ബീജിംഗ്:കണ്ടാൽ അമ്മയും മോളും ഒരുപോലെ. ആർക്കാണ് പ്രായം കൂടിയതെന്ന് തിരിച്ചറിയാനേ കഴിയുന്നില്ല. ഇങ്ങനെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാവും. എന്നാൽ ഹോങ്കോംഗ് നടി ചിംഗ് മി യൗ സുകിന്റെയും മകളുടെയും കാര്യത്തിൽ ഇത് അക്ഷരം പ്രതി ശരിയാണ്. അമ്പത്തൊന്നുകാരി ചിംഗ്മിയെയും മകൾ പതിനെട്ടുകാരി ഷം യുവിനെയും തിരിച്ചറിയുക പ്രയാസം തന്നെ. രണ്ടുപേരുടെയും സൗന്ദര്യം ഒന്നിനൊന്ന് മെച്ചം. മകളെക്കാൾ അമ്മയ്ക്ക് സൗന്ദര്യം കൂടിവരികയാണെന്നാണ് അടുപ്പക്കാർ പറയുന്നത്.
കടുത്ത ഭക്ഷണനിയന്ത്രണമുൾപ്പെടെ പാലിച്ചാണ് ചിംഗ് സൗന്ദര്യം നിലനിറുത്തുന്നത്. ഇതിനുവേണ്ടി കോടികളാണ് പൊടിക്കുന്നത്. പ്രഭാതഭക്ഷണം പഴങ്ങൾ മാത്രമാണ്.കിട്ടുന്ന പഴങ്ങൾ കൊണ്ട് അഡ്ജസ്റ്റുചെയ്യുമെന്ന് വിചാരിക്കരുത്. വ്യത്യസ്ത ഇനങ്ങൾ ഇടകലർത്തിയാണ് കഴിക്കുന്നത്. കീടനാശിനികൾ ഒന്നും പ്രയോഗിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലേ കഴിക്കൂ. ഇതിനൊപ്പം ധാരാളം ശുദ്ധജലവും കുടിക്കും. പോഷകാംശങ്ങൾ നിറഞ്ഞ എന്നാൽ കൊഴുപ്പുകുറഞ്ഞ ആഹാരമാണ് ഉച്ചയ്ക്ക്. അതുപോലെതന്നെ രാത്രിയിലും. ഇതിൽ നോ കോംപ്രമൈസ്.
ഭക്ഷണത്തിനെക്കാൾ പ്രധാനമായ മറ്റുരണ്ടുകാര്യങ്ങളാണ് സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഏറെ സഹായിക്കുന്നതെന്നാണ് ചിംഗ് പറയുന്നത്. ഒലീവ് ഒായിലിന്റെ ഉപയോഗവും യോഗയും. ദിവസവും ഒരു മണിക്കൂർ യോഗ നിർബന്ധമാണ്.
ഇത്രയും കഷ്ടപ്പെട്ടാണ് സൗന്ദര്യം സംരക്ഷിക്കുന്നതെങ്കിലും അതൊന്നും കാണാതെ ശസ്ത്രക്രിയക്ക് വിധേയയാണ് ചിംഗ് സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്നാണ് ചിലരുടെ ആരോപണം. 19ാം വയസിൽ മിസ് ഹോങ്കോംഗ് മത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ഇൗ ആരോപണം ആദ്യമായി കേട്ടത്. ഇത് വിശ്വസിച്ച സംഘാടകർ ഫൈനലിൽ മത്സരിക്കാൻ അവസരം നിഷേധിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് വിധേയയായിട്ടില്ലെന്ന് ആവുന്നത്ര പറഞ്ഞിട്ടും ആരും കേട്ടില്ല.
വിവാഹം കഴിഞ്ഞതോടെ അഭിനയം പൂർണമായും നിറുത്തിയെങ്കിലും ഇപ്പോഴും സിനിമാ താരമെന്ന ലേബലിലാണ് ചിംഗ് അറിയപ്പെടുന്നത്. ആരാധകരും ഏറെയാണ്. അമ്മയുടെ അത്ര പോപ്പുലറല്ല മക്കൾ. അഭിനയത്തോടും വലിയ താത്പര്യമില്ല.