criminals
prethyeka anweshana sangam pidikudiya kaikkuru rageshum sangangangalum

അന്തിക്കാട് : ഭൂമി കച്ചവടക്കാരെ ബന്ദിയാക്കി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലുൾപ്പെടെ പ്രതികളായ നാലു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സംഘത്തലവൻ വപ്പുഴ സ്വദേശി അയ്യാണ്ടി വീട്ടിൽ കായ്ക്കുരു എന്ന് വിളിക്കുന്ന രാഗേഷ് (37), പുള്ള് സ്വദേശി ചെറുപുള്ളിക്കാട്ടിൽ ശരത്ചന്ദ്രൻ (31), അയ്യന്തോൾ സ്വദേശി കണ്ണാട്ട് വീട്ടിൽ സുകേഷ് (29), കാട്ടൂർ സ്വദേശി കരിപ്പാടത്ത് വീട്ടിൽ ഷൈജു (37) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.
തൃശൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൃശൂർ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രൻ രൂപം കൊടുത്ത ഓപറേഷൻ ഫ്‌ളാഷ് മോവ് എന്ന പേരിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. ബംഗ്ലൂരു, മൈസൂർ, ഗുണ്ടൽപേട്ട്, കൊടക്, കോയമ്പത്തൂർ, എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച പ്രതികൾ മൊബൈലുകളൊന്നും ഉപയോഗിക്കാതെ എറണാകുളത്ത് എത്തുകയായിരുന്നു. എറണാകുളം പനങ്ങാട് വച്ച് പിടിയിലാകുമെന്നുറപ്പായതോടെ പൊലീസിനെ കായികമായി നേരിടാനും പ്രതികൾ ശ്രമിച്ചു. അന്തിക്കാട് ഇൻസ്പക്ടർ എസ്.എച്ച്.ഒ പി.കെ മനോജ് കുമാർ, എസ്.ഐമാരായ കെ.ജെ ജിനേഷ്, എം.പി മുഹമ്മദ് റാഫി, സിവിൽ പൊലിസ് ഓഫീസർമാരായ പി. ജയകൃഷ്ണൻ, സി.എ ജോബ്, ടി.ആർ ഷൈൻ, എം. സുമൽ, കെ.ബി ഷറഫുദ്ദീൻ, എം.വി മാനുവൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പ്രധാനകേസുകൾ ഇവ

സംഘത്തലവൻ രാഗേഷിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 45 ഓളം കേസുകൾ

ആഗസ്റ്റ് മാസത്തിൽ പണയ സ്വർണ്ണം എടുക്കാനെന്ന വ്യാജേന കോഴിക്കോടുള്ള സ്ഥാപനത്തിലെ ജീവനക്കാരനെ തൃശൂർ ആലപ്പാട്ടുള്ള ഗ്രീൻ ട്രേഡേഴ്‌സ് എന്ന സ്വർണ്ണ പണമിടപാട് സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ കവർന്ന കേസ്

ജൂലായിൽ ചിറയ്ക്കൽ ബാറിൽ അതിക്രമിച്ചു കയറി മാനേജരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗണ്ടറിൽ നിന്ന് ഒന്നര ലക്ഷം രൂപയും മാനേജരുടെ അര പവൻ സ്വർണ മോതിരവും ഐഫോണും കവർന്ന കേസ്
കഴിഞ്ഞ ജൂണിൽ പെരിങ്ങോട്ടുകരയിലെ വീട്ടിലേക്ക് സ്ഥല കച്ചവട ബ്രോക്കർമാരായി ചമഞ്ഞ് തിരുവനന്തപുരത്തുള്ള നാല് ഭൂമി കച്ചവടക്കാരെ വിളിച്ചു വരുത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട കേസ്