photo

നെടുമങ്ങാട് : മേഖലയിൽ നെൽക്കൃഷി അന്യംനിന്നുപോകുന്നുവെന്ന് പരിതപിക്കുന്ന കർഷകരുടെ എണ്ണം മേഖലയിൽ വർദ്ധിക്കുകയാണ്.. അത്രത്തോളം നെൽക്കൃഷി ചുരുങ്ങയെന്നു വേണം അനുമാനിക്കാൻ..നിരവധി പ്രവർത്തനങ്ങൾ( നടക്കുന്നുണ്ടെങ്കിലും പലതും അതിന്റെ പൂർണതയിലെത്തുന്നില്ലായെന്നതാണ് കഷ്ടം.

എട്ട് കൃഷിഭവനുകളുടെ കീഴിലായി നെടുമങ്ങാട് അഗ്രിക്കൾച്ചർ അഡിഷണൽ ഡയറക്ടറുടെ പരിധിയിൽ ആകെ 10.50 ഏക്കർ നെൽകൃഷിയാണ് അവശേഷിക്കുന്നത്.ആറ് ഏക്കറിൽ കൃഷിയുള്ള വെമ്പായം പഞ്ചായത്താണ് മുന്നിൽ. നെടുമങ്ങാട് നഗരസഭയും ആനാട് പഞ്ചായത്തും ഒന്നര ഏക്കർ വീതം നെൽകൃഷി ചെയ്യുന്നുണ്ട്.പനവൂരിൽ ഒരേക്കറും. അരുവിക്കര,കരകുളം,വട്ടിയൂർക്കാവ്,കുടപ്പനക്കുന്ന് കൃഷിഭവനുകളിൽ പേരിനുപോലും നെൽകൃഷിയില്ലായെന്നതാണ് യാഥാർത്ഥ്യം. വാമനപുരം ബ്ലോക്കിന് കീഴിൽ നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിലാണ് ഇനി ഏക പ്രതീക്ഷ.

തീമത്തിയോസ്‌ എന്ന പാഠം

കൃഷി മടങ്ങി വരില്ലെന്ന് പരിതപിക്കുന്നവർക്ക് ഒരു പാഠമാണ് നഗരസഭയിലെ ചെല്ലാംകോട് തെള്ളിക്കുഴിനടയിൽ തീമത്തിയോസ്‌ എന്ന വയോധികൻ.നഗര പരിധിയിൽ ഇപ്പോൾ നെൽപ്പാടം കുറച്ചെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അതിനു പിന്നിൽ 65 കാരനായ ഈ കർഷകന്റെ കഠിനാദ്ധ്വാനമാണ്.സ്വന്തമായി മൂന്നര സെന്റ് സ്ഥലം മാത്രമുള്ള ഇദ്ദേഹം പാട്ടത്തിനെടുത്ത ഒരേക്കറിൽ നെൽക്കൃഷിയും പതിനഞ്ച് ഏക്കറിൽ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്.നികത്തിയ കൃഷി സ്ഥലങ്ങളും തരിശുപാടങ്ങളും കണ്ടെത്തി ഉടമസ്ഥരുടെ സഹായത്തോടെ നിലമൊരുക്കി കൃഷിയിറക്കുന്നതാണ് തീമത്തിയോസിന്റെ പ്രത്യേകത.നാല് പതിറ്റാണ്ടായി നെൽക്കൃഷി നിലച്ചുപോയ ചെല്ലാംകോട് ഏലായിൽ മൂന്നാം തവണയും കൃഷിയിറക്കി നൂറുമേനി കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം. ടൗണിൽ നിന്നാരംഭിച്ച് ചെല്ലാംകോട് വരെ നീളും ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങൾ.കാർഷിക കോളേജിലെ തൊഴിലാളിയായിരുന്ന അച്ഛൻ ജാനി നാടാരിൽ നിന്നാണ് നടീലും പരിപാലനവുമെല്ലാം പരിശീലിച്ചത്.അച്ഛന്റെ വിയോഗ ശേഷം കൃഷിപ്പണി ഏറ്റെടുത്ത തീമത്തിയോസിനൊപ്പം മക്കൾ മനു,മഞ്ചു,രഞ്ചു എന്നിവരും മരുമകൻ രാജേന്ദ്രനും സഹായികളായി ഒപ്പമുണ്ട്.

കൃഷിക്ക് സ്ഥലമില്ലാത്തത് പ്രതിസന്ധി

കരഭൂമിയായി മാറിയ കൃഷിയിടങ്ങൾ വീണ്ടും കൃഷി യോഗ്യമാക്കാൻ പലർക്കും മടിയാണെന്ന് തീമത്തിയോസ്‌ പറയുന്നു.കൃഷി ലാഭകരമല്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് ചോദ്യം.എന്നാൽ, തന്റെ അനുഭവത്തിൽ കൃഷി നഷ്ടക്കച്ചവടമല്ലെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.തനിക്ക് പാട്ടത്തിന് ഭൂമി നൽകിയ ആരും പിന്നീട് പിന്മാറിയിട്ടില്ല. പണ കോരിയ സ്ഥലങ്ങൾ നെൽകൃഷിക്ക് ഒരുക്കുന്നത് ചെലവേറിയതാണ്.ട്രാക്ടറിന്റെ സഹായം വേണ്ടിവരും. ഒരേക്കർ നെൽകൃഷിക്ക് കൃഷിഭവൻ മുപ്പതിനായിരം രൂപയാണ് നൽകുന്നത്.ഇതിൽ അയ്യായിരം രൂപ ഭൂവുടമയ്ക്കുള്ളതാണ്.കാലാവസ്ഥ മാറ്റവും വന്യജീവി ശല്യവും ഉണ്ടാകാതിരുന്നാൽ കൃഷി ലാഭകരമാവും.സഹകരണ ബാങ്കിൽ മൂന്നര സെന്റ് ഈടു നൽകി വായ്പയെടുത്ത ഒന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് പാട്ടക്കൃഷിയിൽ സജീവമായത്.കുലയ്ക്കാറായ നൂറുകണക്കിന് വാഴകൾ കാറ്റിൽ നശിച്ചത് തിരിച്ചടിയായി.മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി ഉദ്യോഗസ്ഥർ റിപ്പോർട്ട് നല്കിയെങ്കിലും ഒരു രൂപയുടെ സഹായം പോലും കൃഷിവകുപ്പ് ഇതേവരെ അനുവദിച്ചില്ല.മൂന്നര സെന്റ് സ്ഥലം ജപ്തിയുടെ വക്കിലാണ്.

*നെടുമങ്ങാട്ട് 8 കൃഷിഭവനുകൾ

44 ഇടത്ത് നെൽകൃഷി ഇല്ല

നഗരസഭയിലും ആനാട്ടും 1.50 ഏക്കറിൽ ഒതുങ്ങി

*നെൽകൃഷി സബ്‌സിഡി തുക - 30,000

ഇവിടങ്ങളിൽ നെൽകൃഷി അന്യം

------------------------------------------------

*അരുവിക്കര *കരകുളം *വട്ടിയൂർക്കാവ് *കുടപ്പനക്കുന്ന്

പ്രതികരണം
---------------
''കൃഷി ചെയ്യാൻ മുന്നോട്ടു വരുന്നവരെ പരമാവധി പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങൾ കൃഷി വ്യാപിപ്പിക്കാൻ പ്രത്യേകം പ്രോജക്ടുകൾ ആവിഷ്കരിച്ചിട്ടുണ്ട്.കൃഷിഭവനുകളുടെ പ്രവർത്തനം കാര്യമമാക്കാൻ ഇടപെടൽ നടത്തും. ഇതുസംബന്ധിച്ച് കൃഷി മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തീമത്തിയോസ് എന്ന കർഷകന്റെ വാഴകൃഷി പ്രകൃതിക്ഷോഭത്തിൽ നശിച്ചതാണ്.നഷ്ടപരിഹാരം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് "

--ആന്റണി റോസ് (അഗ്രിക്കൾച്ചർ അഡി.ഡയറക്ടർ,നെടുമങ്ങാട്)