ സന്ദീപ് മാത്യു, കണിയാർകോട് കുന്നത്ത് മന മുരളി എന്നിവർക്ക് അഞ്ച് വർഷവും, മറ്റുള്ളവർക്ക് മൂന്ന് വർഷത്തിൽ താഴെയുമാണ് ശിക്ഷ.