water-authority

 സാങ്കേതിക പരിജ്ഞാനമില്ലാത്തത് പ്രശ്നമെന്ന് ആക്ഷേപം

തിരുവനന്തപുരം: വാട്ടർ അതോറിട്ടി തലപ്പത്ത് ഐ.എ.എസുകാർ ഇനി വേണ്ടെന്ന എൻജിനിയർമാരുടെ ആവശ്യം വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും അംഗീകരിച്ചതോടെ, തീരുമാനം മുഖ്യമന്ത്രിയുടെ കോർട്ടിലേക്ക്.

സാങ്കേതിക പരിജ്ഞാനമില്ലാത്ത ഐ.എ.എസുകാർ പദ്ധതി നിർവഹണം വൈകിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. 2010 വരെ വാട്ടർ അതോറിട്ടിയിലെ മുതിർന്ന ചീഫ് എൻജിനിയറാണ് എം.ഡി സ്ഥാനത്തെത്തിയിരുന്നത്. എന്നാൽ സീനിയോറിട്ടിയെച്ചൊല്ലി എൻജിനിയർമാർ തമ്മിലടിച്ചതോടെയാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഐ.എ.എസുകാരെ നിയമിച്ചത്. ഇതോടെ മുതിർന്ന എൻജിനിയർമാർക്ക് എം.ഡിയാകാനുള്ള അവസരം നഷ്ടമായി.

മുമ്പ് എം.ഡിയുടെ അഭാവത്തിൽ ഏറ്റവും മുതിർന്ന ടെക്‌നിക്കൽ മെമ്പർക്കായിരുന്നു (ടി.എം) ദൈനം ദിന കാര്യങ്ങളുടെ ചുമതല. ഐ.എ.എസുകാർ എത്തിയതോടെ ടി.എമ്മിന്റെ അധികാരവും ചുരുങ്ങി. ഇതും പഴയരീതി കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് എൻജിനിയർമാരെ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി , ഐ.എ.എസുകാരനായ എം.ഡിക്ക് പദ്ധതി വിവരങ്ങൾ കൈമാറാൻ എൻജിനിയർമാർ വിസമ്മതിക്കുകയോ വൈകിക്കുകയോ ചെയ്യുന്നു. ആറ് ഐ.എ.എസുകാരാണ് ഇതുവരെ വാട്ടർ അതോറിട്ടി എം.ഡിമാരായത്. ഇവരിൽ അശോക്‌കുമാർ സിംഗും അജിത്ത് പാട്ടീലും സാങ്കേതിക പരിജ്ഞാനമുള്ളവരായിരുന്നു.

സർക്കാരിന് പ്രിയം

ഐ.എ.എസുകാരെ

അതേ സമയം, ഐ.എ.എസുകാരെ എം.ഡിയാക്കുന്നതിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന് അറിയുന്നു.. എൻജിനിയർമാരും കരാറുകാരും ഒത്തുകളിച്ച് യഥേഷ്‌ടം ബില്ലുകൾ മാറുന്നതും അഴിമതി നടത്തുന്നതും തടയുന്നതിന് ഐ.എ.എസുകാർക്ക് കഴിഞ്ഞെന്നാണ് സർക്കാരിന്റെ നിരീക്ഷണം.