ലണ്ടൻ:മുള്ളുള്ളതും നമ്മുടെ ചൊറിയണത്തെപ്പോലെ ചൊറിച്ചിലുണ്ടാക്കുന്നതുമായ ചെടി ഇലയോടെ പച്ചയ്ക്ക് നന്നായി ചവച്ചരച്ച് തിന്നണം. കൂടുതൽ തിന്നുന്നയാൾക്ക് സമ്മാനം. തെക്കുപടിഞ്ഞാറൻ ബ്രിട്ടനിലാണ് വ്യത്യസ്തമായ ഇൗ തീറ്റമത്സരം അരങ്ങേറുന്നത്. ഇൗ വട്ടൻ മത്സരത്തിൽ പങ്കെടുക്കാൻ ആരെങ്കിലും എത്തുമോ എന്ന സംശയമേ വേണ്ട. അയൽരാജ്യങ്ങളിൽ നിന്നുപോലും ധാരാളംപേർ എത്തുന്നുണ്ട്.
1997ലാണ് ആഗോളതലത്തിൽ ഈ തീറ്റമത്സരം സംഘടിപ്പിച്ചുതുടങ്ങിയത്. പ്രായപൂർത്തിയായ ആർക്കും പങ്കെടുക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. നിരന്നിരിക്കുന്ന മത്സരാർത്ഥികളുടെ മുന്നിൽ നല്ല ഫ്രഷ് ചൊറിയണം എത്തിക്കും. അതാേടെ മത്സരം തുടങ്ങും. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ തിന്നുന്നവർക്ക് കിടുക്കൻ സമ്മാനം ഉറപ്പ്. മത്സരത്തിനിടെ തൊണ്ടകടിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ കുടിക്കാൻ ആപ്പിൾ ജ്യൂസും വെള്ളവുമൊക്കെ കിട്ടും. പക്ഷേ, ഇത് കുടിക്കാൻ ശ്രമിച്ചതാൽ തീറ്റയുടെ വേഗത കുറയും. അതിനാൽ ഒട്ടുമിക്കവരും ഇതൊന്നും ഉപയോഗിക്കില്ല.
മത്സരം കഴിയുമ്പോൾ എല്ലാവരുടെയും വായ നീരുവന്ന് വീർത്ത അവസ്ഥയിലായിരിക്കും. ഒന്നുരണ്ടുദിവസം ഭക്ഷണ സാധനങ്ങളുടെ രുചിയറിയാൻ പോലും കഴിയില്ല. അറുപത്തേഴുകാരിയായ മുൻ അദ്ധ്യാപികയാണ് വനിതകളുടെ വിഭാഗത്തിലെ ഇത്തവണത്തെ വിജയി. പുരുഷന്മാരിലെ വിജയി ആരാണെന്ന് വ്യക്തമല്ല.