തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾക്ക് ബിവറേജസ് കോർപ്പറേഷൻ പുതുക്കി നിശ്ചയിച്ച വില ഇന്ന് നിലവിൽ വരും.
ജനപ്രിയ ബ്രാൻഡുകൾക്ക് വില വർദ്ധനയില്ല. എന്നാൽ പാവങ്ങളുടെ 'സ്കോച്ച് 'ആയ ജവാൻ റം ഒരു ലിറ്റർ കുപ്പിയുടെ വില 480 ൽ നിന്ന് 500 ആയി വർദ്ധിക്കും.ജവാൻ ത്രീ എക്സ് റം എന്ന പേരിലാണ് പുതിയ ബ്രാൻഡ്. ജവാന്റെ മറ്റിനങ്ങൾക്ക് വർദ്ധനയില്ല.മാർക്കറ്റിൽ അത്ര വില്പനയില്ലാത്ത ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെ കുറഞ്ഞിട്ടുമുണ്ട്. ബക്കാർഡി ക്ളാസിക് ബ്ളാക്ക് .ഫുൾബോട്ടിലിന് 1230 ൽ നിന്ന് 980 ആയി കുറഞ്ഞു.
'പഴയ വീഞ്ഞ് 'വില കൂട്ടി
പുതിയ കുപ്പിയിൽ
വിവിധ കമ്പനികൾ 400 ഓളം പുതിയ ബ്രാൻഡുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിലെ ബ്രാൻഡുകൾക്ക് ബിവറേജസ് കോർപ്പറേഷൻ വില വർദ്ധിപ്പിച്ചിട്ടില്ല. ഇതിനെ മറികടക്കാനാണ് 'പഴയ വീഞ്ഞ് പുതിയ കുപ്പിയി'ലാക്കിയത്.
മിക്ക ബിയർ ഇനങ്ങൾക്കും വിലയിൽ നേരിയ കുറവുണ്ട്.കിംഗ് ഫിഷർ അൾട്രാ മാക്സിമം പ്രിമിയം ബിയറിന്റെ വില 190 ൽ നിന്ന് 150 ആയും അൾട്രാ പ്രിമിയം 160 ൽ നിന്ന് 140 ആയും എസ്.എൻ.ജെ ടെൺ തൗസന്റ് സൂപ്പർ സ്ട്രോംഗിന് 90 ൽ നിന്ന് 80 ആയും കുറഞ്ഞു. വിദേശ നിർമ്മിത വിദേശ മദ്യങ്ങളുടെ വിലയിൽ മാറ്രമില്ല.