cable-tv-operators

തിരുവനന്തപുരം: കേബിൾ ടി.വി മേഖലയിലെ ചെറുകിടക്കാരുടെ ശക്തി തെളിയിച്ച വമ്പിച്ച പ്രകടനത്തോടെ കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ(സി.ഒ.എ) സെക്രട്ടേറിയറ്റ് പടിക്കലെ ദ്വിദിന സത്യഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ഓപ്പറേറ്റർമാർ അണിനിരന്നു.

വൈദ്യുത പോസ്റ്റിന്റെ വാടക വർദ്ധന പിൻവലിക്കുക, ചെറുകിട കേബിൾ വ്യവസായത്തെ തകർക്കുന്ന കെ.എസ്.ഇ.ബി നിലപാട് തിരുത്തുക, പോസ്റ്റുകൾ സബ്സിഡി നിരക്കിൽ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സത്യഗ്രഹം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകൾക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകുന്ന സർക്കാർ ചെറുകിട കേബിൾ ശ്യംഖലയെ അവഗണിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. റിലയൻസ് പോലെയുള്ള വൻകിടക്കാരുടെ അടിമകളെപ്പോലെയാണ് സർക്കാരിന്റെ പെരുമാറ്റം. ചെറുകിട കേബിൾ മേഖലയെ രക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.അസോസിയേഷൻ പ്രസിഡന്റ് കെ.വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.രാജൻ, ട്രഷറർ അബൂബക്കർ സിദ്ദിഖ്, പ്രവീൺമോഹൻ, കെ.ഗോവിന്ദൻ, രാജ്‌മോഹൻ, വിനുശിവദാസ്, ജ്യോതികുമാർ തുടങ്ങിയവർ സംസാരിച്ചു.

തിരഞ്ഞെടുപ്പ് വാഗ്ദാനം

എൽ.ഡി.എഫ് ലംഘിച്ചെന്ന്

കുറഞ്ഞ നിരക്കിൽ വൈദ്യുത പോസ്റ്റുകൾ അനുവദിക്കാമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം എൽ.ഡി.എഫ് സർക്കാർ പാലിക്കുന്നില്ലെന്ന് കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

വാടക വർദ്ധിപ്പിച്ചും ചാർജുകൾ ഈടാക്കിയും വ്യവസായത്തെ തകർക്കുന്നു. 1997ൽ പോസ്റ്റൊന്നിന് 17 രൂപയായിരുന്ന വാടക ഇപ്പോൾ 430 രൂപയാണ് . ട്രായുടെ താരിഫ് ഓർഡർ നിലവിൽ വന്നതോടെ കേബിൾ വ്യവസായത്തിന്റെ നിലനിൽപ്പ് അപകടത്തിലാണ്. കുത്തക കമ്പനികൾക്ക് യഥേഷ്ടം വൈദ്യുത പോസ്റ്റുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന സർക്കാർ ,ചെറുകിടക്കാരെ അവഗണിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.