semi-high-speed-rail

തിരുവനന്തപുരം:തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് കാസർകോട്ടേക്ക് നാല് മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി 1,226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് ഫ്രഞ്ച് എൻജിനിയറിംഗ് ഏജൻസിയായ സിസ്ട്ര തയ്യാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നു.

പത്ത് സ്റ്റേഷനുകളും നിർമ്മിക്കേണ്ടി വരും. പദ്ധതിക്ക് 55,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും പൂർത്തിയാകുമ്പോൾ 65,000 കോടി വരെ ആയേക്കാം. ഭൂമിയേറ്റെടുക്കൽ പൊള്ളുന്ന വിഷയമായതിനാൽ ഇന്നലെ റിപ്പോർട്ട് പരിഗണിച്ച മന്ത്രിസഭായോഗം വിശദമായ പരിശോധനയ്‌ക്കായി മാറ്റിവച്ചു. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രിമാർക്കായി പദ്ധതിയുടെ വിശദാംശങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ നടത്തും. ഗതാഗത സെക്രട്ടറി, സംസ്ഥാന റെയിൽവികസന കോർപ്പറേഷൻ എം.ഡി എന്നിവരെയും ഈ യോഗത്തിലേക്ക് വിളിക്കും. എല്ലാ വശങ്ങളും പരിശോധിച്ചാകും റെയിൽപാതയുടെ അലൈൻമെന്റിന് അനുമതി നൽകുക.

തെക്കൻ ജില്ലകളിൽ പുതുതായി നിർമ്മിക്കുന്ന ഗ്രീൻഫീൽഡ് പാതയിലൂടെയാവും ഹൈ സ്‌പീഡ് ട്രെയിൻ ഓടുകയെന്നാണ് സിസ്ട്രയുടെ റിപ്പോർട്ടിൽ പറയുന്നത്. തിരൂർ മുതൽ കാസർകോട് വരെ നിലവിലുള്ള പാതയ്‌ക്ക് സമാന്തരമായി പുതിയ പാത നിർമ്മിക്കും.

പത്ത് ആധുനിക സ്റ്റേഷനുകൾ

കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പ്. ഇവിടങ്ങളിലെല്ലാം പുതിയ സ്റ്റേഷൻ നിർമ്മിക്കണം.

ലിഫ്റ്റും എക്‌സകലേറ്ററും സഹിതം ആധുനിക സ്റ്റേഷനുകളായിരിക്കും

പാതയുടെ നീളം 531.45 കിലോമീറ്റർ

രണ്ടര കിലോമീറ്റർ തുരങ്കങ്ങൾ

12 കിലോമീറ്റർ പാലങ്ങൾ

തിരുവനന്തപുരത്തും കാസർകോട്ടും മെയിന്റനൻസ് ഡിപ്പോ.

അതിവേഗ ട്രെയിനിന് ഒമ്പത് കോച്ചുകൾ .