തിരുവനന്തപുരം: തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 446 രൂപയായി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ കുറഞ്ഞ വേതനം 178 രൂപയായി നിജപ്പെടുത്തി പുതിയ നിയമം പാസാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഇന്നു മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചതായി ഹിന്ദ് മസ്ദൂർസഭ സംസ്ഥാന സെക്രട്ടറി അഡ്വ. ജി. സുഗുണൻ പ്രസ്താവനയിൽ അറിയിച്ചു.
കേരളത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുമാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങി വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
രാജ്യത്തെ ഒരു തൊഴിലാളിയുടെ കുറഞ്ഞ പ്രതിമാസ വേതനം 4628 രൂപയാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ പ്രസ്താവിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് മോദി സർക്കാർ പ്രഖ്യാപിച്ച കുറഞ്ഞ ദിവസ വേതനത്തെക്കാൾ കേവലം 2 രൂപയുടെ വർദ്ധന മാത്രം. കഴിഞ്ഞ 2 വർഷം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന 30 ശതമാനത്തോളമാണെന്ന് അനൗദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയിട്ടുമുണ്ട്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റികളുടെ നിർദ്ദേശങ്ങളും, 15-ാം ഇന്ത്യൻ ലേബർ കോൺഫറൻസുകൾ കണക്കാക്കിയതനുസരിച്ചുള്ള വേതന നിർണയ മാനദണ്ഡവും, 25 ശതമാനം വർദ്ധനയെന്ന സുപ്രീംകോടതി വിധിയും കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ തീരുമാനം. കോർപറേറ്റുകൾക്ക് 400 കോടിയിലധികം രൂപയുടെ ഇളവുകൾ നല്കിയപ്പോഴാണ് പാവപ്പെട്ട തൊഴിലാളികളോട് മോദി സർക്കാരിന്റെ ഈ കിരാതമായ നിലപാടെന്നും സുഗുണൻ ആരോപിച്ചു.