തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് പ്രാബല്യത്തിൽ വന്നതോടെ സെസിനെ മറികടക്കാൻ വൻകിടക്കാർ ചില പഴുതുകൾ പ്രയോഗിക്കുമെന്ന് സൂചന. സംസ്ഥാനത്തിന് പുറത്തുള്ള വിലാസം കൊടുത്താൽ ഏതൊരാൾക്കും വിലകൂടുതലുള്ള വസ്തുക്കളുടെ സെസിൽ നിന്ന് രക്ഷപ്പെടാമെന്നതാണ് ഇതിലെ പ്രധാന പഴുത്. സെസ് വകയിൽ സംസ്ഥാന സർക്കാരിന് വരുമാനം കിട്ടാനുള്ള ഇടങ്ങളിലെല്ലാം ഈ രീതിയിലുള്ള സെസ് വെട്ടിപ്പിന് സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
വെട്ടിപ്പിനുള്ള രണ്ടാമത്തെ സാദ്ധ്യത ജി.എസ്. ടി രജിസ്ട്രേഷനുള്ളവർക്കാണ്. ബിസിനസ്സ് ടു ബിസിനസ്സ് എന്ന കാറ്രഗറിയെ സെസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതോടെ എത്ര വിലയുള്ള സാധനമായാലും വാങ്ങുന്ന ആൾ അന്തിമ ഉപഭോക്താവല്ല എന്ന നിലയിൽ എതെങ്കിലും ജി. എസ്. ടി രജിസ്ട്രേഷൻ നമ്പർ കാണിച്ചാൽ സെസ് നൽകേണ്ടി വരില്ല. വില കൂടിയ ഉല്പന്നങ്ങൾ വാങ്ങാൻ അന്യ സംസ്ഥാനത്ത് പോയാലും സെസിൽ നിന്ന് രക്ഷപ്പെടാം. ഇപ്പോൾ തന്നെ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർ കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളെ വ്യാപാരാവശ്യങ്ങൾക്ക് കൂടുതലായി ആശ്രയിക്കുന്നുണ്ട്. അധിക സെസ് വരുന്നതോടെ ഈ പ്രവണത കൂടും. നഷ്ടം കേരളത്തിലെ കച്ചവടക്കാർക്കായിരിക്കും. സെസിനെ മറികടക്കാൻ ഇവിടങ്ങളിൽ പോയി സാധനങ്ങൾ വാങ്ങാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കേരളത്തിലെ വ്യാപാരികൾ ഭയക്കുന്നു. ഇപ്പോൾ തന്നെ മംഗലാപുരം, കോയമ്പത്തൂർ, ഗുഡല്ലൂർ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വിലകൂടിയ പല ഉല്പന്നങ്ങളും മലയാളികൾ വാങ്ങിക്കുന്നത്.
അഞ്ചു ശതമാനത്തിൽ കൂടുതൽ ജി.എസ്. ടിയുളള (12%,18%,28 % ) ഉല്പന്നങ്ങളിലാണ് സെസ് എങ്കിലും മൂന്നു ശതമാനം നികുതിയുള്ള സ്വർണ്ണത്തിനും 0.25 ശതമാനം സെസ് നൽകണം. വില കൂടിയ ഉല്പന്നമായതിനാൽ ഈ നിരക്ക് നേരിയതാണെങ്കിലും സെസ് മൂലം വില കാര്യമായി കൂടും. സ്വർണത്തിന് പവന് 70 രൂപ വരെ അധികം നൽകേണ്ടിവരും. വിലക്കയറ്രം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് പുതിയ പ്രളയ സെസ് ഇരുട്ടടിയാകുമെന്നാണ് കരുതുന്നത്. സെസ് പിരിക്കാൻ നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് അത് മാറ്രിവയ്ക്കുകയായിരുന്നു. സെസ് ഇന്ന് തുടങ്ങിയതോടെ ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാത്തിനും വില കൂടും. അതേ സമയം അരി, ഉപ്പ്, പച്ചക്കറി, ഇന്ധനം എന്നിവയെയും 5 ശതമാനം ജി.എസ്. ടിയുള്ള ഉല്പന്നങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ഉല്പന്ന വിലയുടെ ഒരു ശതമാനമാണ് അധിക നികുതിയായി പിരിക്കുക. 12 ശതമാനം നികുതിയുള്ള ഉല്പന്നത്തിന് ഇനി 13 ശതമാനം നികുതി നൽകണം. കേന്ദ്രത്തിന് പതിവുപോലെ ആറ് ശതമാനവും സംസ്ഥാനത്തിന് 7 ശതമാനവും നികുതി ലഭിക്കും. രണ്ട് വർഷത്തേക്കാണ് സെസ് പിരിക്കുന്നത്. ഇതുവഴി രണ്ടു വർഷം കൊണ്ട് 1400 കോടി രൂപ ലഭിക്കും.