shilafalakam-kadumoodiya-

കല്ലമ്പലം: നാവായിക്കുളം - പള്ളിക്കൽ വെള്ളൂർക്കോണം മുസ്ലിം ജമാ-അത്ത് പള്ളിക്ക് സമീപം ഇ.എസ്‌.ഐ ഡിസ്‌പെൻ൯സറിക്ക് കെട്ടിടം നിർമിക്കാനായി സ്ഥലം അക്വയർ ചെയ്തെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു.ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്ഥലം കണ്ടെത്തി വാങ്ങിയ ഒന്നര ഏക്കർ ഭൂമി കാടുപിടിച്ച് കിടക്കുന്ന കാഴ്ച കല്ലമ്പലത്തുകാരെ എന്നും വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കശുഅണ്ടി ഫാക്ടറികളുള്ള പഞ്ചായത്താണ് നാവായിക്കുളം. ഭൂരിപക്ഷം തൊഴിലാളികളും ഇ.എസ്‌.ഐ സ്കീമിലെ ഗുണഭോക്താക്കളാണ്. അവർക്കുവേണ്ടി അരനൂറ്റാണ്ടിന് മുമ്പ് സ്ഥാപിക്കപ്പെട്ട ഡിസ്‌പെൻസറി ഇന്നും വാടകകെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ്. സൗകര്യപ്രദമായ ഇ.എസ്‌.ഐ ആശുപത്രിയും അതോടൊപ്പം ക്ഷേമനിധി ഓഫീസും ഒരേസ്ഥലത്ത് കൊണ്ടുവരുന്ന ഉദ്ദേശ്യത്തിലാണ് നാവായിക്കുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥലം കണ്ടെത്തിയത്‌. അന്ന് പ്രവാസിയായിരുന്ന സ്ഥലം ഉടമ ഷംസുദ്ദീൻ സെന്റിന് വെറും രണ്ടായിരം രൂപ വച്ചാണ് സർക്കാരിന് സ്ഥലം നൽകിയത്‌. ഇ.എസ്‌.ഐക്കായി സ്ഥലം ഏറ്റെടുത്തത ശേഷം വലിയ ചുറ്റുമതിലും കിണറും ടാങ്കും നിർമ്മിച്ച് ഗേറ്റിട്ട് പൂട്ടി. ഇ.എസ്‌.ഐ അധികാരികൾ കോമ്പൗണ്ടിലെ ഫലവൃക്ഷങ്ങൾ ഓരോ വർഷവും ലേലം ചെയ്ത് കൊടുത്തതല്ലാതെ മറ്റൊന്നും നടന്നില്ല. 2013ൽ ഇ.എസ്‌.ഐ ഡിസ്‌പെൻസറിയുടെയും ഇ.എസ്‌.ഐ ബ്രാഞ്ച് ഓഫീസിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനകർമം നടന്നു. 6 വർഷം വീണ്ടും കടന്നുപോയി. ഇപ്പോൾ ഈ ശിലാഫലകങ്ങൾ മാത്രം വെറും നോക്കുകുത്തികളായി നിൽക്കുകയാണ്.

2013 ൽ സ്ഥാപിച്ച ശിലാഫലകം കാടുമൂടിയ നിലയിൽ സ്ഥലം ഏറ്റെടുത്തിട്ട് 40 വർഷം


സ്ഥലമേറ്റെടുത്തത്: 1979 ൽ


 2005- എം.പി വർക്കല രാധാകൃഷ്ണ൯ ഇടപെട്ടു. കേന്ദ്രം കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചു. 4.5 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ്‌ എടുത്ത്‌ വിജ്ഞാപനമിറക്കി ടെൻഡർ നടപടികളിലേക്ക് പോയി


2008 - നാവായിക്കുളം ഗ്രാമപഞ്ചായത്ത് കെട്ടിട നിർമാണത്തിന് ബിൽഡിംഗ് പെർമിറ്റ് നൽകി. പെർമിറ്റ്‌ ഫീസ്‌ വരെ ഒഴിവാക്കിയാണ് പഞ്ചായത്ത്‌ പെർമിറ്റ്‌ നൽകിയത്‌. ചുവപ്പുനാടയിൽ കുരുങ്ങി കെട്ടിടനിർമ്മാണം വീണ്ടും വിസ്മൃതിയിലായി.

‍‍
 2013 ഏപ്രിൽ 20 ഇ.എസ്‌.ഐ ഡിസ്പെൻസറിയുടെയും ഇ.എസ്‌.ഐ ബ്രാഞ്ച് ഓഫീസിന്റെയും കെട്ടിടങ്ങളുടെ ശിലാസ്ഥാപനകർമം കേന്ദ്ര തൊഴിൽ വകുപ്പ് സഹ മന്ത്രി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.


2019 അന്ന് സ്ഥാപിച്ച ശിലാഫലകം നോക്കുകുത്തിയായി നിൽക്കുന്നു. കാടുകയറി ഇഴജന്തുക്കൾ താവളമാക്കി മദ്യപരും സാമൂഹ്യ വിരുദ്ധരും സ്ഥലം കൈയടക്കി

ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ കുമാർ ഗാംഗ് വാറും ഇ.എസ്.ഐ ഡയറക്ടർ ജനറലും ഉറപ്പ് നൽകി

- അടൂർപ്രകാശ്‌ എം.പി