തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രധാനപ്പെട്ട പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസങ്ങൾ നീക്കുക, നിശ്ചിത ഷെഡ്യൂൾ അനുസരിച്ച് പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല മാസ്റ്റർപ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യ സംസ്‌കരണ പ്ലാന്റുകൾ, ഇടമൺ - കൊച്ചി വൈദ്യുതിലൈൻ, ഗെയിൽ പൈപ്പ്ലൈൻ, കോവളം - ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതി യോഗം ചർച്ച ചെയ്തു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഏറക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത് ചർച്ച ചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാകും.
ശബരിമല മാസ്റ്റർപ്ലാനിൽ 63.5 ഏക്കർ ഭൂമിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ ആദ്യം തയ്യാറാക്കാനും നിർദ്ദേശിച്ചു. റോപ് വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.
കോവളം- ബേക്കൽ ജലപാതയിൽ ഒൻപത് റീച്ചിൽ പൂർണമായി ജലഗതാഗതയോഗ്യമല്ലാത്ത രണ്ട് റീച്ചുകളിൽ പ്രവർത്തനം വേഗത്തിലാക്കണം.
ലൈഫ് മിഷന്റെ ആദ്യഘട്ടത്തിൽ പ്രവൃത്തി പൂർത്തിയാക്കാനാകാത്ത ചുരുക്കം വീടുകൾ പ്രത്യേകമായി പരിശോധിക്കണം.
രണ്ടാം ഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീടു നിർമാണം 2019 ഓടെ പൂർത്തീകരിക്കണം. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള മൂന്നാം ഘട്ടവും സമയ ബന്ധിതമായി പൂർത്തീകരിക്കണം. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി. ജയരാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.കെ. ശൈലജ, വി.എസ്. സുനിൽകുമാർ, കെ. രാജു, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
85 കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കും
അടിമാലിയിൽ ഫ്ളാറ്റ് പൂർത്തിയായി 163 ഗുണഭോക്താക്കൾ താമസം ആരംഭിച്ചു. ഇവിടെ 47 ഫ്ളാറ്റുകൾ കൂടി ഒഴിവുണ്ട്. ഈ വർഷം 85 കെട്ടിട സമുച്ചയങ്ങളുടെ നിർമാണം സംസ്ഥാനത്ത് ആരംഭിക്കും. 1208 കോടി രൂപയാണ് നിർമാണ ചെലവ്.
ഓഖി പുനരധിവാസ പദ്ധതി
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കും. ഇതിനുള്ള സാങ്കേതിക വിദ്യ ഈ മാസം ഐ.എസ്.ആർ.ഒ കൈമാറും. സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നൽകേണ്ട വിഹിതം ആയിരം രൂപയായി കുറയ്ക്കും.