മലയിൻകീഴ്: വീതി കുറഞ്ഞ മാറനല്ലൂർ - പുന്നാവൂർ റോഡിനിരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. കാട്ടാക്കട നിന്നും നെയ്യാറ്റിൻകര ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ മാറനല്ലൂരിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണ്. പ്രശ്നം രൂക്ഷമായിട്ടും പൊലീസ് ഇടപെടാറില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. മാറനല്ലൂർ വഴിപോകുന്ന യാത്രക്കാർ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിലേക്ക് പോകുന്നവർ പെരുവഴിയിൽ കുരുങ്ങിക്കിടക്കുന്നതും പതിവാണിവിടെ. വെളിയംകോട് ഭാഗത്ത്
നിന്നുള്ള യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നതിലേറെയും. അടുത്തിടെ കുഴഞ്ഞുവീണ ആളുമായെത്തിയ ആംബുലൻസ് ഈ റോഡിൽ മണിക്കൂറുകളോളമാണ് കുരുങ്ങിക്കിടന്നത്. റോഡിന് ഇരുവശത്തുമായി നിത്യേന കിലോമീറ്ററുകളോളം ദൂരത്തിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകാറുള്ളത്. രാവിലെ 8 മുതൽ രാത്രി വരെ മാറനല്ലൂർ റോഡിൽ ഗതാഗതക്കുരുക്കാണ്. അനധികൃത പാർക്കിംഗാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണം. പോങ്ങുംമൂട്, മാറനല്ലൂർ, കണ്ടല തുടങ്ങിയ സ്ഥലങ്ങളിലും ചെറുതും വലുതുമായ വാഹനങ്ങൾ റോഡിനിരുവശത്തും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി പാർക്ക് ചെയ്യുകയാണ്. ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസ് ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും ഫലമുണ്ടാകാറില്ല. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി ഇടതടവില്ലാതെ പോകുന്ന ടോറസ് ലോറികളും ഗതാഗതം സ്തംഭിക്കാൻ കാരണമാകാറുണ്ട്. ഈ റോഡിന് സമീപത്തായാണ് ഹയർ സെക്കൻഡറി സ്കൂളും പൊലീസ് സ്റ്റേഷനുമുള്ളത്. റോഡ് വീതി കൂട്ടി ഗതാഗത പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.