പാങ്ങോട് : ഭരതന്നൂർ പബ്ളിക് മാർക്കറ്റിൽ ഉപയോഗശൂന്യമായ മാലിന്യ സംസ്കരണ പ്ളാന്റ് പൊളിച്ച് മാറ്റി കച്ചവട ആവശ്യങ്ങൾക്കുള്ള സ്റ്റാളുകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാങ്ങോട് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മാലിന്യ സംസ്കരണ പ്ളാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു പതിറ്റാണ്ടോളമായെങ്കിലും ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇപ്പോൾ പഞ്ചായത്ത് പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഉദ്ഘാടനം നടന്ന സമയത്ത് പ്ളാന്റിനുള്ളിൽ കൊണ്ടിട്ടിരുന്ന മാലിന്യങ്ങൾ ദ്രവിച്ചു നാറി.
തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ പഞ്ചായത്ത് ചെലവിൽ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ മാലിന്യ പ്ളാന്റിനുള്ളിൽ നടന്ന ഏക ജോലി. അശാസ്ത്രീയമായ നിർമ്മാണമാണ് പ്ളാന്റ് ഉപയോഗ ശൂന്യമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും ഇവർ ആരോപിക്കുന്നു.
മാർക്കറ്റ് കോംപ്ളക്സിൽ റോഡിനോട് ചേർന്ന് ആദ്യ ഘട്ടത്തിൽ നിർമ്മിച്ചിരുന്ന സ്റ്റാളുകളെല്ലാം കച്ചവടക്കാർക്ക് വാടകയ്ക് നൽകിക്കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ മാർക്കറ്റിനുള്ളിൽ നിർമ്മിച്ച സ്റ്റാളുകളുടെ ജോലികൾ പൂർത്തിയായിട്ടുണ്ടെങ്കിലും ഇനിയും വാടകയ്ക്ക് കൊടുത്തിട്ടില്ല. ഇത് കാരണം വലിയ നഷ്ടമാണ് പഞ്ചയത്തിന് ഉണ്ടാകുന്നത്.
സ്റ്റാളുകൾക്ക് ആവശ്യക്കാർ ധാരാളമുണ്ട്. സ്റ്റാളുകളുടെ കുറവ് കാരണം കച്ചവടക്കാർ മാർക്കറ്റിന് പുറത്തും റോഡരുകിലുമാണ് കച്ചവടം നടത്തുന്നത്. ഇത് ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. മാലിന്യ പ്ളാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്റ്റാളുകൾ നിർമ്മിച്ച് നൽകിയാൽ പഞ്ചായത്തിന് വരുമാനം കൂടുന്നതിനൊപ്പം നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ കച്ചവടത്തിന് സ്റ്റാളുകൾ ലഭ്യമാകുകയും ചെയ്യാം.
മാർക്കറ്റിനുള്ളിൽ ഷോപ്പിംഗ് കോംപ്ളക്സും മാലിന്യ സംസ്കരണ പ്ളാന്റും ഒരേ സമയത്താണ് നിർമ്മിച്ചത്. മാർക്കറ്റിനുള്ളിൽ കൂടുതൽ സ്ഥലവും ഇതിന് വേണ്ടിയാണ് ഉപയോഗിച്ചു. ഇക്കാരണത്താൽ വളരെ കുറച്ച് കച്ചവട സ്റ്റാളുകൾ മാത്രമേ മാർക്കറ്റിൽ നിർമ്മിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.