തിരുവനന്തപുരം: വായ്‌പാ മോറട്ടോറിയം സംബന്ധിച്ച പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി, ധനകാര്യ, റവന്യൂ വകുപ്പ് മന്ത്രിമാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികളും പങ്കെടുക്കും. മോറട്ടോറിയം നീട്ടാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്യും.കർഷകരെടുത്ത കാർഷിക, കാർഷികേതര വായ്‌പകൾക്കും വിദ്യാഭ്യാസ വായ്‌പകൾക്കും ജൂലായ് 31 വരെ പ്രഖ്യാപിച്ച മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന സർക്കാരിന്റെ ആവശ്യത്തോട് റിസർവ് ബാങ്ക് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് യോഗം. ബാങ്കേഴ്സ് സമിതി അംഗീകരിച്ചെങ്കിലും റിസർവ് ബാങ്കിന്റെ ഉത്തരവുള്ളതിനാൽ മോറട്ടോറിയം നീട്ടൽ നടപ്പാക്കാനാവില്ല. ഇത് മറികടക്കാനുള്ള പ്രത്യേക അനുമതിക്കായി എസ്.എൽ.ബി.സി നൽകിയ കത്തിനും മറുപടിയുണ്ടായില്ല. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസിനും മോറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവർണർ നരേന്ദ്ര ജയ്‌നിനും മുഖ്യമന്ത്രിയുടെ കത്ത് മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ട് നൽകിയതിനും മറുപടി കിട്ടിയില്ല. ഇതുസംബന്ധിച്ച ഫയൽ റിസർവ് ബാങ്ക് ഗവർണറുടെ മുന്നിലുള്ളതിനാൽ ആവശ്യമെങ്കിൽ അദ്ദേഹത്തെ വീണ്ടും കാണാനും സർക്കാർ ആലോചിക്കുന്നുണ്ട്.
അതിനിടെ പത്ത് ലക്ഷം വരെയുള്ള വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിനടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ മരവിപ്പിക്കാൻ കഴിയുമോ എന്നത് സംബന്ധിച്ച് മന്ത്രി സുനിൽകുമാർ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഈ വിജ്ഞാപനമനുസരിച്ചാണ് ബാങ്കുകൾ ജപ്‌തി സ്വീകരിക്കുന്നത്. അതിലെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മരവിപ്പിക്കാനാണ് ശ്രമിക്കുന്നത്.