കടയ്‌ക്കാവൂർ: തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭം അഞ്ചുതെങ്ങ് തീരത്തെ പൂർണമായും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. ചിറയിൻകീഴ് പൂത്തുറ മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരമാണ് ഭീഷണിയിലായത്. കടൽക്ഷോഭം ചെറുക്കാൻ സ്ഥാപിച്ച സംവിധാനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കടൽക്ഷോഭം കാരണം അഞ്ഞൂറ് മീറ്ററോളം തീരമാണ് ഇവിടെ നഷ്ടമായത്. കടൽക്ഷോഭം ശക്തമായതോടെ നിരവധി കുടുംബങ്ങളാണ് ആശങ്കയിലായത്. തീരം നശിച്ചതിനാൽ മറ്റിടങ്ങൾ തേടിപ്പോകേണ്ടിവരുമെന്ന ആശങ്കയിലാണ് ഇവർ. മുതലപ്പൊഴിയിൽ നടക്കുന്ന അശാസ്ത്രീയ നിർമ്മാണം കാരണമാണ് തീരം തകരുന്നതെന്നാണ് മറ്രൊരുവാദം. സുനാമി തീരത്ത് നാശം വിതച്ചപ്പോൾ ഇവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 14 വർഷം കഴിഞ്ഞിട്ടും പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. നെടുങ്ങണ്ട വരെയുള്ള കടൽത്തീരം സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ഇടപെടൽ വേഗത്തിലാക്കണം
---------------------------------------------------
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നിർണായക സംഭവമായ ആറ്റിങ്ങൽ കലാപത്തിന് സാക്ഷ്യംവഹിച്ച അഞ്ചുതെങ്ങ് കോട്ട തീരത്തോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. 1695ലാണ് ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട സ്ഥാപിച്ചത്. കായിക്കരയിൽ മഹാകവി കുമാരനാശാൻ സ്‌മാരകവും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 150 വർഷം പഴക്കമുള്ള അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും നിരവധി ആരാധനാലയങ്ങളും സ്‌കൂളുകളും തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു. കടൽക്ഷോഭം രൂക്ഷമാകുന്നത് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ആവശ്യം
---------------------------------------------
തീര സംരക്ഷണത്തിന് പ്രത്യേക പദ്ധതി വേണം
സുരക്ഷിത ഭവനപദ്ധതി യാഥാർത്ഥ്യമാക്കണം
മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കണം
അഞ്ചുതെങ്ങ് തീരത്ത് പുലിമുട്ട് സ്ഥാപിക്കണം
കരിങ്കൽഭിത്തി നിർമ്മാണം വേഗത്തിലാക്കണം
അടിയന്തര നടപടിവേണം
----------------------------------------
താഴംപള്ളി മുതൽ നെടുങ്ങണ്ട വരെയുള്ള തീരദേശം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണം.
അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത്
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഭീഷണിയിലായ വീടുകൾ
----------------------------------------
മുതലപ്പൊഴി (ചിറയിൻകീഴ് പഞ്ചായത്ത്) - 291 വീടുകൾ
അരയതുരുത്തി (ചിറയിൻകീഴ് പഞ്ചായത്ത്) - 216 വീടുകൾ
കായിക്കര ആശാൻ സ്‌മാരകം (അഞ്ചുതെങ്ങ്) - 343 വീടുകൾ
പൂത്തുറ (അഞ്ചുതെങ്ങ് പഞ്ചായത്ത്) - 390 വീടുകൾ
കോൺവെന്റ് (അഞ്ചുതെങ്ങ് പഞ്ചായത്ത്) - 288 വീടുകൾ
പഞ്ചായത്ത് ഓഫീസ് (അഞ്ചുതെങ്ങ്) - 285 വീടുകൾ
അഞ്ചുതെങ്ങ് ജംഗ്ഷൻ (അഞ്ചുതെങ്ങ്) - 310 വീടുകൾ
മണ്ണാക്കുളം (അഞ്ചുതെങ്ങ്) - 277 വീടുകൾ
മുണ്ടുതുറ (അഞ്ചുതെങ്ങ് പഞ്ചായത്ത്) - 211 വീടുകൾ
മാമ്പള്ളി (അഞ്ചുതെങ്ങ് പഞ്ചായത്ത്) - 238 വീടുകൾ
ഭീഷണിയിലായ വീടുകൾ - 2849