facebook-libra

ലോകജനസംഖ്യയുടെ മൂന്നിലൊന്നുപേർ വ്യാപരിക്കുന്ന സമൂഹമാദ്ധ്യമമായി വളർന്നുകഴിഞ്ഞ ഫേസ്ബുക്ക്, സ്വന്തമായൊരു കറൻസി ഇറക്കിക്കൊണ്ട്, മറ്റൊരു കുതിച്ചുചാട്ടത്തിനു കൂടി തയാറെടുത്തു കൊണ്ടിരിക്കുന്ന വേളയാണിത്. ''ലീബ്ര" എന്ന നാമം നൽകിയിട്ടുള്ള ഈ ഡിജിറ്റൽ നാണയം അടുത്ത വർഷം ആദ്യം പ്രചാരത്തിലെത്തിക്കുമെന്നാണ് ഫേസ്ബുക്ക് കമ്പനിയുടെ പ്രധാന അധികാരിയായ മാർക് സുക്കർബർഗ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഗതി വിജയിച്ചാൽ അമേരിക്കൻ ഭരണകൂടം ഇറക്കുന്ന ഡോളറിനു വൻ ഭീഷണി ഉയർത്തുകയും ലോക നാണയ വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ നിമിത്തമാകുകയും ചെയ്യും.

കറൻസിയ്‌ക്കുള്ള സ്വീകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് അതിന് പ്രചുരപ്രചാരം നേടിയെടുക്കാനുള്ള മുന്നൊരുക്കങ്ങളിൽ പലതും ഫേസ്ബുക്ക് ഇതിനകം ചെയ്‌ത് കഴിഞ്ഞിരിക്കുന്നു. നാണയ ബിസിനസിനായി 'കലീബ്ര" എന്ന പേരിൽ പ്രവർത്തന സ്വാതന്ത്ര്യമുള്ള ഒരു ഉപസംരംഭം സ്ഥാപിച്ചു. ലീബ്ര ഇറങ്ങുമ്പോൾ ആവശ്യക്കാർക്ക് യഥേഷ്‌ടം ലഭ്യമാക്കാനായി വാട്സ്ആപ്, മെസഞ്ചർ എന്നീ ആപുകളിലൂടെ ഡിജിറ്റൽ പണപ്പെട്ടികൾ സജ്ജീകരിക്കപ്പെടും. പുതിയ നാണയത്തിന്റെ പ്രചാരവും വിശ്വാസ്യതയും ഉയർത്താനായി ഫേസ്ബുക്ക് ലോകത്തെ പ്രശസ്തമായ 27 കമ്പനികളുമായി ചേർന്ന് 'ലീബ്രാ അസോസിയേഷൻ" എന്ന നാമധേയത്തിൽ ഒരു സംയുക്‌ത സംരംഭം രൂപീകരിച്ചു. മാസ്റ്റർ കാർഡ്, വിസ, പേപാൽ, പേയു, ഈബേ, യൂബർ, വോഡഫോൺ, സ്ട്രൈപ്, ലൈഫിറ്റ് എന്നിങ്ങനെ പോകുന്നു പങ്കാളികളായവരുടെ നീണ്ടനിര. ജനീവ ആസ്ഥാനമാക്കി, ലാഭേച്ഛ കൂടാതെ, പ്രവർത്തിക്കുന്ന ''ലീബ്രാ അസോസിയേഷനെയാണ് പുത്തൻ പണത്തിന്റെ ഭരണച്ചുമതല ഏല്പിച്ചിട്ടുള്ളത്. വമ്പൻ കമ്പനികളുടെ കൂട്ടായ നേതൃത്വം നാണയത്തിന്റെ മതിപ്പ് ഉയർത്താനും പ്രചാരം വർദ്ധിപ്പിക്കാനും ഇടയാകുമെന്ന് ഫേസ്ബുക്ക് വിശ്വസിക്കുന്നു.

ഇപ്പോൾത്തന്നെ പ്രചാരത്തിലുള്ള ബിറ്റ് കോയിൻ, ലൈറ്റ് കോയിൻ തുടങ്ങിയുള്ള ഗൂഢകറൻസികളുടെ ഗണത്തിൽപ്പെട്ടതാണ് ലീബ്രയും. ബ്ളോക്ചെയിൻ എന്ന അതിസങ്കീർണമായ സാങ്കേതികവിദ്യയാണ് ഇത്തരം കറൻസികളുടെ നിർമ്മാണത്തിന്റെയും കൈമാറ്റത്തിന്റെയും ആണിക്കല്ല്. കഠിനമായ ഗണിതക്രിയകളുടെ ശ്രേണിയിലൂടെയാണ് ഓരോ ഗൂഢകറൻസിയും ഖനനം ചെയ്‌തെടുക്കുന്നത്. ഈ കറൻസികളുടെ കൈമാറ്റങ്ങളെല്ലാം, അപ്പോഴപ്പോൾത്തന്നെ, ഡിജിറ്റൽ കണക്ക് പുസ്തകം കൂടിയായ ബ്ളോക് ചെയിനിൽ രേഖപ്പെടുത്തും. ഒരിടത്തു മാത്രം കേന്ദ്രീകൃതമായ രേഖയല്ലിത്. വികേന്ദ്രീകൃതമായി ലഭ്യമാകുന്ന പ്രമാണമാണത്.

നിലവിൽ നൂറോളം ഗൂഢകറൻസികളുണ്ടെങ്കിലും, അവയിൽ മിക്കതും, കാര്യമായി ക്ളച്ച് പിടിക്കാത്തവയാണ്. പ്രചാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാണയമാണ് ബിറ്റ്‌ കോയിൻ. പക്ഷേ, ഉയർന്നും താഴ്ന്നുമുള്ള, ചഞ്ചലപഥമാണ്, ഒരു ദശകത്തെ ചരിത്രമുള്ള, ബിറ്റ് കോയിന്റേത്. ഈ നാണയം വസ്‌തുവകകളുടെ കൈമാറ്റത്തിനുള്ള മാദ്ധ്യമമായി ഉപയോഗിച്ചിരുന്നെങ്കിലും, ഏറിയപങ്കും വിനിയോഗിക്കപ്പെട്ടത് ഊഹാപോഹ വിപണിയിൽ നിക്ഷേപിച്ച് നേട്ടം കൊയ്യാനായിരുന്നു. സ്വാഭാവികമായും അതിന്റെ മൂല്യം കടുത്ത ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി. ഇതിന് വിരുദ്ധമായി, മൂല്യസ്ഥിരതയുള്ള നാണയമായാണ് ലീബ്ര വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഭരണകൂടങ്ങളുടെ നിയമപരിരക്ഷയുള്ള കറൻസികളിൽ പ്രധാനപ്പെട്ടവയായ ഡോളർ, യൂറോ, പൗണ്ട്, യെൻ തുടങ്ങിയവയുടെ മൂല്യവുമായി ലീബ്രയുടെ മൂല്യം വിളക്കിച്ചേർക്കുന്ന രീതിയിലാണ് ആ നാണയം കരുപ്പിടിപ്പിച്ചിട്ടുള്ളത്. ഓരോ ലീബ്ര നാണയത്തിന് പിന്നിലും കരുത്തായി മേൽപ്പറഞ്ഞ കറൻസികളുടെ ശേഖരമുണ്ടാകും. മൂല്യം, കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാത്ത തരത്തിലായതു കൊണ്ടുതന്നെ അത് നിക്ഷേപത്തിനുള്ള ഉപകരണമാകുന്നില്ല. ജനങ്ങൾക്ക് ബില്ലടയ്‌ക്കാനും സാധനങ്ങൾ വാങ്ങാനും ദൂരദേശത്തുള്ള ബന്ധുമിത്രാദികൾക്ക് പണമയയ്‌ക്കാനുമുളള മാദ്ധ്യമമായാണ് അത് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഫേസ് ബുക്കും അതിന്റെ നാണയ സംരംഭത്തിന് പിന്തുണയേകാനായി, 27 അതികായ കമ്പനികളും ഒന്നിക്കുന്നതുകൊണ്ടുതന്നെ ലീബ്ര ഒരു ലോക കറൻസിയായിത്തീരുമെന്നാണ് ഉപജ്ഞാതാക്കൾ പ്രതീക്ഷിക്കുന്നത്. മോഹം സഫലമാകുമെങ്കിൽ ആഗോള കറൻസിയായി ഇപ്പോൾ വിരാജിച്ചുകൊണ്ടിരിക്കുന്ന ഡോളറിന്റെ പ്രഭ മങ്ങും. അങ്ങനെ വന്നാൽ, സ്വന്തം കറൻസിയേയും പ്രഹരശേഷിയുള്ള ആയുധമാക്കി അന്യരാജ്യങ്ങളെ വരുതിയിൽ നിറുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പതിവിനും ശക്തിക്ഷയം സംഭവിക്കും.

ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയിൽ ലീബ്രയുടെ കടന്നുവരവിനുള്ള സാദ്ധ്യത കുറവാണ്. നമ്മുടെ റിസർവ് ബാങ്ക് ഗൂഢകറൻസികളെ നിരോധിച്ചിരിക്കുകയാണ്. ഇത്തരം കറൻസികളെ രാജ്യത്ത് പൂർണമായും വിലക്കാനും അവ കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമാക്കാനുമുള്ള നിയമം കേന്ദ്രസർക്കാർ തയാറാക്കുന്നുവെന്നാണ് കേൾക്കുന്നത്. ഭീകരപ്രവർത്തകർ, കള്ളക്കടത്തുകാർ എന്നിങ്ങനെയുള്ളവർ ഗൂഢകറൻസികൾ ദുരുപയോഗം ചെയ്തതിന്റെയും ഔദ്യാേഗിക പണവ്യവസ്ഥയ്‌ക്ക് വന്നേക്കാവുന്ന അപകടസാദ്ധ്യതകളെക്കുറിച്ചുള്ള ഭയത്തിന്റെയും പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ നിലപാടെടുക്കാൻ കാരണം. പക്ഷേ, ഏറെ നല്ല സ്വഭാവ വിശേഷങ്ങൾ വാഗ്ദാനം ചെയ്യുന്ന ലീബ്ര ലോകത്ത് പലയിടങ്ങളിലും പ്രചരിക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിൽ നമ്മുടെ ഭരണകർത്താക്കൾ പുനർചിന്തയ്‌ക്ക് തയാറാകേണ്ടിയിരിക്കുന്നു. ഉദിച്ചുയരുന്ന സാങ്കേതികവിദ്യകളുടെ ലോകത്ത്, അതിന്റെ ഗുണവും ദോഷവുമുള്ള, ഒരു സൃഷ്‌ടിയെ സമ്പൂർണമായി നിരോധിക്കുന്നത് ബുദ്ധിപരമായ നീക്കമാകില്ല. തുടക്കത്തിൽ ചെറിയ തോതിലുള്ള പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുകയും പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾക്കും മെച്ചപ്പെടുത്തലുകൾക്കും ഇടം നൽകുന്ന, നിതാന്ത ജാഗ്രതയോടുള്ള, നിയന്ത്രണ സംവിധാനം ഒരുക്കാൻ അധികാരികൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.