വക്കം: നിലയ്ക്കാമുക്കിലെ പൊലീസ് ക്വാർട്ടേഴ്സും പരിസര പ്രദേശങ്ങളും സംസ്ഥാന സർക്കാർ സ്ഥാപനമായ മിൽകോ ഏറ്റെടുത്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കാൻ വേണ്ടിയാണ് സർക്കാരിന്റെ കൈവശമുള്ള ഒന്നര ഏക്കർ ഭൂമി ഏറ്റെടുത്തത്. പൊലീസ് ക്വാർട്ടേഴ്സും പരിസര പ്രദേശങ്ങളും കാടുപിടിച്ച് നശിക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട മിൽക്കോ ഭാരവാഹികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മിൽക്കോയ്ക്ക് ജൈവ പച്ചക്കറി കൃഷി ചെയ്യാൻ അനുവദിച്ചത്. ഉടനെ തന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പൊലീസ് ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കൽ ആരംഭിച്ചു. ഉടൻ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് മിൽകോ സെക്രട്ടറി അനിൽകുമാർ പറഞ്ഞു.
ഒന്നാം ഘട്ടത്തിൽ ഗ്രോബാഗ് ഉപയോഗിച്ചുള്ള ജൈവ പച്ചക്കറിയാണ് കൃഷി ചെയ്യുന്നത്. ഓണക്കാലത്തെ മുന്നിൽക്കണ്ട് അതിവേഗം വിളവെടുക്കുന്ന ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വർഷങ്ങളായി ഭൂമി തരിശ് കിടന്നത് കൊണ്ട് ഉഴുത് മറിച്ച് കൃഷി ഇറക്കുന്നത് ഉടനെ പ്രയോഗികമല്ലെന്നും അത്തരം കൃഷി രീതികൾ നടപ്പിലാക്കുന്നത് ഓണം കഴിഞ്ഞ ശേഷമേ ഉണ്ടാകൂ എന്നും സെക്രട്ടറി പറഞ്ഞു. ഒന്നാം ഘട്ട കൃഷിക്കായി വൃത്തിയാക്കിയ ക്വാർട്ടേഴ്സ് വളപ്പിൽ ഗ്രോബാഗ് നിറയ്ക്കുന്നതിനാവശ്യമായ സാധങ്ങൾ എത്തിക്കാനാണ് മിൽ കോയുടെ ആദ്യ നീക്കം ഒന്നാം ഘട്ടത്തിൽ അയ്യായിരത്തോളം ഗ്രോബാഗിൽ കൃഷി ഇറക്കാനാണ് ശ്രമം. ചീര, തക്കാളി, വെണ്ട, പടവലം, വെള്ളരി എന്നീ കൃഷികൾക്കാണ് മുൻഗണന. ജൈവ പച്ചക്കറിക്ക് ആവശ്യക്കാർ ഏറി വരുന്നതിനാൽ കൃഷി വ്യാപിപ്പിക്കാനും മിൽകോയ്ക്ക് പദ്ധതിയുണ്ട്. ഇതിനു പുറമേ വിവിധ ഇനം പച്ചക്കറികളുടെ തൈകളും തയ്യാറാക്കി ആവശ്യക്കാർക്ക് നൽകും. ഒപ്പം കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.