secretariat

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് 90 ദിവസത്തിനകം ഫയൽ തീർപ്പാക്കാനുള്ള തീവ്രയജ്ഞത്തിന് ഇന്നലെ തുടക്കമായി. ആദ്യദിവസം ഒരു ഫയലും തീർപ്പാക്കിയില്ല. പകരം കെട്ടിക്കിടക്കുന്ന ഒന്നേകാൽ ലക്ഷത്തിലധികം വരുന്ന ഫയലുകളുടെ തരംതിരിക്കലിന് തുടക്കമിട്ടു. ഒക്ടോബർ 31നകം ഫയലുകളെല്ലാം തീർപ്പാക്കി വിടുമെന്നാണ് പ്രഖ്യാപനം.

ഫയലുകൾ തരംതിരിക്കുന്നതിന് പൊതുഭരണവകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി എല്ലാ വകുപ്പിനും വിതരണം ചെയ്തു. ഇതനുസരിച്ച് ഫയലുകളുടെ സീരിയൽ നമ്പർ,​ ഫയലിന്റെ പേര്,​ വിഷയം,​ എന്നുമുതൽ തീർപ്പാകാതെ കിടക്കുന്നു,​ തീർപ്പാകാത്തതിന്റെ കാരണം എന്നീ അഞ്ച് കാര്യങ്ങൾ കണക്കിലെടുത്താണ് തരംതിരിക്കേണ്ടത്. തരംതിരിക്കലിന് രണ്ടുദിവസമാണ് നൽകിയിരിക്കുന്നത്. ഇന്നത്തോടെ ഇൗ പരിപാടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഒരു വകുപ്പിന് കീഴിൽ നാലോ അഞ്ചോ സെക്‌ഷനുകളുണ്ടാകും. അങ്ങനെയുള്ള സെക്‌ഷനുകളിലെ ഫയലുകൾ തരംതിരിച്ച ശേഷം അവയുടെ പട്ടിക വകുപ്പിലെ മിസലേനിയസ് എന്ന പൊതുവിഭാഗത്തിൽ നൽകും. അവിടെയുള്ള ഉദ്യോഗസ്ഥരാണ് ഫയലുകളിൽ തുടർനടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് നിർദ്ദേശം നൽകുന്നത്. റിപ്പോർട്ട് നൽകേണ്ട ഫയലുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അത് എത്രയും വേഗം നൽകാനും നിർദ്ദേശിക്കും. അതേസമയം,​ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട ഫയലുകളിൽ ചട്ടങ്ങൾ അനുസരിച്ച് മാത്രമെ നടപടികൾ സ്വീകരിക്കുകയുള്ളൂ. കേസ് സംബന്ധിച്ച ഫയലുകളുടെ കണക്ക് പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ജൂനിയർ സൂപ്രണ്ട് അല്ലെങ്കിൽ അഡിഷണൽ സെക്രട്ടറിയാണ് ഫയൽ തരംതിരിക്കലിന് മേൽനോട്ടം വഹിക്കുന്നത്.