കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാർത്ഥയുടെ അപ്രതീക്ഷിത മരണത്തിന്റെ യഥാർത്ഥ കാരണം ഇനിയും തിരിച്ചറിയേണ്ടതുണ്ടെങ്കിലും അദ്ദേഹം എഴുതിവച്ച കത്തിലെ ഉള്ളടക്കം വിശകലനം ചെയ്താൽ അത് ഒരു ആത്മഹത്യാകുറിപ്പിന്റെ സ്വഭാവത്തിലുള്ള കത്തു തന്നെയാണെന്ന് അനുമാനിക്കാം. അവസാന ഫോൺ കാളുകളിലും പലരോടും അദ്ദേഹം മാപ്പ് അപേക്ഷിച്ചിരുന്നതായും പത്ര വാർത്തകളിൽ പറയുന്നുമുണ്ട്.
കൃത്യമായ വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും പിടിയിലേക്ക് സിദ്ധാർത്ഥ കൂപ്പുകുത്തിയിരുന്നതായി മനസ്സിലാക്കാൻ പറ്റിയ തെളിവുകളാണ് ഇതൊക്കെയും. ചുറ്റുമുള്ളവരും അദ്ദേഹത്തെ അടുത്തറിയാവുന്നവരും അത് തിരിച്ചറിയാതെ പോയി എന്നതാണ് ദൗർഭാഗ്യകരം.
ഇത്തരം വിഷമവൃത്തങ്ങളിലൂടെ കടന്നുപോകുന്നവരുടെ നൈരാശ്യങ്ങളും സങ്കടങ്ങളും കേൾക്കാൻ, ചർച്ച ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് സംഭവിക്കുമായിരുന്നില്ല. കേരളീയ പശ്ചാത്തലത്തിൽ നോക്കുമ്പോൾ പല ആത്മഹത്യകളും ഇതേ ഛായയുള്ളതായി കാണും. ഓരോ ആത്മഹത്യകളുടെയും കാരണങ്ങൾക്ക് പലപ്പോഴും നമ്മൾ ഒരു പൊതുപരിവേഷം ചാർത്താറുണ്ട്. രാഷ്ട്രീയമായും ഉദ്യോഗസ്ഥപരമായും ഒക്കെയുള്ള കാരണങ്ങൾ ഉദാഹരണമായി നമ്മൾ മാറ്റാറുണ്ട്. കണ്ണൂരിൽ വ്യവസായി സാജന്റെ ആത്മഹത്യയും സമാന സ്വഭാവമുള്ളതാണ്. തന്റെ മുഴുവൻ സമ്പാദ്യവും മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്റർ പ്രവർത്തിക്കാതെ വന്നപ്പോൾ തീവ്രമായ വിഷാദത്തിലേക്കും നൈരാശ്യത്തിലേക്കും അയാൾ വീണു. അത് മരണത്തിലേക്ക് നയിക്കപ്പെടുമെന്ന സത്യം തിരിച്ചറിയാതെ പോയി. ഓരോ സംഭവങ്ങളും കഴിഞ്ഞ് അതിന്റെ കാരണങ്ങൾ തലനാരിഴ കീറി പരിശോധിക്കുന്നതിനു പകരം ഒപ്പമുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും അവർക്ക് ശക്തി പകരാനും നമുക്ക് കഴിയണം.
ഒരു വ്യക്തി തീവ്രമായ സംഘർഷത്തിലൂടെ കടന്നുപോകുമ്പോൾ സമൂഹത്തിന്റെ ഒരു പൊതുബോധം അതെന്തുകൊണ്ട് തിരിച്ചറിയാതെ പോയി എന്ന ചോദ്യം അവശേഷിക്കുകയാണ്. സാമ്പത്തിക ബാധ്യതകൾ മൂലം കഫേ കോഫിഡേ ഉടമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നുവെന്ന കാര്യം ഇപ്പോൾ പലരും തുറന്നു പറയുന്നുണ്ട്. ആത്മഹത്യ നടന്ന ശേഷം അതിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പോകുന്നതിനു പകരം നിലയില്ലാക്കയത്തിൽ നിൽക്കുമ്പോൾ ഒരു കൈ നൽകാൻ തയ്യാറായിരുന്നുവെങ്കിലോ, അത്തരത്തിലുള്ള ഒരു പൊതുബോധം ഇല്ലാതെ പോയി.
നമ്മുടെ നാട്ടിൽ നടക്കുന്ന പല കുടുംബ ആത്മഹത്യകളിലും (മുതിർന്നവർ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയും കുട്ടികളെ അതിനു വിധേയമാക്കുകയും ചെയ്യുന്നതിനാൽ ആത്മഹത്യ - കൊലപാതക സമുച്ചയമായിട്ടേ അത്തരം കുടുംബ ആത്മഹത്യകളെ വിശേഷിപ്പിക്കാനാവൂ). അവർ ഇത്തരമൊരു ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണെന്ന് അയൽക്കാരും മറ്റള്ളവരും അറിയുന്നത് ദുരന്തമുണ്ടായ ശേഷമാണ്.
സിദ്ധാർത്ഥയുടെ ആസ്തി അയാളുടെ കടം വീട്ടാൻ ഉതകുന്നതാണെന്ന് അടുപ്പമുള്ളവർ പറയുന്നു. പക്ഷേ, അതു തുറന്നു ചർച്ച ചെയ്യാൻ ആളുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു. "താങ്കളെ എത്രയോ വർഷമായി അറിയാം. ഇപ്പോൾ കടുത്ത സംഘർഷത്തിലാണോയെന്ന് " അടുപ്പമുള്ള ഒരു ചങ്ങാതി തുറന്നു ചോദിച്ചാൽ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞേക്കുമായിരുന്നു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഭാഗ്യവും നിർഭാഗ്യവുമൊക്കെ സംഭവിക്കും. മാളിക മുകളിലേറുമ്പോൾ നാളെ ഒരിക്കൽ മാറാപ്പും കേറാം എന്ന് പ്രതീക്ഷിച്ചാൽ അത് നേരിടാനുള്ള മനക്കരുത്ത് ലഭിക്കും. റിസ്ക് ഇല്ലാത്ത എന്തെങ്കിലുമുണ്ടോ? കൃഷി പോലും റിസ്കല്ലേ. ഒരു മഴ തെറ്റി വന്നാൽ വിതച്ചതെല്ലാം ഒലിച്ചുപോകും. സന്തോഷങ്ങൾ പോലെ മാറാപ്പു കേറലും ജീവിതത്തിന്റെ ഭാഗമാണ്. ഏത് അവസ്ഥയിലും നമ്മൾ ജീവിക്കും. ഏത് ദുർഘടാവസ്ഥയേയും നമ്മൾ തരണം ചെയ്യും എന്ന ചിന്ത വേണം.
നിങ്ങൾ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കുക എന്നതിനു സാന്ത്വനത്തിന്റെ ശക്തിയുണ്ട്. ഇരുട്ടിൽ നിൽക്കുമ്പോൾ അങ്ങനെയുള്ള സംസാരത്തിലൂടെ ജീവിതത്തിലേക്ക് പ്രകാശം കടന്നുവരും. വിശ്വസിക്കാവുന്ന ആളുകളോട് കാര്യങ്ങൾ തുറന്നു പറയുക തന്നെ വേണം.
ഇവിടെ പൊതുബോധത്തിനും പ്രസക്തിയുണ്ട്. ചുറ്റുമുള്ളവർ, ഒപ്പമുള്ളവർ വിഷാദത്തിലൂടെ കടന്നുപോകുമ്പോൾ അത് തിരിച്ചറിയാൻ കഴിയണം. സിദ്ധാർത്ഥയുടെയും സാജന്റേയും കാര്യത്തിലും അവർ വിഷാദത്തിലൂടെ കടന്നുപോവുകയായിരുന്നു.
പ്രകൃതി ദുരന്തം നിവാരണം ചെയ്യാൻ നമുക്ക് മാർഗങ്ങളുണ്ട്. വ്യക്തി ദുരന്തങ്ങൾ നിവാരണം ചെയ്യാനും കഴിയണം.സങ്കടങ്ങൾ കേൾക്കണം.
(പ്രശസ്ത മാനസികാരോഗ്യ
വിദഗ്ദ്ധനാണ് ലേഖകൻ)