income-tax

ശമ്പളവരുമാനക്കാർ വാർഷിക വരുമാനം മുൻകൂർ തിട്ടപ്പെടുത്തി ഒാരോ മാസവും നികുതി തുക കുറവ് ചെയ്താണ് ശമ്പളം വാങ്ങേണ്ടത്. ആദായനികുതി നിയമം ഇത് നിയമപരമായ ബാദ്ധ്യത ആക്കിമാറ്റിയിട്ടുണ്ട്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനത്തിൽ,​ അതായത് 2020-21 അസസ്‌മെന്റ് വർഷത്തേക്കുള്ളത് കഴിഞ്ഞമാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ മാസത്തിൽ വാങ്ങിയപ്പോൾ മുതൽ നിയമപരമായ നികുതി തുക ഒാരോമാസവും കുറവ് ചെയ്തുതുടങ്ങിയിട്ടുണ്ട്. എന്നാൽ ഭൂരിപക്ഷം ശമ്പള വരുമാനക്കാരും ഇടക്കാല ബഡ്‌ജറ്റിൽ അനുവദിച്ചുകിട്ടിയതിന് പുറമേ മറ്റ് ഇളവുകളും കിഴിവുകളും സമ്പൂർണ ബഡ്‌ജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇക്കഴിഞ്ഞ മൂന്നുമാസം തള്ളിനീക്കിയത്. ചിലർക്കെങ്കിലും മറ്റൊരു സന്ദേഹവും ഉണ്ടായിരുന്നു. അഞ്ചുലക്ഷംവരെയുള്ള വരുമാനത്തിന് നികുതി ബാധ്യത ഇല്ല എന്നതായിരുന്നു ആ സന്ദേഹം. വാർത്താമാദ്ധ്യമങ്ങളിൽ വന്ന വിവരങ്ങൾ ആണ് ഇങ്ങനെ ഒരു ശങ്കയ്‌ക്ക് വഴിതെളിച്ചത്.

എന്നാൽ, ഇപ്പോൾ കാര്യങ്ങൾക്ക് വ്യക്തത വന്നിരിക്കുന്നു. നിയമപരമായ ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തി നികുതിബാദ്ധ്യതയുള്ള വരുമാനം അഞ്ചുലക്ഷം എന്ന നിലയിലെത്തിച്ചാൽ നികുതി ഒടുക്കേണ്ടതില്ല. മറിച്ച് നികുതിബാദ്ധ്യതയുള്ള വരുമാനം അഞ്ചുലക്ഷം രൂപയ്‌ക്ക് മീതേ എങ്കിൽ മറ്റൊരു ചിത്രമാണ് തെളിയുക. ആ സന്ദർഭത്തിൽ രണ്ടരലക്ഷം രൂപയ്‌ക്ക് മേൽ അഞ്ചുലക്ഷം വരെയുള്ള തുകയ്‌ക്ക് അഞ്ചുശതമാനം നിരക്കിലും അഞ്ചുലക്ഷത്തിനു മീതെ പത്തുലക്ഷം രൂപവരെ ഇരുപതു ശതമാനം നിരക്കിലും പത്തുലക്ഷത്തിനുമീതെ വരുന്ന തുകയ്‌ക്ക് മുപ്പത് ശതമാനം നിരക്കിലും നികുതിബാദ്ധ്യത ഉണ്ട്. ഒപ്പം നിശ്ചിത നിരക്കുകൾ അനുസരിച്ച് കണക്കാക്കുന്ന തുകയുടെ നാലുശതമാനം സർചാർജും കൂടി ചേർത്താണ് നികുതി തുക തിട്ടപ്പെടുത്തേണ്ടത്. ശമ്പള വരുമാനക്കാർക്ക് 50,000 രൂപ. സ്റ്റാൻഡേർഡ് ഡിഡക്ഷനായി ഇളവ് അനുവദിക്കുന്നുണ്ട്.

സാധാരണനിലയിൽ നികുതിദായകൻ പ്രയോജനപ്പെടുത്തുന്ന നികുതി ഇളവുകളും കിഴിവുകളും കണക്കിലെടുത്ത് പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്ന കണക്കുകളെ ആശ്രയിച്ച് എളുപ്പത്തിൽ നികുതി ബാധ്യത കണക്കാക്കാം.

2019-20 സാമ്പത്തികവർഷത്തിലെ ശമ്പള വരുമാനക്കാരുടെ

ആദായനികുതി ബാദ്ധ്യത ഇനം മൊത്ത വരുമാനം (രൂപ)

1. മൊത്തം വരുമാനം 9,25,000 10,00,000 15,00,000

2. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 50,000 50,000

3. ഭവനവായ്‌പാ പലിശ 2,00,000 2,00,000 2,00,000

4. പ്രോവിഡന്റ് ഫണ്ട്, എൽ.ഐ.സി പ്രീമിയം

തുടങ്ങിയ ഇനങ്ങളിലെ നിക്ഷേപം (80 സി) 1,50,000 1,50,000 1,50,000

5. മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം (80 ഡി) 25,000 25,000 25,000

6. നികുതി ബാദ്ധ്യതയുള്ള വരുമാനം 5,00,000 5,75,000 10,75, 000

7. നികുതികിഴിവ് (രണ്ടരലക്ഷം രൂപയ്‌ക്കും

അഞ്ചുലക്ഷത്തിനകവും ഉള്ള തുകയ്‌ക്ക് ) 12,500 ഇല്ല ഇല്ല

8. നികുതി ബാദ്ധ്യത ഇല്ല 27,500 1, 35,000

കുറിപ്പ് : മേൽസൂചിപ്പിച്ച വിധം കണക്കാക്കുന്ന നികുതിബാദ്ധ്യതയോടൊപ്പം വിദ്യാഭ്യാസ-ആരോഗ്യ സെസ് നാലുശതമാനം കൂടിചേർത്താണ് നികുതിതുക തിട്ടപ്പെടുത്തുക.

ഇതുവരെ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങളെല്ലാം ഇടക്കാല ബഡ്‌ജറ്റിൽ അനുവദിച്ചിരുന്നത് സമ്പൂർണ ബഡ്‌ജറ്റിലും അതേനിലയിൽ തുടരും എന്ന് വ്യക്തമാക്കിയവയാണ്. ഇതോടൊപ്പം സമ്പൂർണ ബഡ്‌ജറ്റിൽ ചില ആദായനികുതി ഇളവുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സ്വന്തം താമസത്തിനുവേണ്ടി ഭവനവായ്‌പ 2020 മാർച്ച് 31 വരെ എടുക്കുന്നതിൽ പലിശ ഭാഗത്തിന് ഒന്നരലക്ഷംരൂപയുടെ അധിക ഇളവ് ഉണ്ടാകും. അതായത് ഇപ്പോൾ നിലവിലള്ള രണ്ടുലക്ഷം രൂപയ്‌ക്ക് പുറമേ ഒന്നരലക്ഷം രൂപയുടെ അധിക ഇളവ് വന്നിരിക്കും. ഭവനനിർമ്മാണത്തിന് മൊത്തം ചെലവ് 45 ലക്ഷത്തിൽ അധികരിക്കാനാകില്ല എന്ന വ്യവസ്ഥകൂടിയുണ്ട്.

പട്ടിക ഒന്നിൽ പറഞ്ഞിരിക്കുന്നതിനുപുറമേ ചില ഇളവുകൾ കൂടി ഉണ്ട്. ഇത് സംബന്ധിച്ച് സാമാന്യവിവരം പട്ടിക രണ്ടിൽ കൊടുത്തിട്ടുണ്ട്.

ആദായനികുതി സംബന്ധിച്ച് ശമ്പള വരുമാനക്കാരായ നികുതിദായകർ ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളും മറ്റു അധികാര കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന ആധികാരിക വിവരങ്ങളും ഉപയോഗപ്പെടുത്തി വേണം നികുതി ആസൂത്രണം നടത്തേണ്ടത്. നിയമ ബാദ്ധ്യത നിറവേറ്റുന്നതോടൊപ്പം വർഷാവസാനം വൻതുക അടയ്ക്കേണ്ടിവരുന്ന വൈഷമ്യം ഒഴിവാക്കാനും ഇത് സഹായകമാകും. വികസന പ്രവർത്തനങ്ങളിൽ നമ്മുടെ വരുമാനത്തിന്റെ ഒരുവിഹിതം കൂടി സർക്കാരിന് നൽകുന്നുവെന്ന് മനസിലാക്കി നികുതിബാധ്യത ഒരു അസൗകര്യമായി കാണാതിരിക്കുക.

പട്ടിക രണ്ട്

സാമാന്യേന ഉള്ള ആദായ നികുതി ഇളവുകൾ (പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നതിന് പുറമേ

ഇനവും നിയമവകുപ്പും പരമാവധി തുകയ്ക്ക്

1. ഭവനവായ്‌പ 24-ാം വകുപ്പ് - 2,00,000

2. ഭവനവായ്പ (പുതുതായി ചേർത്തത് (80 ഇഇ)

വ്യവസ്ഥ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് -1,50,000

3. ദേശീയ പെൻഷൻഫണ്ട് 80 സി.സി. ഡി (1ബി) - 50,000

4. അംഗവൈകല്യം ഉള്ള ആശ്രിതരുടെ ചികിത്സാ ചെലവ് (പരമാവധി ) 80 ഡി.ഡി

സാധാരണയേക്കാളും കൂടുതൽ വൈകല്യം (1,25,000 രൂപ) - 75,000 , 1, 25,000

5.നികുതി ദായകന്റെ അംഗവൈകല്യം സാധാരണ നിലയിൽ

കൂടിയ തോതിൽ (80 യു)- 75,000 , 1,25,000

6. സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം പലിശ

മുതിർന്ന പൗന്മാർക്ക് മാത്രം 80 ടി.ടി.ബി - 50,000

60 വയസിന് താഴെയുള്ളവർക്ക് 80 ടി.ടി.എ - 10,000

7. ഇലക്ട്രിക് വാഹനങ്ങളുടെ വായ്‌പാ പലിശ പുതിയത് -1,50,000

8. സംഭാവന (അംഗീകൃത സ്ഥാപനങ്ങൾക്ക്

ചെക്ക് മുഖാന്തരം മാത്രം)

(സംഭാവന തുക വരുമാനത്തിന്റെ 10 ശതമാനം കവിയരുത്) -50 ശതമാനം

9. വീട്ടുവാടക ചില വ്യവസ്ഥകൾക്ക് വിധേയമായി

10. മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം നികുതിദായകന് -25,000

മുതിർന്ന പൗരന്മാരായ മാതാപിതാക്കളുടെ പേരിൽ -25,000

ഏറ്റവും മുതിർന്ന പൗരൻമാർക്ക് - 50,000

‌കുറിപ്പ് : 60-80 വയസുള്ളവർ മുതിർന്ന പൗരന്മാരും 80 വയസിനുമേൽ പ്രായമുള്ളവർ ഏറ്റവും മുതിർന്ന പൗരന്മാരുമാണ്. മുതിർ പൗരന്മാർക്ക് മൂന്നുലക്ഷം രൂപയുടെയും ഏറ്റവും മുതിർന്ന പൗരന്മാർക്ക് അഞ്ചുലക്ഷം രൂപയുടെയും സ്വന്തം വരുമാനത്തിന് നികുതിബാദ്ധ്യതയില്ല.