സ്വകാര്യ മെഡിക്കൽ കോളേജിൽ വഴിവിട്ട് എം.ബി.ബി.എസ് പ്രവേശനത്തിന് സഹായിച്ചതിന്റെ പേരിൽ അലഹബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ എസ്.എൻ. ശുക്ളയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സി.ബി.ഐയെ അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ തീരുമാനം ജുഡിഷ്യറിയുടെ അന്തസിനും പരമാധികാരത്തിനും അത്യധികം ഇണങ്ങുന്നത് തന്നെയാണ്.
ഇതിനുമുമ്പ് സമാനമായ മറ്റൊരു കേസ് ഉണ്ടായിട്ടില്ലെന്നതിൽനിന്നുതന്നെ ഇതിലെ അസാധാരണത്വം വ്യക്തമാണ്. രാജ്യത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഇതുപോലെ അമ്പരപ്പുളവാക്കുന്നവയാണ്. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും വേരുകൾ എവിടംവരെ പടർന്നെത്തിയിരിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് സിറ്റിംഗ് ജഡ്ജി പ്രതിയാകാൻ പോകുന്ന അഴിമതികേസ്. കഴിഞ്ഞവർഷത്തെ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് ശുക്ളയ്ക്കെതിരെ ആരോപണം ഉയർന്നത്.
യു.പി അഡ്വക്കേറ്റ് ജനറലായിരുന്നു പരാതിക്കാരനായി എത്തിയത്. അതുകൊണ്ടുതന്നെ പരാതി ഉന്നതതലത്തിൽ അന്വേഷിക്കേണ്ട സാഹചര്യവുമുണ്ടായി. അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മൂന്നംഗ ജഡ്ജിമാരുടെ അന്വേഷണ സമിതി ശുക്ളയ്ക്കെതിരായ ആരോപണത്തിൽ പ്രഥമദൃഷ്ട്യാതന്നെ വേണ്ടുവോളം തെളിവുണ്ടെന്ന് കണ്ടെത്തി. പ്രശ്നം സുപ്രീം കോടതി മുൻപാകെയും എത്തി. ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു അന്ന് ചീഫ് ജസ്റ്റിസ്. രാജിവച്ചൊഴിയുകയോ സ്വയം വിരമിക്കലിന് അപേക്ഷ നൽകുകയോ ചെയ്യാൻ ജസ്റ്റിസ് ശുക്ളയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് ശുക്ളയെ കേസ് കേൾക്കുന്നതുൾപ്പെടെ കോടതി നടപടികളിൽ നിന്നെല്ലാം മാറ്റിനിറുത്താൻ സുപ്രീംകോടതി ഉത്തരവിടുകയാണുണ്ടായത്.
ജഡ്ജിയെന്ന നിലയിലുള്ള അധികാരങ്ങളെല്ലാം എടുത്തുമാറ്റിയിട്ടും ജസ്റ്റിസ് ശുക്ള ജഡ്ജിയെന്ന പദവിയുമായി സർവീസിൽ തുടരുകയാണ്. അഴിമതിയും ക്രമക്കേടും മുൻനിറുത്തി ശുക്ളയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. ചീഫ് ജസ്റ്റിസ് അക്കാര്യം ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്തും നൽകിയിരുന്നതാണ്. എന്നാൽ തുടർനടപടികളൊന്നും ഉണ്ടായില്ല. അതിനിടയിലാണ് ശുക്ളയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സി.ബി.ഐക്ക് അനുമതി നൽകി കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഗൊഗോയി ഉത്തരവിറക്കിയത്. കൂടുതൽ അപമാനിതനും അവഹേളിതനുമായി പുറത്തുപോകാനായിരിക്കും അദ്ദേഹത്തിന്റെ വിധി.
കോടികൾ കോഴയായി മറിയുന്ന മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രവേശനം അവസാനിപ്പിക്കാനുള്ള തീയതിയും നിശ്ചയിച്ചിട്ടുണ്ട്. ആരോപണവിധേയനായ ജസ്റ്റിസ് ശുക്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നും ലക്നൗവിലെ ജി.സി. ആർ.ജി മെഡിക്കൽ കോളേജിന് സമയപരിധി നീട്ടിനൽകിയ സംഭവമാണ് വിവാദമായിരിക്കുന്നത്. നേരത്തെ പുറപ്പെടുവിച്ച വിധി ഇതിനായി ശുക്ള ഉൾപ്പെട്ട ബെഞ്ച് തിരുത്തിയെന്നും ആരോപണമുണ്ട്.
വേണ്ടപ്പെട്ട കോളേജിനും കുട്ടികൾക്കുമായി പരമോന്നത കോടതിയുടെ വിധിന്യായത്തെപ്പോലും തള്ളി സ്വന്തം തീരുമാനം നടപ്പാക്കിയ ശുക്ളയെപ്പോലുള്ള ജഡ്ജിമാർ ജുഡിഷ്യറിക്ക് വരുത്തിവച്ച അവമതി കുറച്ചൊന്നുമല്ല. അഴിമതി കടന്നുചെല്ലാത്ത രാജ്യത്തെ ഏക ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഉന്നത കോടതികളെ ജനങ്ങൾ ഇപ്പോഴും ഭക്ത്യാദരപൂർവമാണ് കണ്ടുവരുന്നത്. ജനങ്ങൾ അർപ്പിച്ച ആ വിശ്വാസമാണ് ജുഡിഷ്യറിയുടെ ഏറ്റവും വലിയ കൈമുതൽ. നൂറുശതമാനവും നിഷ്പക്ഷവും സത്യസന്ധവുമായ തീരുമാനങ്ങളെ നീതിപീഠത്തിൽനിന്നുണ്ടാവൂ എന്നുകരുതുന്നവരാണ് ജനങ്ങളിൽ ബഹുഭൂരിപക്ഷവും. ജനങ്ങളുടെ ആ വിശ്വാസം കാത്തുരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെയാണ് നീതിപീഠങ്ങൾ പൗരസമൂഹത്തിന്റെ അവസാന ആശ്രയമാകുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടും അംഗീകരിക്കാൻ കൂട്ടാക്കാതെ എതിരിടലിന്റെ പാതയിലൂടെ പോകാനാണ് ജസ്റ്റിസ് ശുക്ള ആഗ്രഹിച്ചതെന്നു തോന്നുന്നു. ഇൗ നടപടിയിലൂടെ ജുഡിഷ്യറി എന്ന മഹാസ്ഥാപനത്തിന് താൻ വരുത്തിത്തീർത്ത കളങ്കം എത്രമാത്രമാണെന്ന് അദ്ദേഹം ഒാർക്കുന്നില്ല. മുൻപും ഉന്നത ജഡ്ജിമാരിൽ ചിലർക്കെതിരെ ആരോപണവും നടപടിയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഇമ്പീച്ച്മെന്റിന്റെ വക്കുവരെ എത്തിയ ജഡ്ജിമാരും ഉണ്ട്. എന്നാൽ അവരിലാർക്കും പ്രതിയായി അന്വേഷണ ഉദ്യാഗസ്ഥന്മാരുടെ മുന്നിലെത്തേണ്ടിവന്ന അപമാനകരമായ സ്ഥിതി ഉണ്ടായിട്ടില്ല.