crime

തിരുവനന്തപുരം: തട്ടിപ്പ് നടത്തിയശേഷം പിടിക്കപ്പെടാതിരിക്കാൻ പലവേഷങ്ങളും പ്രതികൾ കെട്ടാറുണ്ട്. എന്നാൽ, എല്ലാ തട്ടിപ്പുകാരെയും കടത്തിവെട്ടുന്ന സ്റ്റൈൽ ഒരുപക്ഷേ, തിരുവനന്തപുരം നാലാഞ്ചിറ കിനാവൂർ മുണ്ടൈക്കോണം പുത്തൻവിള വീട് എൻ.സി.ആർ.ആർ.എ 45, ടി.സി 12–678 ൽ ജോയിതോമസ് (48) മാത്രമേ പുറത്തെടുത്തിട്ടുണ്ടാവൂ. 'പരേതന്റെ' വേഷമാണ് ജോയിയുടെ നമ്പർ! പക്ഷേ, ഒടുവിൽ സംഗതി ചീറ്റി. തട്ടിപ്പിനായി എസ്.ഐ ചമഞ്ഞപ്പോൾ പൊലീസ് പിടിയിലായി.

ജോയി ഓടിച്ച കാർ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ മറ്റൊരു കാറുമായി തട്ടിയതാണ് കെണിയായത്. ഓൺലൈൻ ടാക്സി സർവീസിന്റെ ഭാഗമായ ഒരുകാർ ആഴ്ചകളായി പട്ടം എസ്.സി.ആർ.ബിയിലെ (സ്റ്രേറ്ര് ക്രൈം റെക്കാ‌ഡ്സ് ബ്യൂറോ) എസ്.ഐയെന്ന വ്യാജേന ജോയി തോമസ് ഉപയോഗിച്ചുവരികയായിരുന്നു. അപകടത്തെ തുടർന്ന് വണ്ടിയ്ക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ വാഹന ഉടമകൾ സ്റ്റേഷനിൽ ജി.ഡി എൻട്രിക്കെത്തിയപ്പോൾ ഓൺലൈൻ ടാക്സി ഓടിച്ചതാരാണെന്ന് പൊലീസ് അന്വേഷിച്ചു. എസ്.സി.ആർ.ബിയിലെ എസ്.ഐയാണ് വാഹനം ഓടിച്ചതെന്ന് ഓൺലൈൻ ടാക്സി ഉടമ അറിയിച്ചു. ഓൺലൈൻ ടാക്സി സ്ഥിരമായി വാടകയ്ക്കെടുത്ത് എസ്.ഐ കറങ്ങുന്നതിൽ സംശയം തോന്നിയ പൊലീസ് എസ്.സി.ആർ.ബിയിൽ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാൾ അവിടെ ജോലിചെയ്യുന്നില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മൊബൈൽ ഫോൺ നിരീക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ജോയിയെ തമ്പാനൂർ പൊലീസ് പൊക്കി. സ്റ്റേഷനിലെത്തിച്ചശേഷം മണ്ണന്തല പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലി തട്ടിപ്പ് കേസിൽ അന്വേഷിച്ച് നടക്കുന്ന പ്രതിയാണെന്ന് വ്യക്തമായത്.

ആൾമാറാട്ടം പലവിധം

എക്സൈസ് ആൻഡ് കസ്റ്റംസ് അസി.കമ്മിഷണർ, ഐ.പി.എസ് ഓഫിസർ, റെയിൽവേ ടി.ടി.ആർ എന്നിങ്ങനെ പല പദവികളിലും പേരുകളിലും ആൾമാറാട്ടം നടത്തി വിലസി വരികയായിരുന്നു ജോയി. എക്സൈസ്, പൊലീസ്, കസ്റ്റംസ്, റെയിൽവേ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി. കാഴ്ചയിൽ ഓഫീസറാണെന്ന് തോന്നുംവിധം വേഷവിധാനം നടത്തി വാഹനങ്ങളിൽ സഞ്ചരിക്കുന്ന ജോയി സംസാരിച്ച് ആരെയും വശത്താക്കാൻ വിരുതനാണ്. എക്സൈസിലും കസ്റ്റംസിലും മറ്റും ഓഫീസറാണെന്ന നിലയിൽ പരിചയപ്പെടുന്ന ഇയാൾ ചുരുങ്ങിയ സമയംകൊണ്ട് അവരുമായി സൗഹൃദത്തിലാകും. പദവിയുടെ പത്രാസും തലക്കനവുമൊന്നുമില്ലാത്ത പെരുമാറ്റത്തിലൂടെ ആരെയും ക്ഷണനേരം കൊണ്ട് വശീകരിക്കും. തുടർന്ന് അവരുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും. നിരന്തര വിളിയും വാട്ട്സ് ആപ്പ് സന്ദേശങ്ങളുമൊക്കെയായി ഇരകളുടെ വിശ്വാസം ആർജിച്ചശേഷം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടും.

വിവിധ നെയിംബോർഡുകൾ പതിച്ച യൂണിഫോമും വ്യാജ ഐഡി കാർഡും ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം. ചാടിയറ സ്വദേശി സരളാദേവിയുടെ മകൾക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ ഓഫിസ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 36,000 രൂപ തട്ടിയെടുത്തതായ പരാതിയിൽ മ്യൂസിയം പൊലീസ് അന്വേഷിച്ചു വരുമ്പോഴാണ് തമ്പാനൂരിൽ ജോയി പിടിക്കപ്പെട്ടത്.

കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന യൂണിഫോമിലെത്തിയാണ് ഇയാൾ പണം വാങ്ങിയത്. മെഡിക്കൽ എടുക്കാനെന്ന പേരിൽ വീണ്ടും ജോയി പണം ആവശ്യപ്പെട്ടെങ്കിലും ജോലി ലഭിച്ചശേഷം ബാക്കി പണം നൽകാമെന്ന നിലപാടിലായി സരളാദേവി. ഇതോടെ ഇവരുടെ കോളുകൾ അറ്റൻഡ് ചെയ്യാതെ ജോയി മുങ്ങി. സരളാദേവിയെ ജോയിക്ക് പരിചയപ്പെടുത്തിയ മറ്രൊരു കുടുംബവും ഇയാളുടെ തട്ടിപ്പിനിരയായി. തട്ടിപ്പിന് ഇരയായവർ തന്നെ അന്വേഷിച്ച് വരുമെന്ന് തിരിച്ചറിഞ്ഞ ജോയി വീടിന്റെ ഹാളിൽ ഫ്രെയിം ചെയ്ത സ്വന്തം ഫോട്ടോയിൽ ഹാരം ചാർത്തി സ്ഥിരമായി കത്തിനിൽക്കുന്ന സീറോവോൾട്ട് ബൾബും പ്രകാശിപ്പിച്ചശേഷം മു​ങ്ങുകയായിരുന്നു.

ഇതോടെ ഇയാൾ മരിച്ചുപോയെന്ന് പലരും വിശ്വസിച്ചു.

കാർഡുകൾ പലതരം

വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് തട്ടിപ്പ് കേസിൽ അകത്തായതോടെ ഭാര്യയും മക്കളും പിണങ്ങിപ്പോയി. പിന്നീട് തിരുനെൽവേലി സ്വദേശിയായ മറ്രൊരു യുവതിയ്ക്കൊപ്പം ജ്യോതിസ് എന്ന പേരിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി നോക്കുന്നു എന്ന വ്യാജേന താമസം തുടങ്ങിയെങ്കിലും തട്ടിപ്പുകൾ ബോദ്ധ്യപ്പെട്ട അവരും ഇയാളെ ഉപേക്ഷിച്ചു. അയൽക്കാരുമായി പിണക്കത്തിലായതിനാൽ ജോയിയുടെ തട്ടിപ്പുകൾ അധികമാർക്കുമറിയില്ല. തട്ടിപ്പ് കേസിൽ ജോയിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വീട് പരിശോധിച്ചപ്പോൾ

കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുടെ വ്യാജ ഐഡി കാർഡുകൾ, പൊലീസ് യൂണിഫോം, നെയിം ബോർഡ്, ടി.ടി.ആറിന്റെ യൂണിഫോം, ഐ.പി.സി–സി.ആർ.പി.സി നിയമ പുസ്തകങ്ങൾ, സർവീസ് ബുക്ക്, സീലുകൾ എന്നിവയും നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നു വാങ്ങിയ ഫോട്ടോ പതിച്ച അപേക്ഷകളും കണ്ടെത്തി. ജോയി പിടിയിലായ വാർത്തയറിഞ്ഞ് തട്ടിപ്പിനിരയായ ധാരാളംപേർ പരാതിയുമായി എത്തുന്നതായി പൊലീസ് അറിയിച്ചു. സ‌ർവീസ് ബുക്കും വ്യാജ സീലുകളും മറ്റും കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ജോയിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു.