തിരുവനന്തപുരം: കോടതിയിൽ കേസ് നിലവിലിരിക്കെ മാനദണ്ഡങ്ങൾ നോക്കുകുത്തിയാക്കി ബിവറേജസ് കോർപറേഷനിൽ അനധികൃത സ്ഥാനക്കയറ്റങ്ങൾക്കുള്ള നീക്കം വിവാദമാവുന്നു.
അസിസ്റ്റന്റ് ഗ്രേഡ് വൺ തസ്‌തികയിലുള്ളവരെ അസിസ്റ്റന്റ് മാനേജരും, 2015ൽ അസിസ്റ്റന്റ് മാനേജരായവരെ മാനേജരുമാക്കാനുമാണ് നീക്കം. അസിസ്റ്റന്റ് മാനേജരാകാൻ എം.ബി.എ, എം.കോം അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഐ.എം.ജിയിൽ പരിശീലനം ലഭിച്ചവരെ നിയമിക്കാം. ഈ പഴുതിലൂടെയാണ് ഡിഗ്രി മാത്രമുള്ള അസിസ്റ്റന്റ് ഗ്രേഡ് വണ്ണുകാരെ ഒരു മാസത്തെ ഐ.എം.ജി പരിശീലനത്തിന്റെ മറവിൽ അസിസ്റ്റന്റ് മാനേജർമാരാക്കിയത്. ഗ്രേഡ് രണ്ടിൽ നിന്ന് വണ്ണിലേക്ക് പ്രൊമോട്ട് ചെയ്‌ത് നാല് വർഷത്തിനുള്ളിലാണ് വീണ്ടും സ്ഥാനക്കയറ്റം. ഇവരിൽ നിന്ന് മാനേജർ തസ്തികയിലേക്ക് 16 പേരുടെ ചുരുക്കപ്പട്ടികയും തയ്യാറാക്കി. ഇതിനെതിരെ ഒരു ജീവനക്കാരി നൽകിയ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്.
സ്റ്രാഫ് പാറ്റേണും റേഷ്യോ സമ്പ്രദായവും ഇല്ലാത്തതിനാൽ ഗ്രേഡ് വൺ തസ്‌തികയ്‌ക്ക് സമാനമായ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ അസിസ്റ്റന്റ് മാനേജർ പ്രൊമോഷന് പരിഗണിച്ചില്ല. ഇതിനെതിരെ നൽകിയ കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 33 കമ്പ്യൂട്ടർ പ്രോഗ്രാമർമാരാണ് ഇപ്പോഴുള്ളത്.
തൂപ്പുകാർക്കും
അവഗണന
ചില്ലറ മദ്യവില്പനശാലകളുടെ പരിസരം വൃത്തിയാക്കുന്ന തൂപ്പുകാർക്ക് മിനിമം വേതനവും നടപ്പാക്കിയിട്ടില്ല. 270 ചില്ലറവില്പനശാലകളിലെ 420 കൗണ്ടറുകളിൽ നിന്ന് വലിച്ചെറിയുന്ന പേപ്പർപെട്ടികൾ അടുക്കുന്നതും ഇവരാണ്.
മിനിമം വേതനം പഞ്ചായത്ത് പരിധിയിൽ മൂന്ന് മണിക്കൂറിന് 186 രൂപയും നഗരസഭാ പരിധിയിൽ 215 രൂപയും നിശ്ചയിച്ച് ഒമ്പത് മാസം മുമ്പ് തൊഴിൽ വകുപ്പ് വിജ്ഞാപനമിറക്കിയിരുന്നു. 270 പാർട്ട്ടൈം സ്വീപ്പർമാരാണുള്ളത്. 19 വർഷം മുമ്പ് മണിക്കൂറിന് 10 രൂപ വേതനത്തിലായിരുന്നു നിയമനം. 2010ൽ മനുഷ്യാവകാശ കമ്മിഷനിടപെട്ട് മൂന്ന് മണിക്കൂർ ജോലിയും അതിനുള്ള വേതനവുമാക്കി.
പഞ്ചായത്ത് പരിധിയിലെ ഷോപ്പുകളിൽ ആദ്യ മണിക്കൂറിന് 36 രൂപയും തുടർന്നുള്ള രണ്ട് മണിക്കൂറുകൾക്ക് 26 രൂപ വീതവുമടക്കം ഒരു ഷിഫ്ടിൽ 88 രൂപ ലഭിക്കും. നഗരസഭാ പരിധിയിൽ ഇത് യഥാക്രമം 40ഉം 30 ഉം ആണ്. ആകെ 100 രൂപ. ദിവസവും മൂന്ന് ഷിഫ്ടുകളും.