യൂണിവേഴ്സിറ്റി കോളേജിൽ അക്രമം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. അരനൂറ്റാണ്ടിനു മുൻപേ ഈ കലാലയാങ്കണം മാർക്സിസ്റ്റ് സഖാക്കൾ ഒരു കലാപ വേദിയാക്കി മാറ്റി. എ.കെ. ആന്റണി കെ.എസ്.യു സംസ്ഥാന പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റും ഉമ്മൻചാണ്ടി സെക്രട്ടറിയുമായിരിക്കുന്ന കെ.എസ്.യു കാലഘട്ടം. ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായെത്തി. 1967ലായിരുന്നു സംഭവം. അക്കാലത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള പടവുകളായാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളെ കണ്ടിരുന്നത്.
ഞാനായിരുന്നു കെ.എസ്.യുവിന്റെ സ്പീക്കർ സ്ഥാനാർത്ഥി. പി.കെ. രാജൻ സെക്രട്ടറിയും ( കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി). എന്റെ എതിർ സ്ഥാനാർത്ഥി കെ.എസ്.എഫിലെ എൻ. സുഗതനായിരുന്നു. അദ്ദേഹം ഇപ്പോൾ ജനശക്തി മാസികയുടെ എഡിറ്ററാണ്. എന്തു സംഭവിച്ചാലും കലാലയമുറ്റത്ത് ഒരു തുള്ളി ചോര പോലും വീഴരുതെന്ന് ഞങ്ങൾ കെ.എസ്.യുക്കാർക്ക് നിർബന്ധമുണ്ടായിരുന്നു. കെ.എസ്.എഫ്, ആർ.എസ്.പിയുടെ പി.എസ്.യുക്കാരുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കോളേജിലെ വിദ്യാർത്ഥികളെ മൂന്ന് വിഭാഗമായി തിരിച്ച് അവരെ അഭിസംബോധന ചെയ്ത് സ്ഥാനാർത്ഥികൾ സംസാരിക്കണം. കുട്ടികളുടെ മുൻപിൽ സ്ഥാനാർത്ഥികൾക്ക് സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരമാണത്. യൂണിവേഴ്സിറ്റി കോളേജ് അന്ന് പ്രഗത്ഭരായ അദ്ധ്യാപകരെക്കൊണ്ട് സമ്പന്നമായിരുന്നു. ഡോ. എൻ.എസ്. വാരിയർ എന്ന പ്രഗത്ഭമതിയായിരുന്നു കലാലയ സാരഥി. പ്രൊഫ. എൻ. കൃഷ്ണപിള്ള, പ്രൊഫ. ജി. കുമാരപിള്ള, പ്രൊഫ. ഹൃദയകുമാരി, ഒ.എൻ.വി, വിഷ്ണു നമ്പൂതിരി, തിരുനല്ലൂർ കരുണാകരൻ, പ്രൊഫ. കെ.എം. ഡാനിയൽ, നബീസാ ഉമ്മാൾ ഇവരൊക്കെ കോളേജിനലങ്കാരമായി നിലകൊണ്ടു.
തിരഞ്ഞെടുപ്പ് ഗോദയിൽ നിൽക്കുന്ന സ്ഥാനാർത്ഥികൾ ദേശീയ പ്രശ്നങ്ങളും അന്തർദ്ദേശീയ പ്രശ്നങ്ങളും ഉയർത്തിക്കാണിച്ചാണ് വോട്ട് തേടിയത്. പ്രസംഗകലയിൽ ഞാനും എതിർ സ്ഥാനാർത്ഥി സുഗതനും ഒപ്പത്തിനൊപ്പം നിന്നു. നോട്ടീസുകളിലൂടെയാണ് സാഹിത്യ വിരുത് പ്രകടിപ്പിച്ചിരുന്നത്. പീതാംബര കുറുപ്പാണ് എനിക്കുവേണ്ടി എഴുതിയത്. ക്ളാസ് മുറികളിൽ കയറി പ്രസംഗിച്ചും കുട്ടികളുടെ വീടുകളിൽ എത്തിയുമൊക്കെയാണ് ഇരുകൂട്ടരും വോട്ട് കാൻവാസ് ചെയ്തത്. ആലപ്പുഴ എസ്.ഡി കോളേജിൽ ആദ്യത്തെ കെ.എസ്.യു ചെയർമാൻ പദവിയിലിരുന്നതുകൊണ്ട് തിരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് എനിക്കുള്ള ധാരണ അനുഗ്രഹമായി. അപരനെ നിറുത്തുന്ന ഏർപ്പാട് അന്നേയുണ്ട്. എതിരാളികൾ എനിക്കെതിരെ ഡി. ബാലചന്ദ്രനെ നിറുത്തി കുറച്ച് വോട്ടു പിടിച്ചുമാറ്റി. എങ്കിലും ഫലമറിഞ്ഞപ്പോൾ കെ.എസ്.യുക്കാർ ജയിച്ചു. എവറസ്റ്റ് കീഴടക്കിയ ആവേശമായിരുന്നു അന്ന് ഞങ്ങൾക്ക്. അങ്ങനെ യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യുവിന്റെ ആദ്യ ചെയർമാനായി ഞാൻ അവരോധിതനായി. അക്കാലത്ത് സാംസ്കാരിക പരിപാടികൾ ധാരാളം നടത്തി. വി.കെ. കൃഷ്ണമേനോൻ, ഗജേന്ദ്ര ഗാഡ്കർ, കെ. ബാലകൃഷ്ണൻ, പി. കേശവദേവ്, ജോസഫ് മുണ്ടശ്ശേരി, അഴീക്കോട് തുടങ്ങിയ പ്രഗത്ഭരായ പ്രാസംഗികരുടെ വാഗ്ധോരണി കേട്ട് കലാലയ പരിസരംപോലും രോമാഞ്ചമണിഞ്ഞു.
1968ൽ ഞാൻ മത്സരിച്ചില്ല. പകരം തിരഞ്ഞെടുപ്പിന്റെ മുഴുവൻ ചുമതലക്കാരനായി. പി.കെ. രാജൻ ചെയർമാനും എം.എം. ഹസൻ സെക്രട്ടറിയായും മത്സരിച്ചു. ഞങ്ങൾ ജയിക്കുമെന്നായപ്പോൾ എസ്.എഫ്.ഐക്കാർ അലറി വിളിച്ചുകൊണ്ട് ക്ളാസ് മുറികളിൽ വച്ചിരുന്ന ബാലറ്റ് പെട്ടികൾ തല്ലിപ്പൊളിക്കാൻ തുടങ്ങി. അദ്ധ്യാപകർ ഭയവിഹ്വലരായി മാറി നിന്നു. ഈ തക്കത്തിൽ വടിയും കല്ലുമായി വന്ന് ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായുണ്ടായ ആ ആക്രമണത്തെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടു. പ്രിൻസിപ്പൽ ആ വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പ് റദ്ദാക്കി. അന്നു മുതൽ എസ്.എഫ്.ഐക്കാർ ഒരു കാരണവുമില്ലാതെ കെ.എസ്.യുക്കാരെ ഓടിച്ചിട്ട് തല്ലാൻ തുടങ്ങി. ഒരു ദിവസം ഞാൻ എ. നീലലോഹിതദാസുമൊത്ത് കോളേജിനകത്തുകൂടി നടക്കുമ്പോൾ ഏതാനും പേർ ഓടി വന്ന് അടി തുടങ്ങി. അതുകഴിഞ്ഞ് കല്ലേറായി. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട് താമസസ്ഥലത്തെത്തി. ഞാനന്ന് യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് വാസം. രണ്ടാം നിലയിലെ അങ്ങേയറ്റത്തെ ഒരു മുറിയിൽ. ഏതാനും ദിവസം കഴിഞ്ഞപ്പോൾ പത്തിരുപതു പേർ എന്റെ മുറിയുടെ വാതിൽക്കൽ വന്ന് അത് പൊളിച്ച് എന്നെ മർദ്ദിക്കാൻ പരിപാടിയിട്ടു. അവർ അകത്ത് കടക്കുംമുമ്പ്, ഇളകിയിരുന്ന ഒരു ജനൽകമ്പി മാറ്റി താഴേക്ക് ഇറങ്ങി രക്ഷപ്പെട്ടു. അതുകഴിഞ്ഞപ്പോൾ എന്തും വരട്ടെയെന്ന് കരുതി ഞങ്ങൾ അഞ്ചാറുപേർ ഒരുമിച്ച് കോളേജിലേക്ക് ചെന്നു. കോളേജിനടുത്തെത്തിയപ്പോൾ പത്തിരുപതു പേർ ഞങ്ങളെ വളഞ്ഞു. കുറെ തൊഴിലാളികളും അവർക്കൊപ്പമുണ്ട്. എന്റെ കൂട്ടുകാരൻ ജോസഫിന്റെ പല്ല് ഒരുത്തൻ ഇടിക്കട്ടകൊണ്ട് അടിച്ചുകൊഴിച്ചു. ഇരുമ്പുവടികൊണ്ടായി അടുത്ത പ്രയോഗം. അതോടെ ഞങ്ങൾ ചിതറിയോടി. അതിനിടയിൽ ഒരുത്തൻ എന്നെ വലിച്ചിഴച്ച് ദൂരേക്ക് എറിഞ്ഞു. ചെന്നുവീണത് വൈ.ഡബ്ളിയു.സി.എയിൽ. ഹോസ്റ്റലിൽ കയറിയാണ് രക്ഷപ്പെട്ടത്. അവിടെ താമസിച്ച് പഠിക്കുന്ന കോളേജിലെ പെൺകുട്ടികൾ എന്നെ കണ്ടു സമാധാനിപ്പിച്ചു. ഹോസ്റ്റലിലെ മേട്രൻ ഒരു കന്യാസ്ത്രീയായിരുന്നു. അവർ പെട്ടെന്ന് വൈ. ഡബ്ളിയു.സി.എയുടെ ഗേറ്റടപ്പിച്ചു. അരിശം തീരാത്ത എസ്.എഫ്.ഐക്കാർ തൊട്ടടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിന്റെ മതിലിൽ കയറി നിന്ന് എന്നെ ചീത്ത വിളിച്ചുകൊണ്ടിരുന്നു.
അന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് വക്കം പുരുഷോത്തമൻ ആണ്. വിവരമറിഞ്ഞ അദ്ദേഹം ചാലയിൽ നിന്ന് കുറച്ച് ഐ.എൻ.ടി.യു.സിക്കാരെ വരുത്തിയാണ് എന്നെ വൈ.ഡബ്ളിയു.സി.എയിൽ നിന്ന് ഇറക്കിയത്. ബി.കെ. രവികുമാറും ഇക്ബാലും ഗേറ്റ് ചാടിക്കടന്ന് അകത്തുവന്ന് എന്നെ വിളിച്ചിറക്കി ജാഥയായി ഡി.സി.സിയിലേക്ക് കൊണ്ടുപോയി. ഇ.എം.എസ് മുഖ്യമന്ത്രിയായിരുന്ന ആ കാലത്ത് തുടങ്ങിയ അക്രമം വളർന്നുവളർന്ന് ഇന്ന് ഭീമാകരമായി. ജനാധിപത്യത്തിനെതിരെ ഏകാധിപത്യത്തിന്റെ തേർവാഴ്ച കോളേജുകളിലെല്ലാം അരങ്ങേറിയിരിക്കുന്നു. ഗുണ്ടായിസം കാണിച്ച് മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത, ചോദ്യം ചെയ്യപ്പെടാനാവാത്ത വിദ്യാർത്ഥി രാഷ്ട്രീയം തുടർന്നുകൊണ്ടിരുന്നു. അന്നൊക്കെ ഞങ്ങളുടെ രക്ഷയ്ക്കെത്തിയത് തടിച്ചു കുറിയ അല്പം മുടന്തുള്ള തൊഴിലാളി പ്രവർത്തകനായ ഇക്ബാലായിരുന്നു. അയാളെ മാത്രമേ എസ്.എഫ്.ഐ കാർക്ക് പേടിയുള്ളൂ.
യൂണിവേഴ്സിറ്റി കോളേജ് കലാപത്തിന്റെ നാൽക്കവലയാണ്. എം.ജി റോഡിന്റെ ഇരുവശങ്ങളിലായിട്ടാണ് യൂണിവേഴ്സിറ്റി കോളേജ് നിലകൊള്ളുന്നത്. അതിലൂടെ കടന്നുപോകുന്ന മാർക്സിസ്റ്റ് ഇതര ജാഥകളെ കല്ലെറിഞ്ഞ് ചിതറിയോടിക്കുകയും പൊലീസിനെ മനഃപൂർവം ആക്രമിക്കുകയും ചെയ്യുന്നത് എസ്.എഫ്.ഐക്കാരുടെ ക്രൂരവിനോദങ്ങളിലൊന്നാണ്. വിദ്യാർത്ഥി രാഷ്ട്രീയം കഴിഞ്ഞ് ഞാൻ ആലപ്പുഴ എസ്.ഡി കോളേജിൽ അദ്ധ്യാപകനായി ചേർന്നു. മുപ്പത്തിരണ്ട് വർഷത്തെ അദ്ധ്യാപനം.കാമ്പസിന് പുറത്ത് എനിക്ക് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും ഒരിക്കൽപ്പോലും കലാലയത്തിനകത്ത് ഞാനൊരു രാഷ്ട്രീയക്കാരനായിരുന്നില്ല. അക്കാര്യം പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികളെ കുത്തിമലർത്തുന്നതും മുതുകത്ത് ചാപ്പ കുത്തുന്നതും സഹോദരിമാരായ വിദ്യാർത്ഥിനികളെ പുലഭ്യം പറഞ്ഞ് അപമാനിക്കുന്നതും നിന്ദ്യമാണ്. അദ്ധ്യാപകർ കോളേജിനകത്ത് രാഷ്ട്രീയം കളിക്കേണ്ടവരല്ല. പ്രിൻസിപ്പൽ വെറും നോക്കുകുത്തിയാകരുത്. നിയമപാലകർ വെറും മൈൽക്കുറ്റികളുമല്ല. മറ്റ് സംഘടനകൾക്ക് മത്സരിക്കാനവസരം കൊടുക്കാതിരിക്കുന്നത് മുതിർന്ന നേതാക്കൾ വിലക്കണം. ഒരു വിദ്യാർത്ഥിയുടെ ചങ്കിലെ ചോര വീണപ്പോഴെങ്കിലും വീണ്ടുവിചാരമുണ്ടായത് ശുഭോദർക്കമാണ്. എല്ലാം തീർന്നു എന്നു കരുതുക വയ്യ. യൂണിവേഴ്സിറ്റി കോളേജിൽ നിന്നു പഠിച്ചിറങ്ങിയ എത്രയോപേർ ഉന്നത കലാകാരന്മാരും ഭരണാധികാരികളും ശാസ്ത്രജ്ഞന്മാരുമായിട്ടുണ്ട്. പാരമ്പര്യത്തിന് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് കലാലയത്തിൽ നടന്നത്.