നെടുമങ്ങാട് : പേരയം ഗവ. യു.പി.എസിലെ വിദ്യാർത്ഥികൾ ഓണത്തിനു മുമ്പേ പച്ചക്കറികൾ വിളയിച്ചു. സ്കൂൾ പരിസരത്ത് തരിശ് കിടന്ന മുപ്പതു സെന്റ് സ്ഥലത്ത് പടവലം, വെണ്ട, കത്തിരി, വഴുതന, മുളക്, പയർ, ചീര, പപ്പായ തുടങ്ങിയ വിളകളുടെ സമൃദ്ധിയാണിപ്പോൾ. കാർഷിക രംഗത്ത് താത്പര്യമുള്ള 40 കുട്ടികൾ ഉൾപ്പെട്ട കാർഷിക ക്ലബ് 'ഹരിത'യുടെ നേതൃത്വത്തിലായിരുന്നു പഠന സമയശേഷവും അവധി ദിവസങ്ങളിലും കൃഷി നടത്തിയത്. ജൈവവളവും ജൈവകീടനാശിനിയുമാണ് ഉപയോഗിച്ചത്. ഏഴാം ക്ലാസുകാരൻ മണികണ്ഠനാണ് ലീഡർ. പച്ചക്കറിക്കൃഷി കൂടാതെ ഒരു വാഴത്തോട്ടം കൂടി നിർമ്മിച്ചിട്ടുണ്ട്. ഇനി തെങ്ങും പ്ലാവും മാവും കൃഷി ചെയ്യാൻ തയ്യാറെടുക്കുകയാണ് കുട്ടികൾ. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിയുടെ എൺപത് ശതമാനത്തോളം കുട്ടിക്കർഷകർ വിളയിക്കുന്നതാണെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിലെ കൃഷിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പല കുട്ടികളും വീട്ടിലും കൃഷി ആരംഭിച്ചിട്ടുണ്ട്. പനവൂർ കൃഷി ഓഫീസർ ഷൈസ്, കൃഷി അസിസ്റ്റന്റ് പ്രിയകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു, പി.ടി.എ പ്രസിഡന്റും വാർഡ് മെമ്പറുമായ അനീഷ്, എസ്.എം.സി ചെയർമാൻ ബാബുരാജ് എന്നിവർ മേൽനോട്ടം വഹിച്ചു.