തിരുവനന്തപുരം: എസ്.ഡി.പി.ഐയെ വളർത്തിയത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐക്കാരാണന്ന് എല്ലാവർക്കും അറിയാം. ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. അതുകൊണ്ടാണ് അവർ വീണ്ടും ആയുധം തേച്ചുമിനുക്കി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത് സി.പി.എമ്മാണ്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ എസ്.ഡി.പി.ഐക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. എല്ലാ തിരഞ്ഞെടുപ്പിലും എസ്.ഡി.പി.ഐയുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണയുണ്ടാക്കിയത് സി.പി.എം മാത്രമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫിനായിരുന്നു. തീവ്രവാദ സംഘടനകളുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്ലാക്കാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.