kidari-park
മിൽകോയുടെ ആഭിമുഖ്യത്തിൽ മേൽകടയ്ക്കാവൂരിൽ പ്രവർത്തിക്കുന്ന കിടാരി പാർക്ക്

ചിറയിൻകീഴ്: ക്ഷീരകർഷകർക്ക് മുന്തിയ ഇനം പശുക്കളെ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച കിടാരി പാർക്ക് കർഷകർക്ക് ആശ്വാസമാകുന്നു.കേരളത്തിൽ തന്നെ ആദ്യമായി ആരംഭിച്ച സംരംഭമാണിത്. കിടാരി പാർക്കിൽ പശുക്കൾ വില്പനയ്ക്ക് തയ്യാറായി.മേൽക്കടയ്ക്കാവൂർ മിൽകോ ഡയറിയുടെ ആഭിമുഖ്യത്തിൽ പാട്ടക്കരാർ വ്യവസ്ഥയിൽ ഭൂമി വാങ്ങിയാണ് കിടാരി പാർക്ക് ആരംഭിച്ചത്. 2019 ജനുവരി 21ന് മന്ത്രി കെ.രാജുവാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. സർക്കാരിൽ നിന്ന് കിട്ടുന്ന ഗ്രാന്റും ലോണും കൊണ്ടാണ് മിൽകോ ഡയറി ആധുനിക രീതിയിൽ കിടാരിപാർക്ക് ഒരുക്കിയിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പാർക്കിൽ ഇപ്പോൾ നൂറിലധികം പശുക്കളുണ്ട്. കന്നുകാലികളെ പരിചരിക്കുന്നതിനായി പരിശീലനം നേടിയിട്ടുള്ള ജീവനക്കാരുടെ സേവനവും ഇവിടെയുണ്ട്. ആഴ്ചകൾക്ക് മുമ്പ് ജഴ്സി ഇനത്തിലുള്ള രണ്ടു പശുക്കൾ ഇവിടെ പ്രസവിക്കുകയും ചെയ്തു.

മൂന്ന് വലിയ ഷെഡുകളുള്ള ഇവിടെ പശുക്കൾക്കാവശ്യമായ വൈയ്ക്കോലും ലഭ്യമാക്കുന്നുണ്ട്..

പഴഞ്ചിറ പാടശേഖരത്തിൽ പത്ത് ഹെക്ടർ പാട്ടത്തിനെടുത്ത് മിൽകോ നെൽകൃഷി ആരംഭിച്ചത് ഈയൊരു സംരംഭവും കൂടി മനസിൽ കണ്ടാണ്. ഇതിനുപുറമെ പശുക്കൾക്കാവശ്യമായ പുല്ല് നൽകുന്നതിനും സംവിധാനമുണ്ട്.

കൂടാതെ ചാണകത്തിൽ നിന്ന് അതിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ ജൈവവളം നിർമ്മിക്കുന്നതിനുള്ള പരീക്ഷണം ഡോ.കമലാസനൻപിള്ളയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇതോടൊപ്പം ഗോമൂത്രവും കർഷകർക്ക് ഉപയോഗകരമാക്കുന്നതിനായി പരീക്ഷണങ്ങളും നടക്കുന്നുണ്ട്.

ക്ഷീരകർഷകർക്ക് ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ആവശ്യക്കാരെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, മിൽക്കോ ഡയറി ക്ഷീരകർഷകരിൽ നിന്നും ചാണകം ഏറ്റെടുത്ത് ഉണക്കിപ്പൊടിച്ച് ആവശ്യക്കാർക്ക് വ്യവസായ അടിസ്ഥാനത്തിൽ വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. പഞ്ചമം സുരേഷ് പ്രസിഡന്റും അനികുമാർ സെക്രട്ടറിയുമായ മിൽകോ ഭരണസമിതിയുടെ നേതൃത്വത്തിലാണ് കിടാരിപാർക്ക് സജീവമായി മുന്നോട്ടുപോകുന്നത്.

കേരളത്തിലെ ആദ്യ സംരംഭം കിടാരി പാർക്ക്

സ്ഥലം: മേൽ കടയ്ക്കാവൂർ കുളപ്പാടം ജംഗ്ഷനു സമീപം

അറ്റെടുത്ത ഭൂമി: 3 ഏക്കർ

പാട്ടക്കരാർ: 10 വർഷത്തേയ്ക്ക്

ഇനങ്ങൾ

നാടൻ

2 ജഴ്സി

എച്ച്.എഫ്

ഗിർ

കൃഷ്ണ

ആകെ പശുക്കൾ: 180

പുഷക്കൃഷി: 22..55 ഏക്കറിൽ

പദ്ധതിഇങ്ങനെ

ആറുമാസം പ്രായമായ കിടാവുകളെ വാങ്ങി വളർത്തി പ്രസവിക്കുമ്പോൾ പശുവിനെയും കിടാവിനെയും ക്ഷീരകർഷകർക്ക് വിൽക്കുന്ന പദ്ധതിയാണിത്. പശുക്കുട്ടികളെ വളർത്തുമ്പോഴുണ്ടാവുന്ന സാമ്പത്തിക നഷ്ടം കർഷകർക്ക് ഒഴിവാക്കി ഗുണനിലവാരമുള്ള മുന്തിയയിനം പശുക്കളെ കർഷകർക്ക് നൽകാനാവുമെന്നുള്ളതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

കേരളം പാൽ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭാവി തലമുറയ്ക്ക് അത്യുല്പാദനശേഷിയുള്ള കറവപ്പശുക്കളെ രൂപപ്പെടുത്തുന്നതിലേക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമ്മുടെ കാലി സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും കേരളത്തിലെ കന്നുകുട്ടികളെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള കേരള സംസ്ഥാന സർക്കാരിന്റെ ബൃഹദ് പദ്ധതിയാണ് കിടാരി പാർക്ക്.