തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് ട്രെയിനിൽ സഞ്ചരിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പൈലറ്റും കൂട്ടുകാരും ആക്രമണത്തിന് ഇരയായി.കേരളത്തിലെ ഒരു പ്രമുഖ കോളേജിൽ ട്രാൻസ്ജെൻഡറിന് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
'സുഹൃത്തിന്റെ ബൈക്കിന്റെ പിൻസീറ്റിൽ സഞ്ചരിച്ചതിന് ട്രാൻസ്ജെൻഡറിനെ ആക്രമിച്ചു,"
'ട്രാൻസ്ജെൻഡറിന്റെ മൃതദേഹം റോഡരികിൽ."
ഇത്തരം ധാരാളം വാർത്തകളാണ് പത്രമാദ്ധ്യമങ്ങൾ വഴിയും സമൂഹമാദ്ധ്യമങ്ങൾ വഴിയും ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. വാർത്തകളാകാത്ത എത്രയോ സംഭവങ്ങൾ വേറെയും ഉണ്ടാകാറുണ്ട്.
പുരുഷവേഷം ധരിച്ച സ്ത്രീകളും സ്ത്രീവേഷം ധരിച്ച പുരുഷന്മാരും തട്ടിപ്പ് നടത്താൻ വന്നിരിക്കുന്നുവെന്ന പൊതുവായ തെറ്റിദ്ധാരണ ആയിരിക്കാം പ്രകോപനമില്ലാതെ തന്നെ ട്രാൻസ്ജെൻഡറുകളെ ആക്രമിക്കുന്നതിനുള്ള കാരണം. ഇവർ വേഷംകെട്ടുകാരാണെന്നും അതിനാൽ തല്ലിശരിയാക്കിക്കളയാം എന്ന ധാരണയുമാകാം ആൾക്കൂട്ടം ഇവരെ ആക്രമിക്കുന്നതിന് പിന്നിലുള്ളത്.
ദ്വന്ദ്വലിംഗാധിഷ്ഠിതമായ സമൂഹത്തിൽ മറ്റൊരു ലൈംഗികവിഭാഗം ഉണ്ടെന്നുള്ള അറിവില്ലായ്മയും അവരെ അംഗീകരിക്കുന്നതിനുള്ള വൈമുഖ്യവും ട്രാൻസ്ജെൻഡറുകൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് കാരണമാണ്. ഇത്തരം ട്രാൻസ്ഫോബിയ എല്ലാ ദേശത്തുമുള്ള സമൂഹങ്ങളിൽ കാണപ്പെടുന്നുണ്ട്.
ആൺകുട്ടിയായോ, പെൺകുട്ടിയായോ ജനിക്കുകയും വളരുന്ന ഘട്ടത്തിൽ മാനസികമായോ, ജൈവീകമായോ എതിർലിംഗത്തിന്റെ ലക്ഷണങ്ങൾ ആർജ്ജിക്കുകയും ജന്മനാ ആൺ പെൺ ദ്വന്ദ്വത്തിലൊതുങ്ങാതിരിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള ന്യൂനപക്ഷ സമൂഹമാണ് ട്രാൻസ്ജെൻഡറുകൾ. ഇവർ വേഷംകെട്ടുകാരല്ല എന്നുള്ളത് ആഗോളതരത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. ഇവരിൽ പല ഉപവിഭാഗങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും ചേർത്ത് ട്രാൻസ്ജെൻഡറുകൾ എന്ന ഒരു പേരിലാണ് പറഞ്ഞുവരുന്നത്.
2014 ഏപ്രിൽ 15 ലെ സുപ്രധാന വിധിയിലൂടെ സുപ്രീംകോടതി പുരുഷനും സ്ത്രീക്കും പുറമേ ഒരു ലിംഗവിഭാഗംകൂടി ഉണ്ടെന്നും അവർ ട്രാൻസ്ജെൻഡർ എന്ന് അറിയപ്പെടുമെന്നും അവരുടെ സംജ്ഞ ടി.ജി എന്ന് സൂചിപ്പിക്കണമെന്നും വിധിച്ചു. ഭരണഘടനാപരമായ പൗരസ്വാതന്ത്ര്യവും അവകാശങ്ങളും മറ്റുള്ളവരെപ്പോലെ ഇവർക്കുമുണ്ടെന്നും വിധിച്ചു ഇവരെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരായി കണക്കാക്കണമെന്നും കൂടി വിധിച്ചു.
കേരള സർക്കാർ ട്രാൻസ്ജെൻഡർ നയം പ്രഖ്യാപിക്കുകയും ഒട്ടേറെ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തുവരുന്നു. സർക്കാർ ഒരു ഉത്തരവിലൂടെ മൂന്നാംലിംഗം, മറ്റു വിഭാഗം തുടങ്ങി എല്ലാവിധ വിശേഷണങ്ങളും ഒഴിവാക്കണമെന്നും ട്രാൻസ്ജെൻഡർ എന്ന പദം മാത്രം ഉപയോഗിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. കേരള സർവകലാശാലയും ട്രാൻസ്ജെൻഡർ നയം സ്വീകരിക്കുകയുമുണ്ടായി.
പരമോന്നത നീതിപീഠവും ജനാധിപത്യ സർക്കാരുകളും ഇവരെ അംഗീകരിച്ചിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് ഇവരെക്കുറിച്ച് യാതൊരു ധാരണയും ഇല്ല എന്നുള്ളതാണ് പരമാർത്ഥം. അവർ ട്രാൻസ്ജെൻഡറുകളെ വേഷംകെട്ടുകാരായോ മാനസികരോഗികളായോ തട്ടിപ്പുകാരായോ മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തകരായോ ഒക്കെ കാണുന്നു. അവരുടെ പ്രത്യേകതകളെ കണ്ടെത്താനോ പരിപോഷിപ്പിക്കാനോ പലരും ശ്രമിക്കാറില്ല. പകരം പഴിയും പരിഹാസവും ആക്രമണങ്ങളും കൊണ്ട് ഒറ്റപ്പെടുത്തുന്നു. തുടർച്ചയായ അവഗണനയും ഭർത്സനവും കൊണ്ട് സ്വന്തം വീടുകളിൽ നിന്നുപോലും ഇവർ നിഷ്കാസിതരാകുന്നു.
സംസ്ഥാന ഹോമിയോപ്പതി വകുപ്പ് നിസർഗ എന്ന പേരിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു പദ്ധതി 2018-19 വർഷം മുതൽ ആവിഷ്കരിച്ചു നടപ്പിലാക്കിവരുകയാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സാമൂഹികവത്കരണത്തിനായി പ്രവർത്തിക്കുക, അവരുടെ ശാരീരിക-മാനസിക-വൈകാരിക പ്രശ്നങ്ങൾക്ക് പാർശ്വഫല രഹിതമായ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ 'നിസർഗ" എന്ന പേരിൽ ഒരു ഒ.പി വിഭാഗം പ്രവർത്തിച്ചുവരുന്നു. എല്ലാ വ്യാഴാഴ്ചയും രാവിലെ ഒൻപതു മുതൽ രണ്ടുവരെ പ്രസ്തുത ഒ.പി പ്രവർത്തിക്കുന്നതാണ്. ഇതിനോടൊപ്പം മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് കൗൺസലിംഗിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു
വന്ധ്യതയും വന്ധ്യതാചികിത്സയും വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു കുഞ്ഞിനെ വളർത്തിവലുതാക്കി വിവാഹം നടത്തി അവരുടെ മക്കളെ കണ്ട് സായൂജ്യമടയാം എന്ന ശരാശരി മനുഷ്യന്റെ ചിന്തയിൽനിന്ന് എന്റെ കുഞ്ഞ് ഏത് ലിംഗത്തിൽപ്പെട്ടതായാലും ഞാൻ വളർത്തി എന്റെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകരിക്കുന്ന ഉത്തമ പൗരനായി വളർത്തിയെടുക്കും എന്നതാകണം നമ്മുടെ കാഴ്ചപ്പാട്.
(ലേഖകൻ നിസർഗ സ്റ്റേറ്റ് കൺവീനറും ഹോമിയോപ്പതി വകുപ്പ് ചീഫ് മെഡിക്കൽ ഒാഫീസറുമാണ്.ഫോൺ:9446546425.)