ആറ്റിങ്ങൽ: ശ്രീപാദം സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനകേന്ദ്രമാക്കാൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സ തേടിയതിനെത്തുടർന്നാണ് ബി. സത്യൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നത്. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സെക്രട്ടറി സഞ്ജയൻ കുമാർ, ജില്ലാ പ്രസിഡന്റ് സുധീർ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, സ്റ്റേഡിയത്തിലെ പരിശീലകർ, ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാദ്ധ്യമപ്രവർത്തകരെയും രക്ഷിതാക്കളെയും യോഗത്തിൽ നിന്നും മാറ്റിനിറുത്തി. എന്നാൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയല്ല, പകർച്ചവ്യാധിയാണെന്ന് ജീവനക്കാർ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കി.
യോഗ തീരുമാനങ്ങൾ
--------------------------------
ഹോസ്റ്റലും പരിസരവും കിണറും കുടിവെള്ളസംഭരണിയും ശുചീകരിക്കാനും കക്കൂസുകൾ വൃത്തിയാക്കാനും കൂടുതൽ കക്കൂസുകൾ നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു. സ്റ്റേഡിയത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ തിങ്കളാഴ്ച പുനരാരംഭിക്കും. സിന്തറ്റിക് ട്രാക്ക്, ഹൈജംപിനും ലോങ്ജംപിനുമുള്ള സംവിധാനം, ഇൻഡോർ സ്റ്റേഡിയം നവീകരണം എന്നിവയാണ് അടിയന്തരമായി പൂർത്തിയാക്കുക. ഓപ്പറേഷൻ ഒളിമ്പ്യ പദ്ധതിയുടെ ഭാഗമായി 30 കുട്ടികളെക്കൂടി ഹോസ്റ്റലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിൽ സ്ഥിരമായി വൈദ്യസഹായം ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്ന് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചതായി എം.എൽ.എ പറഞ്ഞു.