red-102

മുന്നിൽ, ഒരു അദൃശ്യഭിത്തിയിൽ ചെന്നു മുട്ടിയതുപോലെ നിന്നുപോയി ചുങ്കത്തറ വേലായുധപ്പണിക്കർ.

അയാൾക്കു പിന്നിൽ പ്രജീഷും ചന്ദ്രകലയും പരുന്ത് റഷീദും അണലി അക്ബ‌റും.

എല്ലാവരുടെയും നോട്ടം ഒരൊറ്റ ബിന്ദുവിൽ തറഞ്ഞിരിക്കുകയാണ്.

അത് അകവരാന്തയിൽ കിടന്നിരുന്ന കസേരയിലായിരുന്നു.

ഇപ്പോൾ ആ കസേര കത്തിയെരിയുകയാണ്. അതിൽ ഇരുന്ന പണിക്കരുടെ സഞ്ചിയും!

''പണിക്കരു ചേട്ടാ...."

അണലി എന്തോ ചോദിക്കുവാൻ ഭാവിച്ചു.

പക്ഷേ പണിക്കർ കൈ ഉയർത്തി.

''ഒക്കെ പൊയ്‌ക്കോട്ടെ... എന്റെ ഗ്രന്ഥങ്ങളും കവടിയുമടക്കം. തീയിട്ടതാ.... ഞാൻ ഇവിടെ ഒന്നും ചെയ്യരുതെന്ന് ആഗ്രഹിച്ചവർ."

പ്രജീഷും ചന്ദ്രകലയും മുഖാമുഖം നോക്കി. ഇരുവരിലും ഒരു വിളർച്ച ബാധിച്ചു.

ചുവടുകൾ അളന്നു വയ്ക്കുന്നതു പോലെ വേലായുധപ്പണിക്കർ കത്തിയെരിയുന്ന തന്റെ സഞ്ചിക്കുള്ളിലേക്കു ചെന്നു..

കവിടികൾ കരിയുന്നതിന്റെ വല്ലാത്തൊരു ഗന്ധം.

പണിക്കർ ചുറ്റും നോക്കി.

സന്ധ്യയുടെ നേർത്ത കറുപ്പല്ലാതെ ഒന്നുമില്ല.

അവ്യക്തമായ ഒരു ഭീതി അയാളെയും പൊതിഞ്ഞു. പക്ഷേ പുറത്തു കാണിച്ചില്ല.

''കാര്യങ്ങളൊക്കെ എനിക്കു മനസ്സിലായി. ഞാനിപ്പോൾ പോകുകയാ..."

പണിക്കർ, ചന്ദ്രകലയോടു പറഞ്ഞു.

''എന്നാൽ നാളെ വീണ്ടും വരും. അർദ്ധരാത്രിയിൽ ഹോമം... ഉച്ചാടനം. എല്ലാം നടന്നിരിക്കും. ഇവിടെയുള്ള ആത്മാക്കളെ ആണിയിൽ ആവാഹിച്ച് ഞാൻ കാഞ്ഞിരത്തടിയിൽ തറയ്ക്കും."

അയാൾ തിരിഞ്ഞു.

''വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇവരുടെ കൈവശം കൊടുത്തുവിടാം. എല്ലാം നാളെത്തന്നെ വാങ്ങണം."

''ശരി പണിക്കരു ചേട്ടാ..."

പ്രജീഷും ചന്ദ്രകലയും അയാളെ തൊഴുതു.

പ്രജീഷ് പെട്ടെന്നു പോയി കുറച്ചു രൂപ എടുത്തുകൊണ്ടുവന്നു.

''ഇതിരിക്കട്ടെ."

പണിക്കർ അത് വാങ്ങി മടിക്കുത്തിൽ വച്ചു.

പിന്നെ പരുന്തു റഷീദിനും അണലി അക്‌ബർക്കും ഒപ്പം പോയി.

കരിയുന്ന കവടിയുടെ ഗന്ധം അപ്പോഴും കോവിലകത്ത് തങ്ങിനിന്നിരുന്നു....

****** *******

അടുത്ത ദിവസം പ്രഭാതത്തിൽ നിലമ്പൂരിനെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നു.

അനന്തഭദ്രൻ മരിച്ചു...!

ബലഭദ്രനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി....

അയാളുടെ നിലയും ക്രിട്ടിക്കലാണ്!

അനന്തഭദ്രൻ മരിച്ചത് പോലീസിന്റെ ക്രൂര പീഡനം മൂലം!

ഉരുട്ടിക്കൊല....

ശ്രീനിവാസ കിടാവ് ഉള്ളിൽ ചിരിച്ചു.

പക്ഷേ സ്വന്തം പാർട്ടിയിൽ പെട്ടവരെപ്പോലും തനിക്കൊപ്പം നിർത്താൻ അയാൾക്കു കഴിഞ്ഞില്ല.

തമ്പുരാക്കന്മാരുടെ പ്രഭാവം അയാൾ തിരിച്ചറിയുന്നത് അന്നാണ്!

ആദിവാസികൾ അടക്കം സമൂഹത്തിൽ താഴേ തട്ടിലുള്ളവർ റോഡിൽ ഇറങ്ങി.

ജനറൽ ഹോസ്പിറ്റലിനു മുന്നിൽ ജനപ്രളയം.

അവരെ നിയന്ത്രിക്കാനെത്തിയ പോലീസിനും കേട്ടു പൂരാ തെറി.

''നീയൊക്കെ ആരാടാ ഞങ്ങളെ തടയാൻ? ഞങ്ങടെ തമ്പുരാനെ ഉരുട്ടി കൊന്നിട്ട് ഇപ്പം വന്നിരിക്കുന്നോ?"

ജനം ആക്രോശിച്ചു.

പോലീസുകാർക്ക് ബോദ്ധ്യമായി, തങ്ങൾ വെടിമരുന്നിനു നടുവിലാണ്. ഏത് നിമിഷവും ആളിപ്പടരാവുന്ന വെടിമരുന്നാണ് ഈ ജനങ്ങൾ...

അവർ മെസേജ് നൽകിയത് അനുസരിച്ച് കൂടുതൽ പോലീസ് എത്തിച്ചേർന്നു.

താൻ ഈ സമയത്ത് അവിടെ ഉണ്ടാകണമെന്ന് എം.എൽ.എ ശ്രീനിവാസ കിടാവിന്റെ രാഷ്ട്രീയ തലച്ചോർ മന്ത്രിച്ചു.

അയാൾ അനുജൻ ശേഖരകിടാവിനെയും കൂട്ടി ആശുപത്രിയിലേക്കു പുറപ്പെട്ടു.

അവിടെയെത്തിയപ്പോൾ പോലീസ് അയാൾക്ക് കവചമൊരുക്കി. ആളുകളെ ഇരുവശത്തേക്കും മാറ്റി കാറിനു പോകാനുള്ള വഴികൊടുത്തു.

കാർ പതുക്കെ മുന്നോട്ടുനീങ്ങുമ്പോൾ കിടാവിനു വിരുദ്ധമായ മുദ്രാവാക്യങ്ങൾ ഉയർന്നു തുടങ്ങി.

''തമ്പുരാനെ ഉരുട്ടിച്ചതിനു പിന്നിൽ അയാളാ... അയാളെ വിടരുത്."

ജനക്കൂട്ടത്തിനിടയിൽ ആരോ അലറി. ആ ശബ്ദം തിരമാല പോലെ ഇരമ്പി...

ജനങ്ങൾ മുന്നോട്ടു തള്ളിയടുത്തു. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് കാറിൽ അടിച്ചു.

പക്ഷേ ബൻസ് കാർ ആയതിനാൽ ഗ്ളാസ് പൊട്ടുകയോ വേറെ ക്ഷതമേൽക്കുകയോ ഉണ്ടായില്ല.

പോലീസ്, ജനങ്ങളെ ഷീൽഡു കൊണ്ട് തള്ളിയകറ്റി.

''സാർ.... കാർ മുന്നോട്ടുപോകില്ല....

ഒരു പോലീസ് ഓഫീസർ അറിയിച്ചു. ഫോണിലൂടെയാണ് അയാൾ തൊട്ടടുത്തായിരുന്നിട്ടും എം.എൽ.എയോട് സംസാരിച്ചത്.

കാരണം കാറിന്റെ ഗ്ളാസുകൾ ഉയർത്തിയിരിക്കുകയാണ്. താഴ്‌ത്തിയാൽ എന്തുണ്ടാകുമെന്നു പ്രവചിക്ക വയ്യ.

എടോ ഞാൻ ഒരു ജനപ്രതിനിധിയാണ്. ഇവിടുത്തെ എം.എൽ.എയും. എനിക്ക് സ്വതന്ത്രമായി ഇവിടെ സഞ്ചരിക്കാൻ പറ്റില്ലെന്നു വന്നാൽ സാധാരണക്കാരന്റെ അവസ്ഥയെന്താ?" കിടാവ് ഫോണിലൂടെ ചീറി.

സാധാരണക്കാർക്ക് ഇവിടെ ഒരു കുഴപ്പവമില്ല സാർ. അവരാണ് സാറിനെ പ്രതിരോധിക്കുന്നത്."

പോലീസ് ഓഫീസർ പറഞ്ഞു.

''എങ്കിൽ ആരാ എന്നെ തടയുന്നത് എന്നൊന്നു കാണട്ടെ."

പറഞ്ഞതും കിടാവ് ഡോർ തുറന്നിറങ്ങി. മറ്റു ഭാഗത്തുകൂടി അനുജൻ ശേഖരനും.

ആക്രോശിച്ചുകൊണ്ട് ജനം മുന്നോട്ടടുത്തു. അക്കൂട്ടത്തിൽ ഒരാൾ ഉണ്ടായിരുന്നു. മുഷിഞ്ഞ വേഷം ധരിച്ച ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാൻ പറ്റാത്ത ഒരാൾ!

(തുടരും)