ബോളിവുഡിലെ നമ്പർ വൺ നായികയാണ് ദീപിക പദുകോൺ. താരത്തിന്റെ ഫിറ്റ്നസ് സീക്രട്ട് എന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്. കൃത്യമായ ഡയറ്റും വ്യായാമവും ഒക്കെ ചെയ്യുമെങ്കിലും ഇഷ്ട ഭക്ഷണം കണ്ടാൽ കൺട്രോൾ പോകുന്നയാളാണ് ദീപികയെന്നത് പരസ്യമായ രഹസ്യമാണ്. ബി പോസിറ്റീവ്, അതാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് താരംതന്നെ പല അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഭക്ഷണ ക്രമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരം.
സാധാരണ ഡയറ്റ് ഭക്ഷണങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ദീപികയുടെ മെനു. രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലുമാണ് രാവിലത്തെ ഭക്ഷണം. ഇതോടൊപ്പം ദോശയോ ഇഡ്ഡലിയോ റവ ഉപ്പുമാവോ ഉണ്ടാകും. ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ കടുത്ത ആരാധികയാണ് ദീപിക. ഉച്ചയ്ക്ക് ഗ്രിൽ ചെയ്ത മീൻ,വെജിറ്റബിൾ സലാഡ്, ഇതോടൊപ്പം ചപ്പാത്തിയും. എണ്ണയുടെ ഉപയോഗം വളരെ കുറവാണ്. ഇടനേരത്ത് വെള്ളവും പഴങ്ങളും നട്സും കഴിക്കാറുണ്ട്. വൈകിട്ട് ഒരുഗ്രൻ ഫിൽട്ടർ കോഫി.
രൺവീർ സിംഗുമൊത്തുള്ള വിവാഹത്തിന് ബംഗളൂരുവിലെ സ്പെഷ്യൽ കാപ്പിപ്പൊടി ഇറ്റലിയിലെ വിവാഹവേദിയിൽ എത്തിച്ചയാളാണ് ദീപിക. അന്ന് വിവാഹത്തിനെത്തിയവരെ എതിരേറ്റത് താരത്തിന്റെ പ്രിയപ്പെട്ട ഫിൽട്ടർ കോഫിയായിരുന്നു. രാത്രിയിൽ ചപ്പാത്തിയും പരിപ്പ് കറിയും. അല്ലെങ്കിൽ സീസണൽ ഫ്രൂട്ട്സിന്റെ സലാഡ്. തേങ്ങാവെള്ളമോ ഫ്രഷ് ഫ്രൂട്ട് ജ്യൂസോ കുടിക്കും. ഡസേർട്ടിനായി ഡാർക് ചോക്ളേറ്റാണ് ഉപയോഗിക്കുന്നത്. ഉറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഭക്ഷണം കഴിക്കുന്നതും ദീപികയുടെ ആരോഗ്യ സൗന്ദര്യ രഹസ്യമാണ്.