തിരുവനന്തപുരം : സുബ്രതോ കപ്പ് ഫുട്ബാളിൽ പങ്കെടുക്കാനുള്ള യോഗ്യതാ മത്സരം വെട്ടിക്കുറച്ച സ്‌പോർട്‌സ് വകുപ്പിന്റെ നടപടിക്കെതിരെ എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് സാക്ഷിയായത് പുത്തൻ സമരമുറയ്‌ക്ക്. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ ബാനറിന് മുന്നിലായി ഫുട്ബാൾ കളിച്ചാണ് വിദ്യാർത്ഥികൾ സെക്രട്ടേറിയ​റ്റിന് മുന്നിലെത്തിയത്. സെക്രട്ടേറിയ​റ്റിന് മുന്നിലും ഫുട്ബാൾ കളിച്ച് പ്രതിഷേധിച്ചത് യാത്രക്കാർക്ക് കൗതുകമുണർത്തി. സുബ്രതോ ടൂർണമെന്റിൽ നിന്നൊഴിവാക്കിയ സർക്കാർ നടപടി ന്യായീകരിക്കാനാകില്ലെന്നു വിദ്യാർത്ഥികൾ പറഞ്ഞു. മാർച്ച് മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴവൂർ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി നവാസ്, ഷബീർ കോട്ടയം, ഷഫീക്ക് വഴിമുക്ക്, ആര്യനാട് നൗഫൽ, അംജിത് കൊല്ലം, അയൂബ് കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.