chenkal-temple

പാറശാല: കർക്കടകവാവ് പ്രമാണിച്ച് ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര ആറാട്ട് കടവായ നെയ്യാറിലെ കാഞ്ഞിരംമൂട് കടവിൽ തയ്യാറാക്കിയ ബലി മണ്ഡപത്തിൽ ആയിരക്കണക്കിന്‌ ഭക്തർ ബലിതർപ്പണം നടത്തി. ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ പുരോഹിതന്മാർ കാർമ്മികത്വം വഹിച്ചു. രാവിലെ ക്ഷേത്ര മേൽശാന്തി കുമാർ മാഹേശ്വരത്തിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളെ തുടർന്നാണ് ബലിതർപ്പണ കർമ്മങ്ങൾ ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, ഫയർഫോഴ്‌സ്, എന്നിവയുടെയും ആരോഗ്യ മേഖലകളിലെ പ്രവർത്തകരുടെ സേവനവും പ്രദേശത്ത് ഉറപ്പുവരുത്തിയിരുന്നു. കെ.ആൻസലൻ എം.എൽ.എ, വി.ആർ.സലൂജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്ത് ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ തുളസിദാസൻ നായർ, വി.കെ.ഹരികുമാർ,കെ.പി. മോഹനൻ എന്നിവർ നേതൃത്വം നൽകി.