ചവറിൽ നിന്ന് കൃഷിക്കാവശ്യമായ വളം, അസംസ്കൃത വസ്തുക്കൾ എന്ന സമവാക്യത്തിൽ നിന്നും മാറി ചവറിൽ നിന്നും വൈദ്യുതി എന്ന മുദ്രാവാക്യത്തിൽ എത്തി നിൽക്കുകയാണ് ഇന്ന് നമ്മൾ. അതെക്കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചവറ് ശേഖരണ കേന്ദ്രങ്ങളിൽ കൂടിക്കിടക്കുന്ന പ്ളാസ്റ്റിക്കുകൾ, കുപ്പികൾ, ലോഹങ്ങൾ എന്നിവ വേർതിരിച്ച ശേഷം ശിഷ്ടം വരുന്ന മാലിന്യങ്ങൾ നെരിപ്പോടിലിട്ട് എരിച്ച് ടർബനാവശ്യമായ നീരാവിയുണ്ടാക്കി വൈദ്യുതി ഉത്പാദിപ്പിക്കാം. കിലോമീറ്ററുകളോളം വിസ്തൃതിയിൽ വായുവിനെയും ഭൂർഗർഭത്തെയും സമീപത്തുള്ള ജലാശയങ്ങളെയും മലിനമാക്കാൻ ഇടയാക്കുന്നതിനാൽ ജനവാസ കേന്ദ്രങ്ങൾ, വനമേഖലകൾ, ലോലമായ പ്രകൃതി പ്രദേശങ്ങൾ, ജീവികളുടെയും സസ്യജാലങ്ങളുടെയും വാസസ്ഥലങ്ങൾ, ആദിവാസി കേന്ദ്രങ്ങൾ, ശുദ്ധജല സ്രോതസുകൾ, ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് പദ്ധതി നടപ്പാക്കരുത്.
പരിസര മലിനീകരണ സാധ്യതകൾ
ചവറുകൾ കത്തുമ്പോൾ പുറത്തേക്ക് വരുന്ന പുകപടലത്തിൽ പൊടി, നൈട്രജൻ, സൾഫർ എന്നിവയുടെ ഒാക്സൈഡുകളും ലെഡ്, കാഡ്മിയം, കോപ്പർ, സിങ്ക് തുടങ്ങിയ ലോഹങ്ങളുടെ അംശങ്ങളും, ചെറിയ തോതിൽ ഡയോക്സിൻ, ഫുറാൻ തുടങ്ങിയ രാസവസ്തുക്കളും കരിയും ധാരാളമായി അടങ്ങിയിരിക്കും. അന്തരീക്ഷത്തിലേക്കുയരുന്ന പുകപടലം പ്രത്യേക അരിപ്പകളിലൂടെയും വൈദ്യുത കാന്തികരണം കൊണ്ട് ധൂളികളെ ശേഖരിക്കുന്ന സംവിധാനത്തിലൂടെയും കറുത്ത പുകയും മറ്റും കഴുകിമാറ്റാൻ ജലധാരയിലൂടെയും കടത്തിവിടുന്ന ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് വായുവിൽ മാലിന്യം കലരുന്നത് ഒരു പരിധിവരെ തടയാം. നെരിപ്പോടിനടിയിൽ അടിയുന്ന ചാരവും, കഴുകൽ പ്രക്രിയ കഴിഞ്ഞുവരുന്ന ജലം അരിച്ചുകിട്ടുന്ന ചാരവും പ്രത്യേകം സംസ്കരിച്ച് സൂക്ഷിക്കണം. ചവറുവണ്ടികൾ നല്ല മൂടികളുള്ളതായിരിക്കണം. വാഹനങ്ങളുടെ വരവും പോക്കും ധാരാളം ശബ്ദം, ധൂളി, ദുർഗന്ധം എന്നിവയുണ്ടാക്കും. വൈദ്യുതി ഉത്പാദന കേന്ദ്രത്തിൽ മാലിന്യനിക്ഷേപത്തിനുള്ള സ്ഥലം നെഗറ്റീവ് പ്രഷറിൽ നിർമ്മിച്ച് ദുർഗന്ധം നിയന്ത്രിക്കാൻ സാധിക്കും.
പദ്ധതിയും പൊതുജനാരോഗ്യവും
പദ്ധതി ആധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഘടിപ്പിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും വായു, ഭൂഗർഭജലം, പദ്ധതി പ്രദേശത്തെ ഭൂമി എന്നിവ ദൈനംദിനം മലിനപ്പെട്ടു കൊണ്ടേയിരിക്കും. വിവിധ ലോഹങ്ങൾ, ക്ളോറിൻ, സൾഫർ തുടങ്ങി വിവിധ ജൈവവും അജൈവവും ആയ വസ്തുക്കൾ പുകക്കുഴലിലൂടെ അന്തരീക്ഷത്തിൽ കലരുന്ന പൊടിപടലങ്ങൾ എന്നിവ മാലിന്യത്തിൽ ഉൾപ്പെടുന്നു. മാലിന്യ നിർമ്മാർജന പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഉണങ്ങിയ ചാമ്പലുകളും വെള്ളം അരിച്ചുകിട്ടുന്ന നനവ് മാറാത്ത ചാരവും കഴുകാനുപയോഗിച്ച ലക്ഷക്കണക്കിന് ലിറ്റർ മലിനജലവും ദോഷമുണ്ടാക്കുന്നവയാണ്. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന വിവിധ രാസവസ്തുക്കളും പൊടിയും കൂടെ ചേർന്നാൽ കാലക്രമേണ അലർജി, ശ്വാസകോശ രോഗങ്ങൾ, വിവിധയിനം അർബുദങ്ങൾ, വളർച്ചാവൈകല്യങ്ങൾ, അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഹാനി തുടങ്ങി പലതരം രോഗങ്ങൾക്ക് കാരണമാകാം എന്ന് തെളിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ നിന്ന് ലഭ്യമാകുന്ന മലിനീകരണ അളവുകളും സമീപപ്രദേശങ്ങളിലെയും ദൂരെയുള്ള സ്ഥലങ്ങളിൽനിന്ന് ലഭിക്കുന്ന മലിനീകരണ തോതുകളും ജീവജാലങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യത്തിന്റെ റെക്കാഡുകളും കൃത്യമായി സൂക്ഷിച്ചുവച്ച് കാലാകാലം അപഗ്രഥനം ചെയ്താലേ മലിനീകരണവും അതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും അറിയാനാവൂ. അതിനാൽ ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ആഴത്തിലുള്ള പഠനവും മികച്ച പ്രതിരോധ മാർഗങ്ങളും അനിവാര്യമാണ്
സുഗമമായ നടത്തിപ്പിന്
കേന്ദ്രസർക്കാർ പരസ്യം ചെയ്യുന്ന നിർദ്ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുക. പദ്ധതിക്ക് വേണ്ട സ്ഥലം, പഠന റിപ്പോർട്ടുകൾ, അനുമതി, ദൈനംദിന പ്രവർത്തനങ്ങളും, ആകസ്മികമായി സംഭവിക്കുന്നതുമായ കാര്യങ്ങൾ രേഖപ്പെടുത്തുന്ന റെക്കാഡുകൾ, പദ്ധതി പ്രദേശത്ത് നിലവിലുള്ള വായുവിന്റെയും ജലശേഖരത്തിന്റെയും ശിഷ്ടം വരുന്ന ചാമ്പൽ, മലിനജലം എന്നിവയിലെ മാലിന്യ തോത് ലാബിൽ അളന്ന് കുറിച്ചത്, ദൈനംദിനം സുരക്ഷാ കേന്ദ്രത്തിലേക്ക് അയയ്ക്കുന്ന മാലിന്യങ്ങളുടെ തരംതിരിച്ച ലിസ്റ്റ്, കാലാകാലം സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് അയയ്ക്കേണ്ട റിപ്പോർട്ടുകൾ, യന്ത്രങ്ങളുടെ കാലാകാലം ചെയ്യേണ്ട മെയിന്റനൻസ് ജോലികളുടെ നടത്തിപ്പ്, ജനറേറ്ററുകളുടെയും ശീതീകരണ യൂണിറ്റുകളുടെയും സ്റ്റാൻഡ് ബൈ യൂണിറ്റുകളുടെ ലഭ്യത എന്നിവയടങ്ങിയ പ്രവർത്തന നിർദ്ദേശങ്ങളുള്ള രൂപരേഖയുണ്ടാക്കി വേണം പ്രവർത്തനം.
അവശ്യം വേണ്ടത്
ചവർ ശേഖരിക്കുമ്പോൾ തരംതിരിച്ച് ചവർ നൽകുന്ന ഉപഭോക്താക്കൾക്ക് എത്ര പണം കിലോയ്ക്ക് നൽകാം എന്ന് തീരുമാനിക്കുക. ഒരു ദിവസം എത്ര ടൺ ചവർ പദ്ധതിക്ക് തടസംകൂടാതെ നൽകാനാവും എന്ന് തീരുമാനിക്കുക. ഹർത്താൽ ചവർനീക്കത്തെ ബാധിക്കാതിരിക്കാൻ നിയമനിർമ്മാണം നടത്തുക. ചവറില്ലാതെ വൻ യന്ത്രങ്ങൾ നിറുത്തേണ്ടി വന്നാൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങാൻ സമയമെടുക്കും. മലിനീകരണ സംവിധാനങ്ങൾ കേടാകും. പദ്ധതിക്കാവശ്യമായ സ്ഥലം, യന്ത്രങ്ങൾ, സുരക്ഷാകേന്ദ്രം ഒരുക്കൽ, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, പദ്ധതി നടത്തിപ്പ്, ഏറ്റെടുക്കുന്ന കരാറുകാരന്റെ യോഗ്യതയും വിശ്വാസ്യതയും തിട്ടപ്പെടുത്തുക, സുതാര്യമായ ടെൻഡറിലൂടെ കുറഞ്ഞ വില കണക്കിലെടുക്കാതെ വാങ്ങൽ, വിൽക്കൽ നടപ്പാക്കുക, മികച്ച നടത്തിപ്പ് കരാർ എഴുതിയുണ്ടാക്കുക. ഉദ്യോഗസ്ഥർ സർവീസ് കഴിഞ്ഞാലും കരാറിന്റെ സർക്കാർ ഭാഗത്തെ തകരാറുകൾക്ക് ഉത്തരവാദികളായിരിക്കും എന്ന കാര്യവും രേഖയിലുണ്ടാവണം. മാലിന്യം തരം തിരിച്ച് ശേഖരിക്കുകയും ചിട്ടയോടും സമയബന്ധിതമായും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വന്നില്ലെങ്കിൽ - ചവറിൽ നിന്ന് വൈദ്യുതി പദ്ധതി സുരക്ഷിതമായി നടപ്പിലാക്കാൻ പ്രയാസം നേരിട്ടേക്കാം. മാലിന്യ നിർമാർജനത്തിൽ പ്രഗത്ഭരായവർ നേതൃത്വത്തിൽ വേണം താനും.