ഇന്ത്യൻ ഭരണ സംവിധാനത്തെ താങ്ങിനിറുത്തേണ്ടത് എക്സിക്യുട്ടീവ്, ലെജിസ്ളേച്ചർ, ജുഡിഷ്യറി എന്നീ മൂന്ന് ബലവത്തായ തൂണുകളാണ്. ഇവ ചോർച്ചയില്ലാത്ത മൂന്ന് അറകളായിട്ടാണ് പ്രവർത്തിക്കേണ്ടത്. ചോർച്ച വരാനോ പരസ്പരം കൂടിക്കലരാനോ പാടില്ല. ഓരോരുത്തരും അവരവരിൽ നിക്ഷിപ്തമായിട്ടുള്ള ജോലികൾ പ്രത്യേകം പ്രത്യേകം നിർവഹിക്കണം. അതിൽ ജുഡിഷ്യറിയുടെ ജോലി നിക്ഷ്പക്ഷമായും, നീതിപൂർവമായും, സമയബന്ധിതമായും ജനങ്ങളിലേക്ക് നീതി എത്തിക്കുക എന്നതാണ്. നീതി അപ്രകാരം ജനങ്ങളിൽ എത്തിക്കുന്നതിനാവശ്യമാകും വിധം എക്സിക്യുട്ടീവ് ജോലി ചെയ്യുന്നുണ്ടോ എന്നും അവരുടെ പ്രവൃത്തികൾ ശരിയായ വിധത്തിൽ നടക്കുന്നുണ്ടോ എന്നും ജുഡിഷ്യറിക്കു തന്നെ പരിശോധിക്കാം. അതുപോലെതന്നെ ലെജിസ്ളേച്ചർ ഉണ്ടാക്കുന്ന ഏതെങ്കിലും നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണോ എന്ന് പരിശോധിക്കാനുള്ള ബാദ്ധ്യതയും ജുഡിഷ്യറിയുടേതാണ്.
ഏത് നിയമങ്ങൾ നിയമനിർമ്മാണ സഭകൾ പാസാക്കിയാലും അത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെങ്കിലോ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നതായിരുന്നാലോ ഭരണഘടനയുടെ ആർട്ടിക്കിൾ 13 (2) അനുസരിച്ച് അസാധുവായിരിക്കും. ആ കാര്യം പ്രഖ്യാപിക്കാനുള്ള അവകാശം ഭരണഘടനാ കോടതികൾക്കാണ്. ഇത് കൂടാതെ കീഴ്ക്കോടതികളുടെ നടപടികൾ അപ്പീലുകൾ മുഖാന്തരവും റിവിഷനുകൾ മുഖാന്തരവും പരിശോധിക്കാനും അതേപോലെ തന്നെ റിട്ട് അധികാരം ഉപയോഗിക്കാനുമുള്ള ചുമതല നിക്ഷിപ്തമായിരിക്കുന്നത് ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമാണ്. ഹൈക്കോടതികളിലെ ജഡ്ജിമാർക്ക് വളരെയേറെ ഉത്തരവാദിത്വങ്ങളാണുള്ളത്. നീതി നിർവഹിച്ചാൽ മാത്രം പോരാ നീതി നടത്തിയതായി ബോദ്ധ്യപ്പെടണം എന്ന അടിസ്ഥാന തത്വം നാം ഓർക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ ജഡ്ജിമാർ അവരുടെ പ്രവൃത്തികളിൽ പരിപൂർണ്ണമായും സംശുദ്ധി പുലർത്തേണ്ടതുണ്ട്. അവർക്ക് കേസുകളിലെ ഏതെങ്കിലും കക്ഷികളോട് പ്രത്യേക മമതയോ അടുപ്പമോ വൈരാഗ്യമോ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് സ്വന്തമായി താത്പര്യമുള്ള കേസുകളിൽ ആരും തന്നെ വിധികർത്താക്കളാകാൻ പാടില്ലെന്ന അടിസ്ഥാന തത്വം ഉണ്ടായിട്ടുള്ളത്. സ്വന്തം കാര്യങ്ങളിൽ മാത്രമല്ല സ്വതവേ വ്യക്തിതാത്പര്യമുള്ള യാതൊരു വിഷയങ്ങളിലും അവർ ജഡ്ജിമാരായിരിക്കാൻ പാടുള്ളതല്ല. ഇത്തരം അവസരങ്ങളിൽ ഇതിന് വിപരീതമായി പെരുമാറിയാൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തന്നെ ജനങ്ങൾക്ക് നഷ്ടപ്പെടും. നീതിന്യായ സംവിധാനത്തിന്റെ നിലനില്പുതന്നെ ജനങ്ങൾക്ക് അതിലുള്ള വിശ്വാസമാണ്. ചിലപ്പോഴെങ്കിലും ജഡ്ജിമാർ അഴിമതിക്കാരായി മാറിയ സംഭവങ്ങൾ നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായിരിക്കുന്ന ജസ്റ്റിസ് എസ്. എൻ. ശുക്ളയ്ക്കെതിരെ ഉണ്ടായിട്ടുള്ള ഈ അഴിമതി ആരോപണം. സുപ്രീംകോടതി നിയമിച്ച എൻക്വയറി കമ്മിറ്റി അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടെന്നും അദ്ദേഹം ജഡ്ജിയായി സർവീസിൽ തുടരാൻ അർഹനല്ലെന്നും കണ്ടെത്തിയതായാണ് മാദ്ധ്യമ വാർത്തകളിൽ നിന്നും മനസിലായിട്ടുള്ളത്. മാത്രമല്ല, എൻക്വയറി കമ്മിറ്റിയുടെ റിപ്പോർട്ട് വിലയിരുത്തിയാൽ അന്നത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നെ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു. ഒരു ഹൈക്കോടതി ജഡ്ജിയെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ സുപ്രീംകോടതിക്കോ ഇന്ത്യൻ ചീഫ് ജസ്റ്റിസിനോ അധികാരമില്ല. അതിനുള്ള ഏക പോംവഴി പാർലമെന്റിലൂടെയുള്ള ഇംപീച്ച്മെന്റ് നടപടി മാത്രമാണ്. അതുകൊണ്ടാണ് ഇന്ത്യൻ ചീഫ് ജസ്റ്റിസ് മറ്റു നിവൃത്തിയില്ലാതെ പ്രധാനമന്ത്രിയെ വിവരം ധരിപ്പിക്കേണ്ടിവന്നത്. ഇത്തരം അതീവ ഗുരുതര സാഹചര്യത്തിൽ പാർലമെന്റ് അന്ന് നിർബന്ധമായും ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമിടേണ്ടതായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഭരണസംവിധാനത്തിന് ഇത്തരത്തിലുള്ള കാര്യങ്ങൾക്കൊന്നും സമയം കിട്ടാറില്ല. അതിൽ ശ്രദ്ധയില്ലാത്തതാണ് പ്രധാന കാരണം. മാത്രമല്ല ഇത്തരത്തിൽ ആരോപണ വിധേയനായ ജഡ്ജിക്ക് ഭരണസംവിധാനത്തിലോ ആ സംവിധാനത്തെ ഉൾക്കൊള്ളുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ പിടിപാടുണ്ടായാൽ പലപ്പോഴും ഇത്തരം കത്തുകൾ അത് ചീഫ് ജസ്റ്റിസ് അയച്ചതായാലും ബോധപൂർവം മറക്കാൻ ഭരണകൂടം പലപ്പോഴും ശ്രമിക്കാറുണ്ട്. കാര്യമെന്തായാലും ശരി ഇക്കാര്യത്തിൽ പാർലമെന്റിന്റെ ഭാഗത്തുനിന്ന് ഒരു അലംഭാവമുണ്ടായിട്ടുണ്ടെന്നുള്ളത് വളരെ വ്യക്തമാണ്.
2017 അവസാനം മുതൽ ഈ ന്യായാധിപന് യാതൊരു ജുഡിഷ്യൽ ജോലികളും നൽകരുതെന്നുള്ള ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഉത്തരവനുസരിച്ച് അദ്ദേഹത്തിന് യാതൊരു ജുഡിഷ്യൽ ജോലികളും നൽകുന്നില്ല. തത്ഫലമായി ഒരു ജോലിയും ചെയ്യാതെയും, വിയർപ്പൊഴുക്കാതെയും, തലച്ചോർ പ്രവർത്തിപ്പിക്കാതെയും അദ്ദേഹം പൊതുഫണ്ടിൽ നിന്നുള്ള ശമ്പളം പറ്റിക്കൊണ്ടേയിരിക്കുന്നു.
അതിലുമൊക്കെ ഗൗരവമായ സംഭവ വികാസങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു ഹൈക്കോടതി ജഡ്ജിയുടെ മേൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഇന്ത്യൻ ചീഫ് ജസ്റ്റിസിന് അംഗീകാരം നൽകേണ്ട ഗതികേടുണ്ടായിരിക്കുന്നു. സാധാരണ ഗതിയിൽ ന്യായാധിപന്മാർക്കെതിരെ പലപ്പോഴും വെറുതേയെങ്കിലും ആരോപണങ്ങൾ ഉണ്ടായേക്കാം. അതിനു ധാരാളം കാരണങ്ങളുമുണ്ട് . അതുകൊണ്ട് തന്നെ ന്യായാധിപന്മാർക്കെതിരെയുള്ള ആരോപണങ്ങൾ വളരെ ശ്രദ്ധയോടെ പരിഗണിക്കേണ്ടതുണ്ട്. സുപ്രീംകോടതി തന്നെ ഇത്തരം ഘട്ടങ്ങളിൽ ഏത് വിധത്തിൽ പ്രവർത്തിക്കണമെന്നുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ ഇടണമെങ്കിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നുണ്ട്. ഇവിടെ ആരോപണ വിധേയനായ ജഡ്ജിയുടെ മേലുള്ള ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനാലാണ് ഇപ്പോഴത്തെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇത്തരമൊരു അനുവാദം സി.ബി.ഐക്ക് നൽകിയിരിക്കുന്നത്. തന്റെ മുമ്പാകെ വന്ന ഒരു കേസിലെ കക്ഷിയായ ഒരു മെഡിക്ക ൽ കോളേജിന് സുപ്രീംകോടതിയുടെ പോലും മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് പ്രവേശനം നടത്താൻ അനാവശ്യമായി കാലാവധി നീട്ടിനൽകി എന്നുള്ളതാണ് അദ്ദേഹത്തിനു മുമ്പാകെയുള്ള ആരോപണം. അതിൽതന്നെ സാമ്പത്തികമായ ആരോപണങ്ങളും അടങ്ങിയിരിക്കുന്നതായി മനസിലാക്കുന്നു. ഇത് വളരെ ദൗർഭാഗ്യകരമായ ഒരു സ്ഥിതിവിശേഷമാണ്.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ജുഡിഷ്യറിയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാർ ഒരിക്കലും സൃഷ്ടിക്കാൻ പാടുള്ളതല്ല. ജഡ്ജിമാരുടെ സമൂഹം ജുഡിഷ്യൽ സംവിധാനത്തിന്റെ നട്ടെല്ല് തന്നെയാണ്. അതിൽ ഒരിക്കലും ബലക്ഷയം സംഭവിക്കാൻ പാടുളളതല്ല. ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള പ്രാഥമിക ബാദ്ധ്യത ജഡ്ജിമാർക്ക് തന്നെയാണെന്ന് നിസംശയം പറയാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിലും പാർലമെന്റിന് അതിന്റെ അധികാരം ശരിയായി വിനിയോഗിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കേണ്ട ബാദ്ധ്യത ഭരണകൂടത്തിനുമുണ്ട് എന്നും മറന്നുപോകരുത്. ആ ഉത്തരവാദിത്വം അവർ മറക്കാതിരിക്കട്ടെ.
(ലേഖകൻ കേരള ഹൈക്കോടതി
ജഡ്ജിയായിരുന്നു )