cheruthoni-kid
അച്ഛന്റെ ഒക്കത്തിരിന്ന് ചെറുതോണി പാലത്തിൽ എത്തിയ സൂരജ് ഫോട്ടോ- സുഭാഷ് കുമാരപുരം

അച്ഛന്റെ കൈ പിടിച്ച് ചെറുതോണിപ്പാലത്തിലൂടെ വരികയാണ് തക്കുടു . ടൗണിൽ അരിപൊടിച്ചു വാങ്ങാനിറങ്ങിയതാണ് വിജയദാസ് .ഒപ്പം മൂന്നു വയസുകാരൻ മകനും.

കുറച്ചു നേരം നടന്നപ്പോൾ അച്ഛന്റെ തോളത്ത് കയറണമെന്നായി അവന്.

നാട്ടുകാർ തക്കുടുവെന്നാണ് വിളിക്കുന്നതെങ്കിലും ശരിക്കുള്ള പേര് സൂരജ് .

മലയാള നാടിനെ മുക്കിയ മഹാപ്രളയത്തെ ഓർക്കുമ്പോഴെല്ലാം ഓർമ്മ വരുന്ന ദൃശ്യങ്ങളിൽ ഒന്ന് ഒരു ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥൻ കുഞ്ഞിനേയും എടുത്ത് കുത്തൊഴുക്ക് മുക്കിക്കൊണ്ടിരിക്കുന്ന ചെറുതോണി പാലത്തിലൂടെ ഓടുന്ന ദൃശ്യമാണ്.

അന്നത്തെ ആ കുഞ്ഞാണ് സൂരജ്. പിന്നാലെ ഓടിയവരിൽ ഒരാൾ സൂരജിന്റെ അച്ഛൻ വിജയദാസ്.

കഴിഞ്ഞ കർക്കിടകത്തിൽ കരയെടുത്ത് അലറിയൊഴുകിയ ചെറുതോണിപ്പുഴ ഇപ്പോൾ ചെറുചാലുകൾ മാത്രമായി.അന്ന് പുഴ ഒഴുകിയെ വഴികളില്ലെല്ലാം കൂറ്റൻ കല്ലുകൾ പൊങ്ങി നിൽക്കുന്നു.

​ ആ ദിനങ്ങൾ ഓർക്കുമ്പോൾ വിജയദാസിന്റെ കണ്ണുകളിൽ ഇപ്പോഴും ഭയം. ആഗസ്റ്റ് 10നായിരുന്നു സംഭവം. 'ദേ ആവിടെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന വീട്'. അങ്ങോട്ടു നോക്കിയപ്പോൾ മണ്ണിടിഞ്ഞ് കിടിക്കുന്നതു മാത്രം കാണാം. 'വീടൊക്കെ ഒലിച്ചു പോയി'- വിജയദാസ് പറയുന്നു.

'ആഗസ്റ്റ് എട്ടായപ്പോൾ തന്നെ കുഞ്ഞിന് കടുത്ത പനിയും ചുമയും ഉണ്ടായിരുന്നു. ഡാമിന്റെ ഓരോ ഷട്ടറായി തുറന്നപ്പോൾ ഞങ്ങളോടു വീടുവിട്ടു പോകാൻ പറഞ്ഞു. പിന്നെ ബന്ധുവീട്ടിലായിരുന്നു . ആഗസ്റ്റ് പത്തായപ്പോഴേക്കും കുഞ്ഞിനു പനികൂടി. അഞ്ച് ഷട്ടറും തുറന്നുവെന്നാണ് അറിഞ്ഞത്..പാലം എപ്പോൾ വേണമെങ്കിലും തകരുമെന്നെും പറഞ്ഞു കേട്ടു. വിവരം കളക്ടറെ അറിയിച്ചു. ഹിന്ദി സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ എത്തി അവനെ വാരിയെടുത്ത് ഒരു കുടയും പിടിച്ച് ഒരോട്ടമായിരുന്നു. ഞാനും കൂടെ ഓടി. കുഞ്ഞിനെ ഇക്കരെ എത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ അപ്രോച്ച് റോഡ് തകർന്നു വീണു. ഇങ്ങേക്കരയിലെ ബസ് സ്റ്റാന്റും അടുത്തുള്ള നാലു നില കെട്ടിടവും ഓർമ്മയായി.

#കുഞ്ഞിനെ രക്ഷിച്ചത് കനയ്യകുമാർ.

മുങ്ങി അപകടനിലയിലായ പാലത്തിലൂടെ അക്കരെ എത്തി കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ദുരന്തനിവാരണ സേനാ അംഗവും ബീഹാർ സ്വദേശിയുമായ കനയ്യകുമാറായിരുന്നു. ഇൗ സംഭവത്തോടെ കനയ്യകുമാർ ഹീറോ ആയി.

# കിട്ടിയത് 5,000 മാത്രം

ആകയുണ്ടായിരുന്ന കിടപ്പാടം ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടിട്ടും സർക്കാരിൽ നിന്നും ലഭിച്ചത് അയ്യായിരം രൂപ മാത്രമാണെന്ന് വിജയദാസ് പറഞ്ഞു. പല അപേക്ഷകളും നൽകി ഫലമുണ്ടായില്ല. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.

#അത്ഭുത പാലം

ചെറുതോണിപാലം ഇന്നൊരു അത്ഭുത പാലമാണ്. നാടുമൊത്തം ഇളകിമറിഞ്ഞിട്ടും പാലം കുലുങ്ങിയിട്ടില്ല.കനേഡിയൻ എൻജിനീയറിംഗ് വൈദഗ്ധ്യത്തിൽ 1960കളിൽ ഇടുക്കി ആർച്ച് ഡാമിന്റെ നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമ്മിച്ച ഈ പാലം സെക്കൻഡിൽ 16 ദശലക്ഷം ലിറ്റർ വെള്ളം കുത്തിയൊഴുകിയെത്തിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ ചെറുത്തുനിന്നു. ഇപ്പോഴും അതേ പാലത്തിലൂടെ തന്നെയാണ് ഗതാഗതം.