കാലങ്ങളായി നിലനിന്ന പ്രാചീന അനാചാരങ്ങളും മനുഷ്യത്വ വിരുദ്ധമായ സമ്പ്രദായങ്ങളും തകർത്ത് ദാർശനിക സാമൂഹിക നവോത്ഥാനത്തിലൂടെ അധഃസ്ഥിത വർഗോദ്ധാരണത്തിന് കാരണഭൂതരായ ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പിസ്വാമികളെയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മറ്റനേകം മഹാരഥന്മാരെയും ശാസ്ത്രവിധിപ്രകാരം യോഗവിദ്യ അഭ്യസിപ്പിച്ചതുവഴി യോഗാഭ്യാസത്തിന്റെ വിശ്വഗുരുവായി മാറിയ മഹാത്മാവായിരുന്നു തൈക്കാട് അയ്യാഗുരു. ശതോത്തര ദശാബ്ദിയിലെത്തിയ അദ്ദേഹത്തിന്റെ മഹാസമാധി വാർഷികദിനമാണിന്ന്.
ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ട് ഭരണം നടത്തിയിരുന്ന മദിരാശി (ചെന്നൈ) യായിരുന്നു അയ്യാവിന്റെ ജന്മദേശം. തിരുവനന്തപുരമായിരുന്നു പിൽക്കാലത്ത് അദ്ദേഹത്തിന്റെ കർമ്മഭൂമി. തിരുവിതാംകൂറിൽ റസിഡന്റ്സി മാനേജരായി ഒൗദ്യോഗിക ജീവിതം നയിച്ച അദ്ദേഹം ബ്രിട്ടീഷ് ഭരണവും ഹൈന്ദവ ഭരണവും സഹവർത്തിത്വത്തിൽ കഴിഞ്ഞ ഇൗ രാജ്യത്തിന്റെ മഹത്വം ഉൾക്കൊണ്ടു ഉൽപ്പതിഷ്ണത്വവും യാഥാസ്ഥിതികത്വവും സമാന്തരമായി നിലനിന്ന ഇവിടെ അദ്ദേഹം ഒരു ഹിന്ദുമത പ്രതീകമായി മാറി. വേദാന്തം ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു ഉപായമല്ലെന്ന് മനസിലാക്കിയ അദ്ദേഹം അതിപുരാതനമായ ശിവരാജയോഗവിദ്യയുടെ ആചാര്യനും സമകാലീന പ്രയോക്താവുമായിരുന്നു. കാലഘട്ടത്തിന്റെ ചിന്താഗതിക്കനുസരിച്ച് ചിന്തിക്കുകയും ആ രീതിയിൽ ഭാരതീയരായ യോഗിമാർക്ക് സഹജമായ അദ്വൈതാനുഭൂതി ശിഷ്യഗണങ്ങൾക്ക് പകർന്നുനൽകുകയും ചെയ്ത കർമ്മയോഗിയായിരുന്നു അയ്യാഗുരു.
ഗൃഹസ്ഥാശ്രമിയായ ഏതൊരാൾക്കും സ്വപ്രയത്നംകൊണ്ട് ആദ്ധ്യാത്മികതയുടെ അത്യുന്നത നിലയിലെത്താൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. അതിന് ജാതി, മത, വർഗ, വർണഭേദങ്ങൾ പ്രതിബന്ധമായി മാറുന്നില്ലെന്നും അദ്ദേഹം പഠിപ്പിച്ചു. ചുരുക്കത്തിൽ സാധക ഹൃദയങ്ങളിലേക്ക് ഒരു വിളക്കിൽനിന്നും മറ്റൊരു വിളക്കിലേക്കെന്നപോലെ ആത്മജ്ഞാനത്തിന്റെ ദീപം പകർന്ന ശിവരാജ യോഗവിദ്യയുടെ മഹത്വദീപ്തിയ്ക്കുടമയായിരുന്നു അദ്ദേഹം.
1873 ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡന്റ്സി മാനേജരായി അദ്ദേഹം ഒൗദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ, തുടങ്ങിയ മഹാരാജാക്കന്മാരുടെ കാലങ്ങളോളം ദൈർഘ്യം നിന്ന ഒൗദ്യോഗിക ജീവിതം 1909 ൽ 96-ാം വയസിൽ അതിന് വിരാമം കുറിക്കാൻ അദ്ദേഹം തീരുമാനിച്ചു. രാജസന്നിധിയിൽ ചെന്ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് താൻ ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച ഇൗ സ്ഥിതിയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറാൻ നിശ്ചയിച്ചിരിക്കുന്നതായും അറിയിച്ചു.
യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴുദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം കർപ്പൂര ദീപാരാധന എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്്തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. ധ്യാനമുണർന്ന് താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുയർന്ന ദീപജ്യോതിസ്സിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിച്ച് അദ്ദേഹം പരമാത്മാവിൽ വിലയം പ്രാപിച്ചു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാഗുരു മഹാസമാധിയായി. തന്റെ ഇംഗിതപ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന് വടക്ക് കിഴക്കരികിലാണ് അദ്ദേഹത്തിന്റെ മഹാസമാധിസ്ഥാനം. അവിടെ 1943 ജൂണിൽ (കൊല്ലവർഷം 1118 ൽ) ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാഗുരു എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ: 9048771080).